കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്‌ക്കെതിരെ ഉയര്‍ന്ന ജാതിവിവേചനത്തില്‍ പ്രതിഷേധിച്ച് ആര്‍.എസ്.എസ് ദേശീയ ആസ്ഥാനത്തിനു മുന്നില്‍ മനുസ്മൃതി കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭം

ഖര്‍ഗെ പ്രസംഗിച്ച വേദി ബി.ജെ.പി പ്രവര്‍ത്തകര്‍ 'ശുദ്ധീകരിച്ച' സംഭവം: ആര്‍.എസ്.എസ് ആസ്ഥാനത്തിനു മുന്നില്‍ മനുസ്മൃതി കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം



ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്‌ക്കെതിരെ ഉയര്‍ന്ന ജാതിവിവേചനത്തില്‍ പ്രതിഷേധിച്ച് ആര്‍.എസ്.എസ് ദേശീയ ആസ്ഥാനത്തിനു മുന്നില്‍ മനുസ്മൃതി കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭം. ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബിന്റെ നേതൃത്വത്തിലായിരുന്നു ഡല്‍ഹിയിലെ ആര്‍.എസ്.എസ് ഹെഡ്ക്വാട്ടേഴ്‌സിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. ഒരു കയ്യില്‍ ഭരണഘടനയുടെ പതിപ്പ് ഉയര്‍ത്തിപ്പിടിച്ചും മനുസ്മൃതിക്കും ജാതിവിവേചനത്തിനുമെതിരെ ശക്തമായ മുദ്രാവാക്യങ്ങള്‍ വിളിച്ചുമായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം.

'മനുസ്മൃതി നിരസിക്കുക' എന്നെഴുതിയ പോസ്റ്ററുകളേന്തിയായിരുന്നു പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളും മനുസ്മൃതിയില്‍ അധിഷ്ഠിതമായ ബി.ജെ.പി - ആര്‍.എസ്.എസ് പ്രത്യയശാസ്ത്രവും തമ്മിലുള്ള വലിയ പോരാട്ടത്തിനാണ് രാജ്യം ഇന്ന് സാക്ഷ്യം വഹിക്കുന്നതെന്ന് ഉദയ് ഭാനു ചിബ് പറഞ്ഞു. ഈ രാജ്യം നയിക്കപ്പെടുന്നത് ഡോ. ബി.ആര്‍. അംബേദ്കര്‍ രൂപകല്‍പ്പന ചെയ്ത ഭരണഘടന അനുസരിച്ചാണെന്നും അല്ലാതെ മനുസ്മൃതി കൊണ്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മല്ലികാര്‍ജുന്‍ ഖര്‍ഗെ നേരിട്ടത് രാജ്യത്തെ ദളിത് വിഭാഗങ്ങള്‍ക്കാകെ നാണക്കേടുണ്ടാക്കുന്ന വിവേചനമാണെന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ദളിത് സമൂഹത്തെയും ഭരണഘടനയെയും ഒരുപോലെ അപമാനിക്കുന്ന സംഭവമാണ് ഡല്‍ഹിയില്‍ നടന്നത്. പ്രതിഷേധത്തിന് പിന്നാലെ ഉദയ് ഭാനു ചിബിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയതായി യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ ആരോപിച്ചു.

അതേസമയം, ഖര്‍ഗെ പ്രസംഗിച്ച വേദി ബി.ജെ.പി പ്രവര്‍ത്തകര്‍ 'ശുദ്ധീകരിച്ച' സംഭവത്തില്‍ ഭരണകക്ഷിയായ എന്‍.ഡി.എ മുന്നണിക്കുള്ളില്‍ ഭിന്നത രൂക്ഷമായിട്ടുണ്ട്. വിഷയം വലിയ ആശങ്കയുയര്‍ത്തുന്നതാണെന്ന് കേന്ദ്രമന്ത്രിയും ലോക ജനശക്തി പാര്‍ട്ടി നേതാവുമായ ചിരാഗ് പസ്വാന്‍ തുറന്നടിച്ചു. രാജ്യത്തെ സാമൂഹിക സാഹചര്യങ്ങള്‍ ഇപ്പോഴും മാറാതെ തുടരുന്നത് ആശങ്കാജനകമാണെന്ന് പസ്വാന്‍ പറഞ്ഞു. ബി.ജെ.പി - ആര്‍.എസ്.എസ് നേതൃത്വം ശുദ്ധീകരണ ചടങ്ങിനെ ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് സഖ്യകക്ഷി നേതാവായ ചിരാഗ് പസ്വാന്റെ പരസ്യ പ്രതികരണം പുറത്തുവന്നത്.

ഓഗസ്റ്റ് 13-നാണ് താന്‍ പ്രസംഗിച്ച വേദി ബി.ജെ.പി പ്രവര്‍ത്തകര്‍ ഗംഗാജലവും മറ്റും തളിച്ച് 'ശുദ്ധീകരിച്ചു' എന്ന ഗുരുതര ആരോപണവുമായി മല്ലികാര്‍ജുന്‍ ഖര്‍ഗെ രംഗത്തെത്തിയത്. രാജ്യസഭയിലായിരുന്നു ഖര്‍ഗെയുടെ ഈ വെളിപ്പെടുത്തല്‍. താന്‍ ദളിതനായതുകൊണ്ടാണ് ഇത്തരത്തില്‍ ശുദ്ധികലശം നടത്തിയതെന്നും 21-ാം നൂറ്റാണ്ടിലും തൊട്ടുകൂടായ്മയും ജാതീയതയും നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണിതെന്നും ഖര്‍ഗെ ആരോപിച്ചിരുന്നു. ഇത്തരം പ്രവൃത്തികള്‍ ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതാണോ എന്നും, ഇത്തരക്കാര്‍ എങ്ങനെ രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുമെന്നും അദ്ദേഹം ചോദിച്ചിരുന്നു. രാജ്യസഭയിലെ ഖര്‍ഗെയുടെ പരാമര്‍ശം ദേശീയതലത്തില്‍ വലിയ രാഷ്ട്രീയ കൊടുങ്കാറ്റിനാണ് വഴിവെച്ചിരിക്കുന്നത്.