സീറ്റ് ബെൽറ്റ് ധരിക്കില്ലെന്ന് വാശി, സീറ്റിൽ എഴുന്നേറ്റുനിന്ന് കുട്ടി ; ഒടുവിൽ വിമാനം തന്നെ റദ്ദാക്കി, യാത്രക്കാർ കുടുങ്ങി
സീറ്റ് ബെൽറ്റ് ധരിക്കാൻ വിസമ്മതിച്ച് സീറ്റിൽ നിന്ന് എഴുന്നേറ്റ് നിന്ന കുട്ടിയെ സുരക്ഷിതമായി ഇരുത്താൻ കഴിയാതെ വന്നതോടെ കാനഡയിൽ വിമാനം റദ്ദാക്കി. വിക്ടോറിയയിൽ നിന്ന് ടൊറന്റോയിലേക്ക് പുറപ്പെടേണ്ട പോർട്ടർ എയർലൈൻസ് വിമാനമാണ് റദ്ദാക്കിയത്. സംഭവത്തെ തുടർന്ന് വിമാനത്തിലെ യാത്രക്കാർക്ക് രാത്രി മുഴുവൻ വിക്ടോറിയയിൽ കഴിയേണ്ടിവന്നു.റൺവേയിലേക്ക് നീങ്ങുന്നതിനിടെ കുട്ടി എഴുന്നേറ്റുവ്യാഴാഴ്ച (ഓഗസ്റ്റ് 6) വിക്ടോറിയ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട PD444 വിമാനം റൺവേയിലേക്ക് നീങ്ങുന്നതിനിടെയാണ് കുട്ടി സീറ്റിൽ എഴുന്നേറ്റ് നിൽക്കുന്നതായി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. കുട്ടിയോട് സീറ്റ് ബെൽറ്റ് ധരിക്കാൻ ആവശ്യപ്പെട്ടെങ്കിലും കുട്ടി തയ്യാറായില്ല. മാതാപിതാക്കളും ക്യാബിൻ ജീവനക്കാരും ചേർന്ന് കുട്ടിയെ സീറ്റിലിരുത്തി ബെൽറ്റ് ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.സുരക്ഷാ പ്രശ്‍നം; വിമാനം ടെർമിനലിലേക്ക് തിരിച്ചെത്തിച്ചു സീറ്റ് ബെൽറ്റ് ധരിക്കാതെ കുട്ടി നിൽക്കുന്ന സാഹചര്യത്തിൽ വിമാനം പറത്തുന്നത് സുരക്ഷിതമല്ലെന്ന് ജീവനക്കാർ വിലയിരുത്തി. തുടർന്ന് വിമാനം ടെർമിനലിലേക്ക് തിരിച്ചെത്തിക്കുകയും കുട്ടിയെയും മാതാപിതാവിനെയും വിമാനത്തിൽ നിന്ന് ഇറക്കുകയും ചെയ്തു. “ഒരു ചെറിയ കുട്ടി സീറ്റിൽ എഴുന്നേറ്റ് നിൽക്കുകയും സീറ്റ് ബെൽറ്റ് സുരക്ഷിതമായി ധരിക്കാൻ വിസമ്മതിക്കുകയും ചെയ്തു. ഈ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ വിമാനം ടേക്ക് ഓഫ് ചെയ്യാൻ കഴിയില്ലായിരുന്നു,” പോർട്ടർ എയർലൈൻസ് അറിയിച്ചു.റൺവേ അടച്ചതോടെ യാത്ര മുടങ്ങി.കുട്ടിയെയും മാതാപിതാവിനെയും ലഗേജുകളടക്കം വിമാനത്തിൽ നിന്ന് ഇറക്കുന്നതിനും ആവശ്യമായ രേഖകളും പുതിയ ഫ്ലൈറ്റ് പ്ലാനുകളും തയ്യാറാക്കുന്നതിനും സമയം എടുത്തു. ഇതിനിടെ സമയം രാത്രി 12.30 കഴിഞ്ഞു. ഇതോടെ വിക്ടോറിയ വിമാനത്താവളത്തിലെ റൺവേ രാത്രിയിലേക്ക് അടച്ചു. ഫലമായി വിമാനം അന്നത്തെ ദിവസം യാത്ര തുടരാൻ കഴിയാതെ വന്നു. യാത്രക്കാരെ അടുത്ത ദിവസം പുതിയ വിമാനത്തിൽ ടൊറന്റോയിലേക്ക് അയക്കുകയായിരുന്നു. സംഭവത്തിൽ മറ്റ് യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ പോർട്ടർ എയർലൈൻസ് ഖേദം പ്രകടിപ്പിച്ചു.