മുട്ടില്‍ മരംമുറിക്കേസിലെ പ്രധാന പ്രതികളായ ആന്റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി

ജാമ്യമില്ലാ വാറന്റ് വന്നതോടെ പൊലീസിന് മുന്നില്‍ മുട്ടുമടക്കി ആന്റോയും ജോസുകുട്ടിയും; ഒളിച്ചു കളിച്ച് റോജി! വനംകൊള്ള തടഞ്ഞ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താന്‍ തുനിഞ്ഞിട്ടും രക്ഷയില്ല; 15 കോടിയുടെ ഈട്ടിത്തടി വെട്ടിക്കടത്തി ടിംബര്‍ ഉടമയെ പറ്റിച്ച കേസില്‍ വിചാരണയ്ക്ക് ഹാജരാകാതിരുന്ന ചാനല്‍ ഉടമകള്‍ ഒടുവില്‍ കീഴടങ്ങി; റോജി അഗസ്റ്റിന് എതിരെ തുടര്‍ നടപടികള്‍





കൊച്ചി: മുട്ടില്‍ മരംമുറിക്കേസിലെ പ്രധാന പ്രതികളായ ആന്റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി. കേസില്‍ ജാമ്യമില്ലാ വാറന്റ് നിലനില്‍ക്കെയാണ് ഇരുവരും കീഴടങ്ങിയത്. എന്നാല്‍ കേസ്സിലെ മറ്റൊരു പ്രതിയായ റോജി അഗസ്റ്റിന്‍ ഹാജരായിട്ടില്ല. റോജിക്കെതിരെ വരും ദിവസങ്ങളില്‍ ശക്തമായ തുടര്‍നടപടികള്‍ ഉണ്ടായേക്കും.


ഈ മാസം ആറാം തീയതിയും പത്താംതീയതിയും മുട്ടില്‍ മരംമുറി മരം വില്‍പന കേസുമായി ബന്ധപ്പെട്ട കേസ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി പരിഗണിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് തവണയും കേസ് പരിഗണിച്ചപ്പോള്‍ പ്രതികളായ ആന്റോ സഹോദരന്മാര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. പ്രതികള്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. 2021ലാണ് അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരേ എറണാകുളം കരിമുകളിലുള്ള മലബാര്‍ ടിമ്പര്‍ സ്ഥാപന ഉടമ എം എം അലിയാര്‍ പരാതി നല്‍കിയത്. വയനാട്ടില്‍ നിന്ന് മുറിച്ച ഈട്ടി മരങ്ങള്‍ കരിമുകളിലുള്ള എം എം അലിയാറുടെ മലബാര്‍ ടിമ്പര്‍ എന്ന സ്ഥാപനത്തിലായിരുന്നു വിറ്റത്. പിന്നീടാണ് അനധികൃതമായി വെട്ടിയ മരങ്ങളാണ് തനിക്ക് വിറ്റത് എന്ന് കാണിച്ചുകൊണ്ട് അലിയാര്‍ പരാതി നല്‍കിയത്. ഈ കേസിലാണ് ഇപ്പോള്‍ കോടതി ജാമ്യമില്ല വാറന്റ് പുറപ്പെടുവിച്ചത്.


കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. മുട്ടില്‍ വില്ലേജിലെ വാഴവറ്റ, കുപ്പാടി, മേലേ കവല തുടങ്ങിയ മേഖലകളിലെ ഭൂവുടമകളെ സമീപിച്ച് ഈട്ടിത്തടി വെട്ടാന്‍ സര്‍ക്കാര്‍ അനുമതിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചാണു മുഖ്യപ്രതികള്‍ തട്ടിപ്പു നടത്തിയത്. 2020 - 21 വര്‍ഷത്തിലാണ് വയനാട് മുട്ടിലില്‍ കോടികളുടെ അനധികൃത മരംമുറി നടന്നത്. ലാന്റ് അസൈന്‍മെന്റ് പട്ടയം അനുവദിച്ച ഭൂമിയിലെ ചന്ദനം, തേക്ക്, വീട്ടി, എബണി എന്നീ നാല് തരം മരങ്ങളുടെ ഉടമസ്ഥത സര്‍ക്കാരിനാണുള്ളത്. വൃക്ഷവില സര്‍ക്കാരിലേക്ക് അടച്ചാല്‍ പോലും ലാന്റ് അസൈന്‍മെന്റ് പട്ടയത്തിന്റെ കൈവശക്കാരന് ഈ മരങ്ങളുടെ ഉടമസ്ഥത ലഭിക്കില്ല.


2020 ഒക്ടോബര്‍ 24 ന് മുന്‍ ചീഫ് സെക്രട്ടറിയും അന്നത്തെ റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എ ജയതിലക് ഐ എ എസ് പുറത്തിറക്കിയ വിവാദ ഉത്തരവാണ് മുട്ടില്‍ മരം മുറിയുടെ ആധാരം. ചന്ദനമൊഴികെയുള്ള മറ്റെല്ലാ മരങ്ങളും ഈ ഭൂമികളില്‍ നിന്ന് മുറിക്കാം എന്നായിരുന്നു വിവാദഉത്തരവില്‍ ഉണ്ടായിരുന്നത് . അതായത് മേല്‍പ്പറഞ്ഞ പ്രത്യേക മരങ്ങളുടെ പട്ടികയില്‍ ചന്ദനം ഒഴികെ ബാക്കിയുള്ള വീട്ടി, തേക്ക്, എബണി ഒക്കെ ഭൂവുടമകള്‍ക്ക് മുറിക്കാം എന്നായി. മരം മുറിക്കുന്നതിനെതിരെ പോലീസ് , ഫോറെസ്റ്റ് ഉദ്യോഗസ്ഥര്‍ തടസ്സം നില്‍ക്കാന്‍ പാടില്ലെന്നും അങ്ങനെ ആരെങ്കിലും നിന്നാല്‍ അവര്‍ക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്നുള്ള അസാധാരണ വ്യവസ്ഥയും ആ ഉത്തരവിലുണ്ടായിരുന്നു. ആ ഉത്തരവോടെ വൃക്ഷവില സര്‍ക്കാരിലേക്ക് അടച്ചാല്‍ പോലും ഉടമസ്ഥത ലഭിക്കില്ലാത്ത ഈ വന്‍ മരങ്ങളൊക്കെ ഉടമസ്ഥരുടെ സ്വന്തമായി മാറി.


കേവലം മൂന്ന് മാസം മാത്രമായിരുന്നു ആ ഉത്തരവിനുണ്ടായിരുന്ന അയുസ്സ്. എന്നാല്‍ ആ ചുരുങ്ങിയ കാലം കൊണ്ട് വന്‍ തോതില്‍ മരം മുറി നടന്നു. ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തു കൊണ്ട് എറണാകുളത്തും തൃശൂരും ഇടുക്കിയിലും ഒക്കെ കോടികളുടെ വനംകൊള്ളയാണ് ഉണ്ടായത്. എന്നാല്‍ വയനാട് ജില്ലയിലെ മുട്ടില്‍ ഗ്രാമത്തില്‍ നടന്നത് സമാനതകളില്ലാത്ത മരം മുറിയായിരുന്നു.1964 ന് ശേഷം പട്ടയം ലഭിച്ച ഭൂമിയില്‍ സ്വയം കിളിര്‍ത്തതോ കര്‍ഷകര്‍ നട്ടുവളര്‍ത്തിയതോ ആയ മരങ്ങള്‍ മുറിക്കാമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ഇതിന്റെ മറവില്‍ പ്രതികള്‍ കോടികള്‍ വിലമതിക്കുന്ന മരം മുറിച്ചു കടത്തിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മുട്ടില്‍ വില്ലേജില്‍ നിന്ന് മാത്രം 15 കോടി രൂപയുടെ മരങ്ങളാണ് മുറിച്ചിട്ടുള്ളത് എന്നാണ് കണക്ക്.


മുട്ടില്‍ നടന്ന വ്യാപക മരംമുറിയില്‍ പ്രധാന പ്രതികളായത് സഹോദരങ്ങളായ റോജി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനും ആയിരുന്നു. വ്യാജരേഖ ചമയ്ക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ കൂടാതെ സര്‍ക്കാറിലേക്ക് നിക്ഷിപ്തമായ മരങ്ങള്‍ മുറിച്ചതിന് ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ടും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അന്നത്തെ മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസറും സ്‌പെഷ്യല്‍ ഓഫീസറും മരംമുറിസംഘത്തെ സഹായിച്ചവരുമുള്‍പ്പടെ കേസില്‍ പ്രതികളായി. വയനാട് വാഴവറ്റ സ്വദേശികളും റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഉടമകളുമാണ് റോജിഅഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍ എന്നിവര്‍.


ആദിവാസികളായ കര്‍ഷകരുള്‍പ്പെടെ ഭൂവുടമകള്‍ മരം മുറിക്കാന്‍ സമ്മതിച്ചുകൊണ്ട് എഴുതി നല്‍കിയതെന്നനിലയില്‍ പ്രതികള്‍ വില്ലേജ് ഓഫീസില്‍ സമര്‍പ്പിച്ച കത്തുകള്‍ വ്യാജമാണെന്ന് കണ്ടെത്തി. മുഖ്യപ്രതി റോജി അഗസ്റ്റിന്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ അപേക്ഷയാണ് ഇതെന്ന് ഫൊറന്‍സിക്ക് പരിശോധനയില്‍ കണ്ടെത്തി. ഇത്തരത്തില്‍ ഏഴ് കത്തുകളാണ് റോജി ഹാജരാക്കിയിരുന്നത്. 104 മരങ്ങളാണ് അഗസ്റ്റിന്‍ സഹോദരന്മാര്‍ മുട്ടിലില്‍ നിന്ന് മുറിച്ചെടുത്തത് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. മുട്ടില്‍ മരംമുറി കേസില്‍ പ്രതികളായിരിക്കുമ്പോള്‍ തന്നെ അഗസ്റ്റിന്‍ സഹോദരന്മാരിലൊരാളായ റോജി അഗസ്റ്റിന് റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഹരി ഉടമകളിലൊരാലായിരുന്നു. ഈ തട്ടിപ്പ് കേസിന് പിന്നാലെയാണ് പ്രതികള്‍ ചാനലിന്റെ കൂടുതല്‍ ഓഹരികള്‍ ഏറ്റെടുത്തത്