'യുവാക്കള്‍ ശബ്ദമുയര്‍ത്തുന്നത് എതിര്‍ക്കാന്‍ വേണ്ടിയല്ല; മറിച്ച് വ്യവസ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്താനാണ്; എല്ലാ പ്രക്ഷോഭങ്ങളെയും രാജ്യവിരുദ്ധമെന്ന് മുദ്രകുത്തരുത്; ജെന്‍സീകളെ കണ്ണടച്ച് വിശ്വസിക്കുന്നു'; യുവജനതയുടെ വാക്കുകള്‍ കേള്‍ക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് മോഹന്‍ ഭാഗവത്

'യുവാക്കള്‍ ശബ്ദമുയര്‍ത്തുന്നത് എതിര്‍ക്കാന്‍ വേണ്ടിയല്ല; മറിച്ച് വ്യവസ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്താനാണ്; എല്ലാ പ്രക്ഷോഭങ്ങളെയും രാജ്യവിരുദ്ധമെന്ന് മുദ്രകുത്തരുത്; ജെന്‍സീകളെ കണ്ണടച്ച് വിശ്വസിക്കുന്നു'; യുവജനതയുടെ വാക്കുകള്‍ കേള്‍ക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് മോഹന്‍ ഭാഗവത്


ന്യൂഡല്‍ഹി: ഇന്ത്യയിലെ യുവതലമുറയില്‍ തനിക്ക് പൂര്‍ണമായ വിശ്വാസമുണ്ടെന്നും ജെന്‍സികളെ (Gen Z) താന്‍ കണ്ണടച്ച് വിശ്വസിക്കുമെന്നും ആര്‍.എസ്.എസ് (RSS) സര്‍സംഘചാലക് മോഹന്‍ ഭാഗവത്. മികച്ച വിദ്യാഭ്യാസത്തിനും മാറ്റങ്ങള്‍ക്കുമായി പ്രതിഷേധിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് എല്ലാ അവകാശവുമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, എല്ലാ പ്രക്ഷോഭങ്ങളെയും രാജ്യവിരുദ്ധമെന്ന് മുദ്രകുത്തരുതെന്നും അഭിപ്രായപ്പെട്ടു. ജന്തര്‍മന്തറില്‍ അടുത്തിടെ പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഭവങ്ങളുടെ സാഹചര്യം എന്താണെന്ന് കൃത്യമായി അറിയില്ലെങ്കിലും യുവതലമുറയിലുള്ള തന്റെ വിശ്വാസം അചഞ്ചലമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും സമവായത്തില്‍ എത്താനുള്ള മാര്‍ഗമാണ് ജനാധിപത്യം. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇനിയും ഒട്ടേറെ കാര്യങ്ങള്‍ മെച്ചപ്പെടാനുണ്ട്. അതിനാല്‍ വിദ്യാര്‍ഥികളുടെ പരാതികള്‍ ന്യായമാണ്. മുന്‍തലമുറകള്‍ അധികാരികളെ ചോദ്യം ചെയ്തിരുന്നില്ല എന്നാല്‍ ജെന്‍സികളും ജെന്‍ ആല്‍ഫയും (Gen Alpha) അധികാരികളോട് ചോദ്യങ്ങള്‍ ചോദിക്കുകയും സ്‌നേഹത്തോടെയുള്ള യുക്തിപരമായ മറുപടികള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ജെന്‍സികള്‍ പ്രതിഷേധിക്കരുതെന്ന് താന്‍ ഒരിക്കലും പറയില്ലെന്നും ജനാധിപത്യത്തില്‍ അതിനും വ്യക്തമായ വഴിയുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവാക്കള്‍ ശബ്ദമുയര്‍ത്തുന്നത് എതിര്‍ക്കാന്‍ വേണ്ടിയല്ല, മറിച്ച് വ്യവസ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്താനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ശബ്ദമുയര്‍ത്തുന്ന യുവാക്കളെ രാജ്യവിരുദ്ധരെന്ന് വിളിക്കുന്ന പ്രവണതയെ വിമര്‍ശിച്ച മോഹന്‍ ഭാഗവത്, അവരോട് കൂടുതല്‍ അനുഭാവവും ധാരണയും കാണിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്നത്തെ തലമുറ ഏറ്റവും സത്യസന്ധരാണ്, അവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ അധികാരികള്‍ തയ്യാറാകണം. ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചതുകൊണ്ട് മാത്രം ഒരു പ്രക്ഷോഭം രാജ്യവിരുദ്ധമാകില്ലെന്നും വിയോജിപ്പുകളും നവീകരണത്തിനായുള്ള ആവശ്യങ്ങളും ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പ്രക്ഷോഭങ്ങളില്‍ കണ്ണീര്‍വാതകവും പെല്ലറ്റുകളും ഉപയോഗിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, തനിക്ക് ആധികാരിക വിവരങ്ങളില്ലെങ്കിലും വിദ്യാര്‍ഥികളെയാണ് താന്‍ വിശ്വസിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

കൂടാതെ വിദ്യാഭ്യാസ മേഖല കച്ചവടവല്‍ക്കരിക്കപ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക ഭാരം വളരെ വലുതാണ്. അത് കേവലം സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല, മറിച്ച് സമൂഹത്തിന്റെ ഒന്നാകെയുള്ള ഉത്തരവാദിത്തമാണ്. മികച്ച അധ്യാപക പരിശീലനവും വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കൃത്യമായ വിലയിരുത്തലുകളും ആവശ്യമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.