ഒന്നിച്ച് ഓണം ആഘോഷിച്ചു, പിന്നാലെ ക്രൂരമായ കൊലപാതകം; ആദ്യം മുറിക്കുള്ളിലിട്ട് ആനിനെ തീര്‍ത്തു! പിന്നാലെ താഴേക്ക് വിളിച്ചുവരുത്തി അഞ്ജനയ്ക്ക് മേല്‍ കാര്‍ കയറ്റി കൊന്നു; നിര്‍ത്താതെ പാഞ്ഞുപോകുന്ന കാര്‍ കണ്ട് സംശയം തോന്നി ഭര്‍ത്താവ് ഓടിയെത്തിയപ്പോള്‍ കണ്ടത് നടുക്കുന്ന കാഴ്ചകള്‍; ഇരുവരുടെയും ജീവനെടുത്തത് ഉറ്റ സുഹൃത്ത്; ഞെട്ടലോടെ യു എസിലെ പ്രവാസി മലയാളി സമൂഹം

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള മില്‍പിറ്റാസില്‍ രണ്ട് മലയാളി യുവതികള്‍ സുഹൃത്തായ മറ്റൊരു മലയാളി യുവതിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തൃശൂര്‍ പാണഞ്ചേരി മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടില്‍ ഹരിദാസിന്റെയും സുഷമയുടെയും മകള്‍ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനി ആന്‍ എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇരുവരുടെയും സുഹൃത്തും ഒരേ ഫ്‌ലാറ്റില്‍ താമസക്കാരിയുമായ അനില എന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒരേ ഫ്‌ലാറ്റ് സമുച്ചയത്തില്‍ താമസിച്ചിരുന്ന മൂന്ന് കുടുംബങ്ങളും അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നവരാണ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ കൊലപാതക പരമ്പര നടന്നത്. ചിങ്ങവനം സ്വദേശിനിയായ ആനിനെ ഫ്‌ലാറ്റിലെ മുറിക്കുള്ളില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയ ശേഷം അനില, അഞ്ജനയെ ഫ്‌ലാറ്റിന്റെ താഴേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് താഴെയെത്തിയ അഞ്ജനയെ അനില കാറിടിച്ച് കൊലപ്പെടുത്തി.
അഞ്ജനയുടെ ഭര്‍ത്താവ് വിജീഷ് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടസ്ഥലത്തുനിന്ന് നിര്‍ടുത്താതെ പോയ അനിലയുടെ കാര്‍ തിരിച്ചറിഞ്ഞു. സംശയം തോന്നിയ വിജീഷ് ഉടന്‍തന്നെ ആനിന്റെ ഭര്‍ത്താവ് ജേക്കബിനെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ആനിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കിട്ടാതായതോടെ ജേക്കബ് ഫ്‌ലാറ്റിലെത്തി നോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഭാര്യയെ കണ്ടത്.
അപകടവിവരമറിഞ്ഞ് വിജീഷ് എത്തുമ്പോഴേക്കും അഞ്ജനയും മരണപ്പെട്ടിരുന്നു. സംഭവം നടക്കുമ്പോള്‍ അഞ്ജനയുടെയും വിജീഷിന്റെയും ഏക മകള്‍ വാമിക ഫ്‌ലാറ്റിലെ മുറിക്കുള്ളിലുണ്ടായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി കാലിഫോര്‍ണിയയില്‍ ജോലി ചെയ്തുവരികയായിരുന്ന അഞ്ജനയും കുടുംബവും അടുത്തിടെ നടന്ന ഓണാഘോഷങ്ങളില്‍ ഉള്‍പ്പെടെ സുഹൃത്തുക്കള്‍ക്കൊപ്പം പങ്കെടുത്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
ശനിയാഴ്ച രാത്രിയോടെയാണ് അഞ്ജനയുടെ മണ്ണുത്തിയിലെ കുടുംബാംഗങ്ങള്‍ക്ക് ദാരുണമായ വിവരമറിയാന്‍ കഴിഞ്ഞത്. ഉറ്റ സുഹൃത്തുക്കളായിരുന്ന മൂവരും തമ്മില്‍ പെട്ടെന്നുണ്ടായ കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയായ അനിലയെ യു.എസ് പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
