
കണ്ണൂര്‍: ചെറുപുഴ മീന്തുള്ളിയില്‍ കാര്യങ്കോട് പുഴയിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് വീരമൃത്യു വരിച്ച തിരുവനന്തപുരം സ്വദേശി ആര്‍. രാജേഷിന്റെ മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോകുന്നതില്‍ കാട്ടിയ കടുത്ത അനാസ്ഥയില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂര്‍ ജില്ലാ കളക്ടര്‍ പി. വിഷ്ണു രാജാണ് അന്വേഷണത്തിനായി എ.ഡി.എം പി.എന്‍. പുരുഷോത്തമനെ ചുമതലപ്പെടുത്തിയത്.
ചെറുപുഴ മിന്തുള്ളിയിലെ പ്രളയമുഖത്ത് സ്വന്തം ജീവന്‍ നല്‍കി മറ്റൊരാളെ രക്ഷിച്ച ധീരനായ രക്ഷാപ്രവര്‍ത്തകന്റെ മൃതദേഹത്തോട് അധികൃതര്‍ കടുത്ത അനാദരവ് കാണിച്ചതായി ശക്തമായ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഭരണകൂടത്തിന്റെ ഈ നടപടി. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് പുറപ്പെട്ട മൃതദേഹം തൃശൂര്‍ ചാവക്കാട് വരെ ഫ്രീസര്‍ സംവിധാനമില്ലാത്ത സാധാരണ ആംബുലന്‍സിലാണ് എത്തിച്ചത്. എബാം ചെയ്യാത്ത മൃതദേഹം മണിക്കൂറുകളോളം തികച്ചും അനുചിതമായ രീതിയിലാണ് കൊണ്ടുപോയത്.
യാത്രയ്ക്കിടയില്‍ വഴിയില്‍ വെച്ച് മൃതദേഹം മറ്റൊരു ആംബുലന്‍സിലേക്ക് മാറ്റുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചും പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുരുതരമായ ഈ വീഴ്ചയെക്കുറിച്ച് ആംബുലന്‍സ് ഡ്രൈവര്‍മാരായ മുഹമ്മദ് നിയാസും മുഹമ്മദ് തന്‍വീറും തുറന്നുസമ്മതിച്ചിട്ടുണ്ട്.
ചെറുപുഴ മീന്തുള്ളിയിലെ രൂക്ഷമായ പ്രളയത്തില്‍, ശക്തമായ അടിയൊഴുക്കിനോട് പൊരുതിയാണ് രാജേഷ് ബെന്നി എന്നയാളെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഇട്ടുകൊടുത്ത കയര്‍ മരത്തില്‍ കെട്ടുമ്പോള്‍ ബെന്നിയുടെ കൈ ചതഞ്ഞുപോയിരുന്നു. ഇത് കണ്ടതോടെ രാജേഷ് സ്വന്തം സുരക്ഷ പോലും നോക്കാതെ പുഴ നീന്തിക്കടന്ന് ബെന്നിയുടെ അടുത്തെത്തുകയായിരുന്നു. പെട്ടെന്നുള്ള ഒഴുക്കില്‍പ്പെട്ട് ബെന്നി താണുപോകാതിരിക്കാന്‍ രാജേഷ് തന്റെ ലൈഫ് ജാക്കറ്റ് ഊരി ബെന്നിക്ക് നല്‍കുകയും തുടര്‍ന്ന് ഒഴുക്കില്‍പ്പെടുകയുമായിരുന്നു.
ചൂരല്‍മല, പെട്ടിമുടി ദുരന്തങ്ങള്‍ ഉള്‍പ്പെടെ കേരളം അതിജീവിച്ച പ്രകൃതിദുരന്തങ്ങളിലെല്ലാം മുന്‍പന്തിയില്‍ നിന്ന മാതൃകാപരമായ രക്ഷാപ്രവര്‍ത്തകനായിരുന്നു തിരുവനന്തപുരം സ്വദേശിയായ ആര്‍. രാജേഷ്. ഈ ധീരതയ്ക്ക് രാജ്യം ആദരമര്‍പ്പിക്കേണ്ട ഘട്ടത്തിലാണ് അധികൃതരുടെ ഭാഗത്തുനിന്നും ഇത്രയും വലിയ അനാസ്ഥയുണ്ടായത്.
