ഓണപ്പരീക്ഷ എഴുതാന്‍ പോയ കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ല; കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസുകാരന്‍ മുങ്ങി മരിച്ചു; ഷാഹില്‍ ഇനി ഓര്‍മ്മ; കണ്ണീരടക്കാനാവാതെ വിദ്യാനഗറിലെ സഹപാഠികളും അധ്യാപകരും

കാസര്‍കോട്: ഓണപ്പരീക്ഷ എഴുതാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു. കാസര്‍കോട് വിദ്യാനഗര്‍ നെലക്കള വനിതാ ഹോസ്റ്റലിന് സമീപത്തെ കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാനഗര്‍ സ്വദേശി അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ഷാഹില്‍ (16) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ഷാഹില്‍, സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയത്. നീന്തുന്നതിനിടെ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തെരച്ചില്‍ നടത്തി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പരീക്ഷാ തിരക്കുകള്‍ക്കിടയില്‍ ഉണ്ടായ അപ്രതീക്ഷിത അപകടം കുടുംബത്തിനും അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും തീരാദുഃഖമായി മാറി. സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ന്നടപടികള്‍ സ്വീകരിച്ചുവരുന്നു.