'വിരുന്ന് വിവാദത്തില്‍' മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍.

'ഞാനൊന്ന് ഭക്ഷണം കഴിച്ചുപോയി, ഇനി മുതല്‍ കഴിക്കാതിരിക്കാം! അന്ന് പിണറായിയോട് ചോദിക്കാത്ത ചോദ്യങ്ങള്‍ ഇപ്പോള്‍ എന്നോട് വേണ്ട!': പൊന്നാനിയിലെ വിരുന്ന് വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി; 2018-ല്‍ സിഎം നിരാഹാരമിരുന്നത് തനിക്കറിയില്ലായിരുന്നുവെന്ന് പരിഹാസം; ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഏകോപിപ്പിച്ചെന്നും വി ഡി സതീശന്‍



തിരുവനന്തപുരം: മലപ്പുറത്തെ സന്ദര്‍ശനത്തിനിടെയുണ്ടായ 'വിരുന്ന് വിവാദത്തില്‍' മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തനിക്കെതിരെ ഹീനമായ അപവാദപ്രചരണമാണ് നടക്കുന്നതെന്നും ഒരു സ്ഥലത്ത് പോയി ഭക്ഷണം കഴിച്ചു എന്നതിനെ ഇത്രത്തോളം വിവാദമാക്കുന്നതില്‍ എന്ത് ഔചിത്യമാണുള്ളതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

ഭക്ഷണം കഴിച്ചത് തെറ്റായിപ്പോയോ?

'അന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഞാന്‍ മലപ്പുറത്ത് പൊന്നാനിയില്‍ എത്തുന്നത്. ശ്രീ ഹരിദാസ് സാറിന്റെ വീട്ടില്‍ പോയപ്പോള്‍ അടുത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടില്‍ എനിക്ക് ഭക്ഷണം ക്രമീകരിച്ചിട്ടുണ്ടായിരുന്നു മൂന്ന് മണിക്കാണ് ഞാന്‍ ഭക്ഷണം കഴിക്കുന്നത്. 2018-ലും 2019-ലും ദുരന്തമുണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു ഇരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാനൊന്ന് ഭക്ഷണം കഴിച്ചുപോയി. ഇതിന് ഇത്ര വലിയ അപവാദപ്രചരണം നടത്താന്‍ ഞാന്‍ എന്തൊരു തെറ്റാണ് ചെയ്തത്?' എന്ന് മുഖ്യമന്ത്രി ചോദിച്ചു.

കാര്യങ്ങള്‍ കൃത്യമായി കോര്‍ഡിനേറ്റ് ചെയ്തിരുന്നു

ദുരന്തമുണ്ടായ ദിവസം രാവിലെ അഞ്ച് മണി മുതല്‍ റവന്യൂ മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ജില്ലാ ചുമതലയുള്ള മന്ത്രിമാരെയും കളക്ടര്‍മാരെയും എം.എല്‍.എമാരെയും താന്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. നേരിട്ട് വരേണ്ട ആവശ്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ വരേണ്ടതില്ലെന്ന് അവര്‍ അറിയിച്ചതിനാലാണ് യാത്ര തുടര്‍ന്നത്. വഴിയിലുടനീളം ഫോണ്‍ വഴി രക്ഷാപ്രവര്‍ത്തനങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്യുകയായിരുന്നു.

സംസ്ഥാന ഭരണകൂടത്തിന്റെ ദ്രുതഗതിയിലുള്ള ഇടപെടല്‍

എന്‍.ഡി.ആര്‍.എഫ് (NDRF) സംഘത്തെ എത്തിക്കുന്നതും, നേവിയുടെ ഹെലികോപ്റ്റര്‍ ലഭ്യമാക്കുന്നതും, കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടുകള്‍ മുതലപ്പൊഴിയടക്കമുള്ള സ്ഥലങ്ങളില്‍ എത്തിക്കാന്‍ ശ്രമിച്ചതുമെല്ലാം സര്‍ക്കാര്‍ തലത്തില്‍ കൃത്യമായി കൈകാര്യം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മൂന്ന് മണിക്കൂര്‍ കൂടുമ്പോള്‍ ഓഫീസില്‍ നിന്ന് വാര്‍ത്താക്കുറിപ്പ് നല്‍കുകയും റവന്യൂ മന്ത്രി അന്നേ ദിവസം രണ്ട് തവണ കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തിരുന്നു.

പ്രതിപക്ഷ നേതാവിനും മാധ്യമങ്ങള്‍ക്കും വിമര്‍ശനം:

താങ്കള്‍ക്ക് വിരുന്ന് ഉപേക്ഷിച്ച് ദുരന്തസ്ഥലത്തേക്ക് പോകാമായിരുന്നില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി കടുപ്പത്തിലാണ് പ്രതികരിച്ചത്. പ്രളയകാലത്ത് വലിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പരിചയം തനിക്കുണ്ട്.

'ഞാന്‍ ഭക്ഷണം കഴിച്ചുപോയി, ക്ഷമിക്കണം! ഞാന്‍ സല്‍ക്കാരത്തിനല്ല പോയത്. ഇനി മുതല്‍ ഞാന്‍ ഭക്ഷണം കഴിക്കാതിരിക്കാം' എന്ന് പരിഹാസരൂപേണ പറഞ്ഞ മുഖ്യമന്ത്രി, യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെച്ച് വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമരീതിയെയും ചോദ്യം ചെയ്തു.