തലശേരി: മൊബൈൽ ഫോൺ പിതാവ് പിടിച്ചുവച്ചതിനെ തുടർന്ന് കാശിക്കു പോകുന്നതായി കുറിപ്പെഴുതി വച്ച് പ്ലസ്ടു വിദ്യാർഥിയെ കാണാതായി. ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ കരിയാട് പുളിയനമ്പ്രത്തെ പതിനേഴുകാരനെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്.
ഓൺലൈൻ ഗെയിം പതിവാക്കിയതിനെ തുടർന്നാണ് പിതാവ് മൊബൈൽ ഫോൺ പിടിച്ചുവച്ചത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് വിദ്യാർഥിയെ കാണാതായത്. ബന്ധുക്കൾ നൽകിയ പരാതിയിൽ ചൊക്ലി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഓൺലൈൻ ഗെയിമിലൂടെ പണം നഷ്ടപ്പെട്ടിരുന്നതായും ഇതേത്തുടർന്നാണ് മൊബൈൽ ഫോൺ പിതാവ് വാങ്ങിവെച്ചതെന്നതുമാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. “ഞാൻ കാശിയിലേക്ക് പോകുന്നു… ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോട് ലയിക്കും’ എന്ന തരത്തിലുള്ള കുറിപ്പ് പഠനമേശയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വിദ്യാർഥിയെ കണ്ടെത്തുന്നതിനായി ചൊക്ലി പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നാട്ടുകാരും ബന്ധുക്കളും അന്വേഷണത്തിൽ പങ്കാളികളാണ്.
മൂന്നു ദിവസമായിട്ടും മകനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിന്റെ വേദനയിലാണ് കുടുംബം. ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹികരംഗത്തെ നേതാക്കളും വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നുണ്ട്. കുട്ടിയെ എത്രയും വേഗം കണ്ടെത്തി കുടുംബത്തിന് ആശ്വാസം പകരാൻ പോലിസ് ഊർജിതമായി ഇടപെടണമെന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി ആവശ്യപ്പെട്ടു.

