കണ്ണൂർ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായയുടെ ആക്രമണത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. ഒരു വയോധികൻ ഉൾപ്പെടെയുള്ളവർക്കാണ് കടിയേറ്റത്. കണ്ണൂർ സിറ്റി, ആയിക്കര, ജില്ലാ ആശുപത്രി പരിസരം എന്നിവിടങ്ങളിൽ ഇന്നലെ രാവിലെ ആറ് മണിയോടെയാണ് സംഭവം. സാരമായി പരിക്കേറ്റ രണ്ടുപേരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആയിക്കരയിൽ വാഹനത്തിൽ നിന്ന് ഇറങ്ങിയ ഗുഡ്‌സ് ഡ്രൈവർ സതീശൻ (55), മത്സ്യത്തൊഴിലാളികൾ, പ്രദേശവാസികൾ എന്നിവർ ആക്രമണത്തിന് ഇരയായവരിൽ ഉൾപ്പെടുന്നു. നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പഴയ ബസ് സ്റ്റാൻഡ്, കളക്ടറേറ്റ് റോഡ്, കാൾടെക്സ്, കണ്ണൂർ സിറ്റി തുടങ്ങിയ പ്രദേശങ്ങളിൽ രാവിലെയും രാത്രിയും തെരുവുനായകൾ കൂട്ടമായി ഇറങ്ങുന്നത് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഇത് സ്‌കൂൾ വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കോഴിമാലിന്യം തള്ളുന്നതാണ് തെരുവുനായകൾ പെരുകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിലും കോർപ്പറേഷനിലും പരാതി നൽകിയിട്ടുണ്ട്. എന്നാൽ തെരുവുനായകളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റാനുള്ള കോർപ്പറേഷന്റെ പദ്ധതി ഇതുവരെ നടപ്പിലാകാത്തത് പ്രശ്നം കൂടുതൽ ഗുരുതരമാക്കുകയാണ്

