
കൊച്ചി: കോഴിക്കോട് താമരശേരി കരിമ്പാലക്കുന്ന് അമ്പായത്തോട്ടില്‍ പ്രവര്‍ത്തിക്കുന്ന 'ഫ്രഷ് കട്ട് ഓര്‍ഗാനിക് പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കോഴി അറവ് മാലിന്യ സംസ്‌കരണ യൂണിറ്റ് അടച്ചുപൂട്ടാനുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കമ്പനി അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയതിനെതിരെ ഉടമകള്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതി ഈ നിര്‍ണായക നടപടി സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍, സ്ഥാപനത്തില്‍ നാളെ മലിനീകരണ നിയന്ത്രണ ബോര്‍ഡും കോഴിക്കോട് ജില്ലാ കളക്ടറും സംയുക്തമായി നേരിട്ടെത്തി പരിശോധന നടത്തണമെന്ന് കോടതി ഉത്തരവിട്ടു. ഈ സംയുക്ത പരിശോധനയ്ക്ക് ശേഷമായിരിക്കും പ്ലാന്റിന്റെ പ്രവര്‍ത്തനം തുടരുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
കമ്പനിയില്‍ നിന്ന് ഇരുതുള്ളി പുഴയിലേക്കും സമീപത്തെ ജനവാസ മേഖലയിലേക്കും വലിയ തോതില്‍ മാലിന്യം ഒഴുകിയെത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്ലാന്റ് അടിയന്തരമായി അടച്ചുപൂട്ടാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടിരുന്നത്. അമ്പായത്തോട്ടിലെ സില്‍വര്‍ സാന്‍ഡ് ക്രഷറിന് സമീപം പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ നിന്നുള്ള മലിനീകരണം മൂലം പ്രദേശവാസികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. മുന്‍പ് സമാനമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം സ്ഥാപനത്തില്‍ നിന്ന് പിഴ ഈടാക്കിയിരുന്നെങ്കിലും, കമ്പനി വീണ്ടും നിയമലംഘനം തുടരുകയായിരുന്നു.
മലിനീകരണത്തിനെതിരെ ജനകീയ കര്‍മസമിതിയുടെയും ഇരുതുള്ളി പുഴ പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ശക്തമായ രാപ്പകല്‍ സമരങ്ങളും പ്രതിഷേധങ്ങളും പ്രദേശത്ത് നടന്നു വരികയായിരുന്നു. പൊതുജനങ്ങളില്‍ നിന്നും നിരന്തരമായി പരാതികള്‍ ലഭിച്ചതിന്റെയും ജനകീയ പ്രതിഷേധം ശക്തമായതിന്റെയും പശ്ചാത്തലത്തില്‍ പ്രദേശവാസികളുടെ ആരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്ലാന്റിന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ കഴിഞ്ഞ ദിവസം അടിയന്തര ഉത്തരവിറക്കിയത്. ഈ ഉത്തരവാണ് ഇപ്പോള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
