
മലപ്പുറം: സ്ത്രീകൾക്കായുള്ള സർക്കാരിന്റെ സൗജന്യ ബസ് യാത്ര പദ്ധതിയായ ‘പ്രിയദർശിനി’ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ഭരിക്കുന്ന ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിൽ പ്രമേയം പാസാക്കി. സ്ഥിരവരുമാനമുള്ള സർക്കാർ ജീവനക്കാരെയും മറ്റ് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരെയും പദ്ധതിയുടെ സൗജന്യ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് പ്രമേയത്തിലെ പ്രധാന ആവശ്യം.(Priyadarshini Free Bus Scheme Resolution Muslim League Othukkungal Panchayat)
ഒതുക്കുങ്ങൽ പഞ്ചായത്തിലെ 23-ാം വാർഡ് അംഗമായ എ.കെ. ഖമറുദീനാണ് പ്രമേയം ബോർഡിൽ അവതരിപ്പിച്ചത്. സ്ഥിരവരുമാനവും കൃത്യമായ ആനുകൂല്യങ്ങളും ലഭിക്കുന്നവരെ സൗജന്യ യാത്രയിൽ ഉൾപ്പെടുത്തിയത് വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗത്തിനും സാമൂഹിക നീതിക്കും നിരക്കുന്നതല്ല. അതിനാൽ ഇത് പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.
പൊതുവിഭവങ്ങൾ ഏറ്റവും അർഹരായ ആളുകളിലേക്ക് മുൻഗണനാ ക്രമത്തിൽ എത്തിക്കാനുള്ള നയപരമായ സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. പ്രിയദർശിനി പദ്ധതി കാരണം സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്ന് വിവിധ സംഘടനകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
