റെഡ് അലർട്ട് പ്രഖ്യാപിക്കാൻ വൈകി; പെരുമഴയിൽ മുന്നറിയിപ്പും മുന്നൊരുക്കവും പാളിയതായി വിമർശനം

റെഡ് അലർട്ട് പ്രഖ്യാപിക്കാൻ വൈകി; പെരുമഴയിൽ മുന്നറിയിപ്പും മുന്നൊരുക്കവും പാളിയതായി വിമർശനം


തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ പെയ്തിറങ്ങിയിട്ടും മുന്നറിയിപ്പുകളും മുന്നൊരുക്കങ്ങളും വൈകിയതായി ഗുരുതര വിമർശനം. പത്തനംതിട്ടയിലും ഇടുക്കിയിലും കനത്ത മഴ പെയ്ത ശേഷമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

പത്തനംതിട്ട ളാഹയിൽ 25 സെന്റിമീറ്ററും ഇടുക്കി പീരുമേടിലും തൊടുപുഴയിലും 21 സെന്റിമീറ്റർ വീതവും മഴയാണ് പെയ്തത്. 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് റെഡ് അലർട്ടിന് അനുസരിച്ചുള്ള അതിതീവ്ര മഴയായിരുന്നിട്ടും ഇന്നലെ രാത്രി വരെ കാലാവസ്ഥാ കേന്ദ്രം ഓറഞ്ച് അലർട്ട് മാത്രമാണ് നൽകിയിരുന്നത്.

രാത്രി 11.15 ഓടെയാണ് റെഡ് അലർട്ടിന് സമാനമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പ് വന്നത്. ഒടുവിൽ ഇന്ന് രാവിലെ ഏഴ് മണിയോടെ മാത്രമാണ് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അപ്പോഴേക്കും കനത്ത മഴയിൽ ജനങ്ങൾ ദുരിതത്തിലായിരുന്നു.

മുമ്പ് ദുരന്തങ്ങൾ നേരിട്ടിട്ടുള്ള മലയോര മേഖലകളിൽ പോലും കൃത്യമായ മുന്നറിയിപ്പ് ലഭിക്കാത്തതിനാൽ വേണ്ടത്ര ജാഗ്രത പുലർത്താൻ സാധിച്ചില്ലെന്നും ആരോപണമുണ്ട്. അടുത്ത 24 മണിക്കൂർ കൂടി സംസ്ഥാനത്ത് അതീവ ജാഗ്രത തുടരണമെന്ന് നിർദ്ദേശമുണ്ട്