ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയില്‍ കടുത്ത മാനസിക വിഷമങ്ങളെത്തുടര്‍ന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികള്‍ ഒന്നിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ചു. ഒന്നിച്ച് വളരുകയും പത്താം ക്ലാസ് വരെ ഒരേ സ്‌കൂളില്‍ പഠിക്കുകയും ചെയ്ത ഭദോഹി സ്വദേശികളായ കവിത (18), സാധന (19) എന്നിവരാണ് അതീവ മാരകമായ വിഷം കഴിച്ചത്. ചികിത്സയിലിരിക്കെ കവിതയ്ക്ക് ജീവന്‍ നഷ്ടമായി. സാധന ഗുരുതരാവസ്ഥ തരണം ചെയ്ത് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. തങ്ങളുടെ വ്യക്തിപരമായ ജീവിതത്തിലെ കടുത്ത പ്രതിസന്ധികള്‍ പരസ്പരം ചര്‍ച്ച ചെയ്തതിനു പിന്നാലെ ഇരുവരും മാരക വിഷഗുളികകള്‍ വാങ്ങി കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വ്യക്തിപരമായ ജീവിതത്തിലെ കടുത്ത പ്രതിസന്ധികളും വിഷമങ്ങളും പരസ്പരം ചര്‍ച്ച ചെയ്തതിനു പിന്നാലെ, വെള്ളിയാഴ്ച ഇരുവരും സാധനയുടെ വീട്ടിലെത്തുകയും ധാന്യങ്ങള്‍ കേടുവരാതിരിക്കാന്‍ ഉപയോഗിക്കുന്ന അലുമിനിയം ഫോസ്ഫൈഡ് അടങ്ങിയ മാരക വിഷഗുളികകള്‍ വാങ്ങി കഴിക്കുകയുമായിരുന്നു. കവിത രണ്ട് ഗുളികകളും സാധന ഒരു ഗുളികയുമാണ് കഴിച്ചത്. പ്രണയിച്ച വ്യക്തിയുമായി വിവാഹം നടത്തിക്കൊടുക്കാന്‍ കുടുംബാംഗങ്ങള്‍ വിസമ്മതിച്ചതിന്റെ കടുത്ത മാനസിക വിഷമത്തിലായിരുന്നു കവിത. സാധനയാകട്ടെ, രണ്ട് മാസം മുന്‍പ് സ്വന്തം സമ്മതമില്ലാതെ വീട്ടുകാര്‍ നടത്തിക്കൊടുത്ത വിവാഹത്തിന്റെ മനോവിഷമത്തിലായിരുന്നു. ഭര്‍ത്താവിനെ ഇഷ്ടപ്പെടാതിരുന്ന സാധന കഴിഞ്ഞ ഒരു മാസമായി സ്വന്തം വീട്ടിലായിരുന്നു താമസം.
വെള്ളിയാഴ്ച വൈകുന്നേരം വീട്ടിലെത്തിയ സാധനയുടെ മാതാപിതാക്കളാണ് ഇരുവരേയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കവിതയുടെ കുടുംബത്തെയും പൊലീസിനെയും വിവരമറിയിക്കുകയും, എല്ലാവരും ചേര്‍ന്ന് ആംബുലന്‍സില്‍ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. നില അതീവ ഗുരുതരമായതിനെത്തുടര്‍ന്ന് കവിതയെ വാരണാസിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രി വൈകി ജീവന്‍ നഷ്ടമായി. വാരണാസിയിലെ ആശുപത്രിയിലാണ് കവിത മരിച്ചത്. നിലവില്‍ സാധനയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ മജിസ്ട്രേറ്റിനു മുന്നില്‍ സാധനയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കവിതയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചതായും, കേസില്‍ വിശദമായ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും സര്‍ക്കിള്‍ ഓഫീസര്‍ സുമിത് ത്രിപാഠി അറിയിച്ചു.
