കറുത്ത ബാഡ്ജ് ധരിച്ച് ഓഫീസിലെത്തുമെന്നും തിങ്കളാഴ്ച മുതൽ പെറ്റി പിരിക്കില്ലെന്നും എഎംവിഐമാ‍‍ർ അടക്കമുള്ള ഉദ്യോ​ഗസ്ഥർ വകുപ്പിലെ വണ്ടിയോടിക്കില്ലെന്നും സംഘടനകൾ അറിയിച്ചു.


ഇന്നുമുതൽ പെറ്റി പിരിക്കില്ല, എഐ ക്യാമറ പെറ്റിക്ക് അനുമതി നൽകില്ല, എഎംവിഐമാർ വണ്ടിയും ഓടിക്കില്ല; പ്രതിഷേധം ശക്തമാക്കി മോട്ടോർ വാഹനവകുപ്പിലെ സംഘടനകൾ


തിരുവനന്തപുരം: പത്തനംതിട്ടയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം ശക്തമാക്കി മോട്ടോർ വാഹനവകുപ്പിലെ സംഘടനകൾ. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധദിനമായി ആചരിക്കാനാണ് സംഘടനകളുടെ ആഹ്വാനം.ഇതിന്റെ ഭാ​ഗമായി കറുത്ത ബാഡ്ജ് ധരിച്ച് ഓഫീസിലെത്തുമെന്നും തിങ്കളാഴ്ച മുതൽ പെറ്റി പിരിക്കില്ലെന്നും എഎംവിഐമാ‍‍ർ അടക്കമുള്ള ഉദ്യോ​ഗസ്ഥർ വകുപ്പിലെ വണ്ടിയോടിക്കില്ലെന്നും സംഘടനകൾ അറിയിച്ചു. മോട്ടോർ വാഹനവകുപ്പിലെ ജീവനക്കാരുടെ സംഘടനകളായ KAMVIA, KMVDGOA എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഓ​ഗസ്റ്റ് 22-ന് ​ഗതാ​ഗത കമ്മിഷണറേറ്റിന് മുൻപിൽ പ്രതിഷേധ ധർണ നടത്താനും തീരുമാനമുണ്ട്.തിങ്കളാഴ്ച മുതൽ ചലാൻ നൽകുന്നതിൽനിന്ന് വിട്ടുനൽകാനാണ് ഉദ്യോ​ഗസ്ഥരുടെ തീരുമാനം. സംസ്ഥാന വ്യാപകമായി സീറോ ചലാൻ എന്നതാണ് ലക്ഷ്യം. ഉദ്യോ​ഗസ്ഥരുടെ ജോലി റോഡ് സുരക്ഷാ പ്രവർത്തനങ്ങളിൽ മാത്രം പരിമിതപ്പെടുത്തും. എഐ ക്യാമറകൾ വഴിയുള്ള പെറ്റിയും തിങ്കളാഴ്ച മുതൽ ഉണ്ടാകില്ല. എഐ ക്യാമറ വഴിയുള്ള ചലാനുകൾക്ക് അം​ഗീകാരം നൽകേണ്ടത് എംവിഐമാരാണ്. ഇതിൽനിന്നും ഉദ്യോ​ഗസ്ഥർ വിട്ടുനൽക്കും. ഡ്രൈവർമാരുടെ അഭാവത്തിൽ പലയിടത്തും വാഹനങ്ങൾ ഓടിക്കുന്നത് എഎംവിഐമാരാണ്. എന്നാൽ, ഇനിമുതൽ ഉദ്യോ​ഗസ്ഥർ വണ്ടിയോടിക്കേണ്ടതില്ലെന്നാണ് തീരുമാനം. മാത്രമല്ല, ഫെയ്സ് ആപ്പിലെ ആശങ്കകൾ ദുരീകരിക്കാത്തതിനാൽ ഫെയ്സ് ആപ്പ് വഴി ഹാജർ നൽകില്ലെന്നും സംഘടനകൾ അറിയിച്ചിട്ടുണ്ട്.പത്തനംതിട്ട അടൂരിൽ പ്രളയ രക്ഷാപ്രവർത്തനത്തിന് എത്തിയ ജീപ്പിന് പിഴയിട്ടെന്ന ആരോപണമുയർന്നിരുന്നു. ഇതിനുപിന്നാലെ പിഴയിട്ട രണ്ട് ഉ​ദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഈ നടപടിയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥരിൽ വ്യാപക പ്രതിഷേധത്തിനിടയാക്കിയത്.അടൂരിലെ എഎംവിമാരായ ബി.എസ്. ലൈജു, ഷം. ഷമീർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. എന്നാൽ, പ്രളയ രക്ഷാപ്രവർത്തനത്തിനിടയല്ല, അടൂരിൽ പതിവ് വാഹനപരിശോധനയ്ക്കിടെയാണ് വാഹനത്തിന് പിഴയിട്ടതെന്നാണ് ഉദ്യോ​ഗസ്ഥർ പറയുന്നത്. വാഹനത്തിന് പിഴയിട്ടത് വിവാദമായതോടെ ആറന്മുള എംഎൽഎ അബിൻ വർക്കി ഇടപെട്ട് പിഴ ഒഴിവാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് വാഹനത്തിന് പിഴയിട്ട ഉദ്യോ​ഗസ്ഥരുടെ നടപടി അനൗചിത്യമായെന്ന് ചൂണ്ടിക്കാട്ടി ഇവരെ സസ്പെൻഡ് ചെയ്തത്