
മാഹി: പള്ളൂര്‍ ഗ്രാമത്തിയിലെ പെട്രോള്‍ പമ്പില്‍ നിന്നും വ്യാജനോട്ട് നല്‍കി ഡീസലടിച്ച് കടന്നുകളഞ്ഞ നാലംഗ സംഘത്തെ പള്ളൂര്‍ പോലീസ് അതിവേഗം പിടികൂടി. നാദാപുരം, വളയം സ്വദേശികളായ സായന്ത് (26), അക്ഷയ് (27), ഷിജിത്ത് (35), തൂണേരി സ്വദേശി രജിത്ത് (31) എന്നിവരാണ് അറസ്റ്റിലായത്.
രാത്രി പത്തുമണിയോടെ ഇന്നോവ കാറിലെത്തിയ സംഘം 600 രൂപയ്ക്ക് ഡീസല്‍ അടിക്കുകയും, അതില്‍ 500 രൂപയുടെ വ്യാജനോട്ടും 100 രൂപയുടെ യഥാര്‍ത്ഥ നോട്ടും നല്‍കി മടങ്ങുകയുമായിരുന്നു. തിരക്ക് കുറഞ്ഞ സമയത്ത് പമ്പിലെ ജീവനക്കാരന്‍ പണം അടുക്കിവെക്കുമ്പോഴാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം 'ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ' എന്ന് രേഖപ്പെടുത്തിയ 500 രൂപയുടെ നോട്ട് ശ്രദ്ധയില്‍പ്പെട്ടത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇന്നോവ കാറിനെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച ശേഷം പമ്പ് മാനേജര്‍ നല്‍കിയ പരാതിയിലാണ് മാഹി സി.ഐ പി.എ. അനില്‍ കുമാര്‍, പള്ളൂര്‍ എസ്.ഐ റീനാ മേരി ഡേവിഡ് എന്നിവരടങ്ങുന്ന സംഘം നാദാപുരത്ത് വെച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.
ടൈല്‍സ് ജോലിയും ബസ് ജോലിയും ചെയ്യുന്ന പ്രതികള്‍, തങ്ങള്‍ക്ക് കൂലിയായി ലഭിച്ച 13,000 രൂപയില്‍ പെട്ടതാണ് ഈ നോട്ടുകള്‍ എന്നാണ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ തുടര്‍ ചോദ്യം ചെയ്യലില്‍ പള്ളൂരിലെ മദ്യശാലയിലും ബേക്കറിയിലും ചൊക്ലിയിലെ മറ്റൊരു പെട്രോള്‍ പമ്പിലും ഇവര്‍ സമാനരീതിയില്‍ വ്യാജനോട്ട് നല്‍കി കബളിപ്പിച്ചതായി പോലീസ് കണ്ടെത്തി. പ്രതികളെ മാഹി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
