'പറഞ്ഞത് എന്താണെന്ന് എനിക്കറിയാം; തെറ്റിദ്ധരിച്ചവരെയൊന്നും മാറ്റാന്‍ കഴിയില്ല'; മറ്റുള്ളവരുടെ പ്രതികരണങ്ങള്‍ അലോസരപ്പെടുത്താറില്ല; എനിക്ക് എന്റെ ഊര്‍ജം നഷ്ടപ്പെടുത്താന്‍ താല്‍പര്യമില്ല'; വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് വിസ്മയ മോഹന്‍ലാല്‍; സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്ക് മുഖമില്ലെന്ന് മോഹന്‍ലാല്‍; ആക്രമിക്കുന്നവര്‍ സന്തോഷിക്കട്ടേയെന്ന് സുചിത്ര

'പറഞ്ഞത് എന്താണെന്ന് എനിക്കറിയാം; തെറ്റിദ്ധരിച്ചവരെയൊന്നും മാറ്റാന്‍ കഴിയില്ല'; മറ്റുള്ളവരുടെ പ്രതികരണങ്ങള്‍ അലോസരപ്പെടുത്താറില്ല; എനിക്ക് എന്റെ ഊര്‍ജം നഷ്ടപ്പെടുത്താന്‍ താല്‍പര്യമില്ല'; വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് വിസ്മയ മോഹന്‍ലാല്‍; സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്ക് മുഖമില്ലെന്ന് മോഹന്‍ലാല്‍; ആക്രമിക്കുന്നവര്‍ സന്തോഷിക്കട്ടേയെന്ന് സുചിത്ര


കൊച്ചി: ഡല്‍ഹിയില്‍ അരങ്ങേറിയ സിജെപി സമരത്തെ പിന്തുണച്ചതില്‍ നേരിട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വിസ്മയ മോഹന്‍ലാല്‍. പറഞ്ഞത് എന്താണെന്നു തനിക്ക് വ്യക്തമാണെന്നും തെറ്റിദ്ധരിച്ചവരെ മാറ്റാന്‍ കഴിയില്ലെന്നും വിസ്മയ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിസ്മയയുടെ ആദ്യ ചിത്രമായ 'തുടക്കം' റിലീസാകുന്നതിനു മുന്നോടിയായുള്ള അഭിമുഖത്തില്‍ മാതാപിതാക്കളായ മോഹന്‍ലാലിനും സുചിത്ര മോഹന്‍ലാലിനും ഒപ്പം സംസാരിക്കുകയായിരുന്നു അവര്‍. വിസ്മയയുടെ അഭിപ്രായത്തെ ലാലും സുചിത്രയും പിന്തുണച്ചു.

''എനിക്ക് എന്നെ മാത്രമേ നിയന്ത്രിക്കാനാവൂ. എന്റെ വാക്കുകളെ മാത്രമേ നിയന്ത്രിക്കാനാവൂ. മറ്റാരെയും നിയന്ത്രിക്കാനാവില്ല. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ പ്രതികരണങ്ങള്‍ അലോസരപ്പെടുത്താറില്ല. എനിക്ക് എന്റെ ഊര്‍ജം നഷ്ടപ്പെടുത്താന്‍ താല്‍പര്യമില്ല'' - വിസ്മയ പറഞ്ഞു.

സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കു മുഖമില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ''സമൂഹമാധ്യമങ്ങളെ പേടിച്ചു ജീവിക്കേണ്ട കാലമാണിത്. അത്തരം കാര്യങ്ങള്‍ ചെയ്യുന്നതില്‍ സന്തോഷിക്കുന്നവരുണ്ട്. അതു ഗൗനിക്കുന്നില്ല. കൂടുതല്‍ ആക്രമണം നേരിട്ടത് ഞാനാണ്. വിസ്മയയ്ക്കു സംസാരിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്. വിസ്മയ ഒരു വ്യക്തിയാണ്. സംസാരിക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്. എന്തു പറഞ്ഞാലും കുഴപ്പമായി മാറുന്ന ഒരു സമയമുണ്ട്. ഞാനൊക്കെ അതില്‍ക്കൂടിയാണു കടന്നുപോകുന്നത്. പോപ്പുലാരിറ്റി കൂടുമ്പോഴാണ് കുഴപ്പം ഉണ്ടാവുന്നത്'' - മോഹന്‍ലാല്‍ പറഞ്ഞു. ആക്രമിക്കുന്നവര്‍ സന്തോഷിക്കട്ടേയെന്നായിരുന്നു സുചിത്ര മോഹന്‍ലാലിന്റെ പ്രതികരണം. ചിന്തിക്കാനും പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം മക്കള്‍ക്കുണ്ടെന്നും ചിന്തിക്കുന്നവരോടു പ്രകടിപ്പിക്കേണ്ട എന്നു പറയാനാകില്ലെന്നും സുചിത്ര പറഞ്ഞു.

അതേ സമയം പ്രണവിന്റെയും വിസ്മയയുടെയും സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞതിലെ സന്തോഷം മോഹന്‍ലാല്‍ നേരത്തെ പങ്കുവച്ചിരുന്നു. മകള്‍ വിസ്മയയുടെ അരങ്ങേറ്റ ചിത്രമായ തുടക്കത്തെക്കുറിച്ച് അതിന്റെ സംവിധായകന്റെ അഭിപ്രായമാണ് തനിക്കുമെന്ന് മോഹന്‍ലാല്‍. ഭയങ്കര പ്രകീക്ഷയുമായൊന്നും വരേണ്ടെന്നും ഇതൊരു സാധാരണ സിനിമയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. തുടക്കം ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ എത്തുന്നുണ്ട്. മകന്‍ പ്രണവ് നായകനായി അരങ്ങേറിയ ആദി എന്ന ചിത്രത്തിലും മോഹന്‍ലാലിന്റെ ഗസ്റ്റ് അപ്പിയറന്‍സ് ഉണ്ടായിരുന്നു. ഇതേക്കുറിച്ചൊക്കെ വൈകാരികത നിറഞ്ഞ വാക്കുകളോടെയാണ് മോഹന്‍ലാല്‍ സദസിനെ തൊട്ടത്.

''ആദ്യം ജീത്തുവിനോട് ഒരു നന്ദി പറയുന്നു. എന്റെ മോന്‍ അഭിനയിച്ച സിനിമയില്‍ (ആദി) എനിക്കൊരു ചാന്‍സ് തന്നതിന്. അതുപോലെ തന്നെ ജൂഡിനോടും. വളരെ നന്ദി എന്നെക്കൂടി ഉള്‍ക്കൊള്ളിച്ചതിന്. ഡബ്ബ് ചെയ്ത ഭാഗം മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. സിനിമ കാണാന്‍ വേണ്ടി കാത്തിരിക്കുകയാണ്. ജൂഡ് പറഞ്ഞത് തന്നെയാണ് ഞാനും പറയുന്നത്. ഭയങ്കര പ്രതീക്ഷയുമായിട്ടൊന്നും വരണ്ട. ഒരു സാധാരണ സിനിമയാണ്. അങ്ങനെയല്ലേ പറയാന്‍ പറ്റൂ, കാരണം സിനിമ കണ്ടിട്ടാണ് ആളുകള്‍ തീരുമാനിക്കുന്നത് ഇത് ഭയങ്കര ഒരു സിനിമയാണോ എന്നത്. തുടക്കം എന്ന് പറയുന്നത് ഒരു ബിഗിനിംഗ് ആണ്. ആദി എന്ന് പറയുന്നത് ഒരു ബിഗിനിംഗ് ആണ്. എന്റെ ആദ്യത്തെ സിനിമയുടെ പേര് തിരനോട്ടം എന്നാണ്. അതും ഒരു ബിഗിനിംഗ് ആയിരുന്നു'', മോഹന്‍ലാല്‍ പറഞ്ഞു.

''നമ്മള്‍ വിചാരിക്കാത്ത ഒരുപാട് കാര്യങ്ങള്‍ ജീവിതത്തില്‍ നടക്കുന്നതിന്റെ കൂടെ നടന്നുപോകുന്ന കാര്യങ്ങളാണ്. എനിക്ക് ഇഷ്ടപ്പെട്ട ഒരു വാക്കാണ് വിസ്മയം എന്നത്. അത് അത്ഭുതത്തിനും മുകളിലുള്ള ഒന്നാണ്. എന്റെ മകള്‍ക്കും വീടിനുമൊക്കെ അങ്ങനെ പേരിടാന്‍ തോന്നി. പിന്നെ ജോ, അവന്‍ എന്റെ മകനെപ്പോലെയാണ്. എന്റെ മകന്റെയും മകളുടെയും സിനിമയില്‍ അതിന്റെ ഇടയില്‍ നില്‍ക്കാന്‍ ഒരു ഭാഗ്യം കിട്ടിയതില്‍ വലിയ സന്തോഷം. തുടക്കം എന്ന സിനിമ ഈശ്വരന്റെ കൃപയാല്‍ വിജയിക്കുന്ന ഒരു സിനിമയാവട്ടെ'', മോഹന്‍ലാലിന്റെ വാക്കുകള്‍.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്. ഏഴാം തീയതിയാണ് ചിത്രത്തിന്റെ റിലീസ്. 2018 എന്ന വന്‍ വിജയം നേടിയ ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന കൗതുകവും ഈ പ്രോജക്റ്റില്‍ ഇന്‍ഡസ്ട്രിക്ക് ഉണ്ട്.