വിദ്യാർഥികൾക്ക് കോളടിച്ചു; സൗജന്യ ലാപ്ടോപ്, സൈക്കിൾ, എഐ ട്രെയിനിങ്; വിജയയുടെ ആദ്യബജറ്റ്

വിദ്യാഭ്യാസമേഖലയിൽ വൻ പ്രഖ്യാപനങ്ങളുമായി ടിവികെ സർക്കാരിന്റെ ആദ്യബജറ്റ്. കോളജ് വിദ്യാർഥികൾക്ക് സൗജന്യ ലാപ്ടോപ് നൽകുന്ന ‘വെട്രി ലാപ്ടോപ്’ പദ്ധതിക്ക് 2000 കോടി രൂപ വകയിരുത്തി. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന 5.3 ലക്ഷം പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഹെൽമെറ്റും വാട്ടർ ബോട്ടിലും സഹിതമുള്ള സൈക്കിളുകൾ നൽകുമെന്നും ധനമന്ത്രി എൻ. മേരി വിൽസൺ പ്രഖ്യാപിച്ചു. ‘പുതിയ പയനം, പുതിയ വേഗം’ എന്ന് പേരിട്ട പദ്ധതിക്ക് 277 കോടി രൂപ നീക്കിവച്ചു.
മുൻമുഖ്യമന്ത്രി കെ. കാമരാജിന്റെ പേരിൽ “പെരുന്തലൈവർ കാമരാജ് മോഡൽ സ്കൂൾസ് പദ്ധതി’ പദ്ധതി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ആധുനിക റസിഡൻഷ്യൽ സ്‌കൂളുകൾ സ്‌ഥാപിക്കും.
ഒൻപത് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം, ഭക്ഷണം, യൂണിഫോം, താമസം, പാഠപുസ്‌തകങ്ങൾ എന്നിവ സൗജന്യമായി നൽകും.
ആരോഗ്യസംരക്ഷണത്തിനും പ്രത്യേകപദ്ധതിയുണ്ട്. സ്കൂൾ അടിസ്ഥാന സൗകര്യ വികസനത്തിനായി 125 കോടി രൂപ വകയിരുത്തി.
ടി.എൻ-സുദർ (TN-SUDAR) പദ്ധതിയുടെ കീഴിൽ 3200 കോടി രൂപ ചെലവിൽ 200 ആധുനിക സ്കൂൾ ഹോസ്‌റ്റലുകൾ നിർമിക്കും. ഇതിനായി ‘സ്പെഷൽ പർപ്പസ് വെഹിക്കിൾ’ (തമിഴ്‌നാട് സ്റ്റുഡന്റ് ഹോസ്റ്റൽസ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചർ കോർപ്പറേഷൻ) സ്‌ഥാപിക്കുന്നതിന് 10 കോടി രൂപ വകയിരുത്തി. ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ ചട്ടക്കൂടിലൂടെ പൊതു-സ്വകാര്യപങ്കാളിത്ത രീതിയിലാണ് പദ്ധതി നടപ്പിലാക്കുക. നിർമാണത്തിന് സർക്കാർ 640 കോടി രൂപയുടെ ഗ്രാൻ്റ് നൽകും.
‘സൂപ്പർ ക്ലീൻ, സൂപ്പർ ക്യാമ്പസ്’ പദ്ധതിയുടെ കീഴിൽ ആദ്യ ഘട്ടത്തിൽ 10,000 സ്കൂളുകളിൽ ശുചീകരണം, കുടിവെള്ളം, ടോയ്‌ലറ്റ് പരിപാലനം, 24 മണിക്കൂറും സുരക്ഷ എന്നിവ ഉറപ്പാക്കും. ഈ പദ്ധതിക്ക് 139 കോടി രൂപ അനുവദിച്ചു. “പള്ളി നിറൈവു’ പദ്ധതിയുടെ കീഴിൽ 2,132 കോടി രൂപ ചെലവിൽ 3,734 സർക്കാർ സ്കൂളുകൾ ആധുനികവൽക്കരിക്കും. ഇതിനായി ബജറ്റിൽ 300 കോടി രൂപ നീക്കിവച്ചു.
2026-27 സാമ്പത്തികവർഷം സ്കൂൾ വിദ്യാഭ്യാസ വകുപ്പിന് 44,527 കോടി രൂപയും ഉന്നത വിദ്യാഭ്യാസ വകുപ്പിന് ആകെ 8,393 കോടി രൂപയുമാണ് ആകെ ബജറ്റ് വിഹിതം. സ്‌കൂൾ പാഠ്യപദ്ധതി പരിഷ്കരണ പരിപാടിയായ ‘കറ്റലിൽ മുതലിടം തമിഴ്‌നാട്’ പദ്ധതിക്കായി ആകെ 25 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി എൻ. മേരി വിൽസൺ പറഞ്ഞു
