അഭിമന്യു കൊലക്കേസ്: പ്രതികള്‍ ഇന്നും ഹാജരായില്ല; വിചാരണയ്ക്ക് നേരിട്ടെത്തണമെന്ന് കോടതിയുടെ കര്‍ശന നിര്‍ദ്ദേശം

അഭിമന്യു കൊലക്കേസ്: പ്രതികള്‍ ഇന്നും ഹാജരായില്ല; വിചാരണയ്ക്ക് നേരിട്ടെത്തണമെന്ന് കോടതിയുടെ കര്‍ശന നിര്‍ദ്ദേശം



കൊച്ചി: ഏറെ കോലാഹലങ്ങള്‍ സൃഷ്ടിച്ച അഭിമന്യു കൊലക്കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വീണ്ടും പരിഗണിച്ചപ്പോള്‍ പ്രതികള്‍ ഇന്നും ഹാജരായില്ല. കേസിലെ 16 പ്രതികളും തിങ്കളാഴ്ച കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.കെ. ബാലകൃഷ്ണന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പ്രതിഭാഗം അതിന് തയ്യാറായില്ല.

കോടതി സമുച്ചയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്ളതിനാല്‍ നേരിട്ട് ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും, അഭിഭാഷകന്‍ വഴി നടപടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ പ്രോസിക്യൂഷനും അഭിമന്യുവിന്റെ കുടുംബവും ഈ ആവശ്യത്തെ ശക്തമായി എതിര്‍ത്തു. മാധ്യമങ്ങളെ ഭയന്ന് മാറിനില്‍ക്കുകയാണെങ്കില്‍ വിചാരണ ഘട്ടത്തില്‍ എന്ത് ചെയ്യുമെന്ന് പ്രതികളോട് ആരായപ്പട്ട കോടതി, പ്രതികള്‍ നേരിട്ടുതന്നെ ഹാജരാകണമെന്ന് ഉത്തരവിടുകയും വരും വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ എല്ലാവരും എത്തണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

നാലുമാസത്തിനകം കേസിലെ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശമുള്ള പശ്ചാത്തലത്തിലാണ് വിചാരണക്കോടതി നടപടികള്‍ വേഗത്തിലാക്കുന്നത്. അതേസമയം, കേസില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 323-ാം വകുപ്പ് (മനപ്പൂര്‍വം പരിക്കേല്‍പ്പിക്കല്‍) കൂടി പ്രതികള്‍ക്കെതിരെ ചുമത്തും.

നിയമവിരുദ്ധമായി സംഘംചേര്‍ന്ന ചില പ്രതികള്‍ സാക്ഷികളെ കൈകൊണ്ട് ഇടിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തിരുന്നുവെന്നും, ഇതിന്റെ ഉത്തരവാദിത്തം കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികള്‍ക്കും ബാധകമാക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.