കുട്ടികളുടെ റോബോട്ട് കളിപ്പാട്ടത്തില്‍ എംഡിഎംഎ; കണ്ണൂരില്‍ ബംഗളൂരു പാര്‌സല്‍ വഴിയെത്തിയ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

കുട്ടികളുടെ റോബോട്ട് കളിപ്പാട്ടത്തില്‍ എംഡിഎംഎ; കണ്ണൂരില്‍ ബംഗളൂരു പാര്‌സല്‍ വഴിയെത്തിയ മയക്കുമരുന്നുമായി യുവാവ് പിടിയില്‍



കണ്ണൂര്‍: കുട്ടികളുടെ റോബോട്ട് കളിപ്പാട്ടത്തിനുള്ളില്‍ ഒളിപ്പിച്ച് അതിസാഹസികമായി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പിണറായി പുത്തന്‍കണ്ടം സ്വദേശി എ. ഫൈസല്‍ (33) ആണ് കണ്ണൂര്‍ ടൗണ്‍ പോലീസിന്റെയും ഡാന്‍സാഫ് (DANSAF) ടീമിന്റെയും വിദഗ്ദ്ധമായ നീക്കത്തില്‍ വലയിലായത്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഫൈസലില്‍ നിന്നും 20.5 ഗ്രാം എംഡിഎംഎ (MDMA) പിടിച്ചെടുത്തത്. ചോദ്യം ചെയ്യലില്‍, ഈ റോബോട്ട് കളിപ്പാട്ടം ബംഗളൂരുവില്‍ നിന്നും പാഴ്‌സല്‍ സര്‍വീസ് വഴിയാണ് തനിക്ക് ലഭിച്ചതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണ് വെട്ടിക്കാന്‍ കളിപ്പാട്ടത്തിനുള്ളില്‍ മയക്കുമരുന്ന് പാക്ക് ചെയ്തു എത്തിക്കുന്നതാണ് ഇയാളുടെ ശൈലി.

കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ബി.വി. വിജയ ഭാരത് റെഡ്ഡി ഐപിഎസിന്റെ കര്‍ശന നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. എസ്‌ഐ പി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ എസ്സിപിഒ ബിജു, സിപിഒമാരായ ജിഷാന്ത്, റാസിം, ഡാന്‍സാഫ് ടീം അംഗങ്ങള്‍ എന്നിവരടങ്ങിയ പ്രത്യേക പോലീസ് സംഘമാണ് പ്രതിയെ തന്ത്രപരമായി പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.