കണ്ണൂര്‍: ദിവസങ്ങളോളം പോലീസിനെയും ഭരണസംവിധാനങ്ങളെയും വെല്ലുവിളിച്ച് ഒളിവിലിരുന്ന കുപ്രസിദ്ധ കുറ്റവാളി അര്‍ജുന്‍ ആയങ്കി ഒടുവില്‍ വലയിലായത് സിനിമാക്കഥകളെ പോലും വെല്ലുന്ന നാടകീയ രംഗങ്ങള്‍ക്കൊടുവില്‍. തളിപ്പറമ്പിലെ ലോഡ്ജില്‍ നിന്നിറങ്ങി പയ്യന്നൂരിലേക്ക് ഓട്ടോ പിടിച്ചതും, ഓട്ടോക്കാരാന്റെ ഫോണില്‍ നിന്ന് സുഹൃത്തിനെ വിളിച്ചതുമാണ് ആയങ്കിയുടെ ഒളിവുജീവിതത്തിന്റെ കഥ മാറ്റിയെഴുതിയത്. ഉച്ചയ്ക്ക് മൂന്നരയോടെ ലഭിച്ച ഒറ്റ സൂചനയില്‍ നിന്ന് രാത്രി രണ്ട് മണിക്ക് നടത്തിയ കൃത്യതയാര്‍ന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെയാണ് കണ്ണൂരിലെ അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ക്രമസമാധാന പാലകര്‍ ആയങ്കിയെ പൊക്കിയെടുത്തത്.
കണ്ണൂര്‍ തളിപ്പറമ്പിലെ രഹസ്യ ലോഡ്ജിലായിരുന്നു ആയങ്കി കുറച്ചു ദിവസങ്ങളായി തങ്ങിയിരുന്നത്. എന്നാല്‍ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം തളിപ്പറമ്പിലെ ഒളിത്താവളം മനസ്സിലാക്കിയെന്ന് സൂചന കിട്ടിയതോടെ പ്രതി അവിടെ നിന്നും അതിവേഗം രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഒരു ഓട്ടോറിക്ഷ വിളിച്ച് പയ്യന്നൂര്‍ ഭാഗത്തേക്ക് പുറപ്പെട്ടു. ഈ യാത്രാവേളയിലാണ് ആയങ്കിക്ക് വന്‍ പിഴവ് സംഭവിച്ചത്. സ്വന്തം ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നതിനാല്‍ ഇയാള്‍ ഓട്ടോ ഡ്രൈവറുടെ ഫോണ്‍ വാങ്ങി സുഹൃത്തായ ജിതിനെ വിളിക്കുകയായിരുന്നു.
ആയങ്കിയുടെ പെരുമാറ്റത്തിലും വിളിയിലും സംശയം തോറ്റ ഓട്ടോ ഡ്രൈവര്‍, ഇയാള്‍ ഇറങ്ങിപ്പോയതിന് തൊട്ടുപിന്നാലെ വിവേകപൂര്‍വ്വം വിവരങ്ങള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഈ ഫോണ്‍ കോളാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായത്. ഓട്ടോക്കാരന്‍ നല്‍കിയ ജിതിന്റെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് അതിവേഗം അന്വേഷണം ഊര്‍ജ്ജിതമാക്കി. നിമിഷങ്ങള്‍ക്കകം ജിതിനെ പോലീസ് പൊക്കിയെങ്കിലും ആദ്യഘട്ടത്തില്‍ ഇയാള്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും സത്യം മറച്ചുവെക്കാനും ശ്രമിച്ചു.
തുടര്‍ന്ന് റോഡുകളിലെയും പ്രധാന കവലകളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച പോലീസ് ജിതിന് മുന്നില്‍ നിരത്തിയതോടെ ഇയാള്‍ക്ക് നിവര്‍ത്തിയില്ലാതായി. ജിതിന്റെ കാറിലാണ് ആയങ്കി യാത്ര ചെയ്തതെന്നും, കണ്ണൂര്‍ നഗരത്തിലെ ഒരു ലേഡി അഡ്വക്കറ്റിന്റെ ഫ്‌ലാറ്റിലേക്കാണ് ഇയാള്‍ പോയതെന്നും ജിതിന്‍ തുറന്നുപറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെ ആയങ്കി ഈ ഫ്‌ലാറ്റില്‍ എത്തിച്ചേര്‍ന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പോലീസിന് ലഭിച്ചതോടെ അന്വേഷണ സംഘം ആസൂത്രിത നീക്കത്തിലേക്ക് കടന്നു.
ഉച്ചയ്ക്ക് ലഭിച്ച കൃത്യമായ തുമ്പ് അടിസ്ഥാനമാക്കി ഉത്തരമേഖലാ ഡി.ഐ.ജി കെ. കാര്‍ത്തികിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പഴുതടച്ച പ്ലാന്‍ തയ്യാറാക്കി. അപ്പാര്‍ട്ട്‌മെന്റ് വളഞ്ഞ് പുലര്‍ച്ചെ രണ്ട് മണിയോടെ പോലീസ് മിന്നലാക്രമണം നടത്തുകയായിരുന്നു. ഫ്‌ലാറ്റില്‍ പോലീസ് എത്തിയെന്ന് മനസിലായതോടെ ആയങ്കി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും, കെട്ടിടത്തിന് ചുറ്റും മുന്‍കൂട്ടി നിലയുറപ്പിച്ചിരുന്ന പോലീസ് സംഘം ഇയാളെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.
ആഭ്യന്തര മന്ത്രിയെയും പോലീസിനെയും സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പരാതിയിലാണ് നിലവിലെ അറസ്റ്റ്. കോതമംഗലത്ത് ക്രിമിനല്‍ പ്രവര്‍ത്തനത്തിന് കസ്റ്റഡിയിലായ ശേഷം ജാമ്യത്തിലിറങ്ങി ഇന്‍സ്‌പെക്ടര്‍മാര്‍ക്കെതിരെ ഇന്‍സ്റ്റഗ്രാമിലൂടെ ഭീഷണി മുഴക്കിയതിനാണ് കേസ് എടുത്തിരുന്നത്. കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയിട്ടും ഒളിവിലിരുന്ന് പോലീസിനെയും മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വീണ്ടും വെല്ലുവിളിച്ചതാണ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ കാരണം.
വൈദ്യപരിശോധനയ്ക്കായി ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴും യാതൊരു കുറ്റബോധവുമില്ലാതെയാണ് ആയങ്കി പെരുമാറിയത്. 'ഞാന്‍ കീഴടങ്ങാന്‍ വന്നതല്ല, പോലീസിനെ വെല്ലുവിളിച്ചിട്ടില്ല, ന്യായമായ കാര്യങ്ങളാണ് പറഞ്ഞത്' എന്ന് അവകാശപ്പെട്ട ഇയാള്‍ 'കടലില്‍ കാണാതായവരെ കിട്ടിയോ?' എന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോലീസിനെ പരിഹസിക്കുകയും ചെയ്തു. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്, തട്ടിക്കൊണ്ടുപോകല്‍, വധശ്രമം, വനിതാ ടി.ടി.ഇയോട് മോശമായി പെരുമാറിയ സംഭവം തുടങ്ങി നിരവധി ഗുരുതര കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്.
അതേസമയം, ഒളിവിലിരുന്ന് അര്‍ജുന്‍ ആയങ്കി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വെല്ലുവിളി പോസ്റ്റുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഇയാളുടെ സഹോദരന്‍ അജയ് ആയങ്കിയെ കോഴിക്കോട് നടക്കാവില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കരുതല്‍ തടങ്കലില്‍ എടുത്ത ഇയാളെ, കുറ്റവാളിയെ സഹായിച്ച കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിക്ക് സോഷ്യല്‍ മീഡിയ ഹാന്‍ഡ്ലുകള്‍ ഒരുക്കിക്കൊടുത്തത് അജയ് ആണെന്ന് തെളിഞ്ഞിട്ടുണ്ട്.
ആയങ്കിയെ ഒളിവ് ജീവിതത്തില്‍ സഹായിച്ച അഭിഭാഷക ഉള്‍പ്പെടെയുള്ള മറ്റ് കണ്ണികളിലേക്കും അന്വേഷണം നീളുകയാണ്. കുറ്റവാളിയെ സംരക്ഷിക്കാന്‍ ശ്രമിച്ച എല്ലാവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കും. അറസ്റ്റിലായ ആയങ്കിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരം തുടര്‍ ചോദ്യം ചെയ്യലുകള്‍ക്കായി എറണാകുളത്തേക്ക് മാറ്റാനാണ് തീരുമാനം.
വെറുമൊരു ഓട്ടോ ഡ്രൈവറുടെ ജാഗ്രതയില്‍ തുടങ്ങി, ശാസ്ത്രീയമായ സി.സി.ടി.വി പരിശോധനയിലൂടെ പുലര്‍ച്ചെ രണ്ടു മണിക്ക് പൂര്‍ത്തിയാക്കിയ ഈ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' കേരള പോലീസിന്റെ മികവിന് മാറ്റുകൂട്ടുന്നതായി. പോലീസിന്റെ കഴിവുകേടുകളെ പരിഹസിച്ച കുറ്റവാളി ഒടുവില്‍ അതെ പോലീസിന്റെ കൈകള്‍ക്കുള്ളില്‍ കൈവിലങ്ങണിഞ്ഞു നില്‍ക്കുന്ന കാഴ്ചയ്ക്കാണ് കണ്ണൂര്‍ സാക്ഷ്യം വഹിച്ചത്.
