മഴക്ക് അൽപ്പം ശമനം:പാറക്കാമലയിലും ഉരുപ്പും കുറ്റിയിലും ഉരുൾ പൊട്ടി ;ആറളത്തും അയ്യൻകുന്നിലും ഉളിക്കലിലും വൻ നാശനഷ്ടം
ഇരിട്ടി: രണ്ടു ദിവസമായി തോരാതെ പെയ്ത മഴക്ക് ഞായറാഴ്ച അൽപ്പം ശമനം വന്നതോടെ ഇരിട്ടിയുടെ മലയോര മേഖലകളിലെ കരകവിഞ്ഞൊഴുകിയ പുഴകൾ ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി. അയ്യൻകുന്ന് പഞ്ചായത്തിലെ പാറക്കാ മലയിലും ഉരുപ്പുംകുറ്റിയിലെ രണ്ടിടങ്ങളിലും ശനിയാഴ്ച രാത്രിയിൽ ഉരുൾപൊട്ടലുണ്ടായി. ജനവാസ മേഖലയില്ലാത്തതിനാൽ ദുരന്തങ്ങളൊന്നും ഉണ്ടായില്ലെങ്കിലും സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങളിലൂടെ പ്രളയജലം ഒഴുകി വ്യാപക കൃഷിനാശം ഉണ്ടായി. റോഡിലേക്ക് കല്ലും മണ്ണും ഒഴുകിയെത്തി ഗതാഗത തടസ്സവും ഉണ്ടായി.
ഉരുപ്പുംകുറ്റിയിലെ ആയാംകുടി മലയിലും കമ്പിപ്പാലത്തിന് സമീപം പാലക്കൽ മാത്യുവിന്റെ കൃഷിയിടത്തിലുമാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഉരുൾ ഒഴുകിയെത്തിയ മേഖലയിൽ വീടുകളൊന്നുമുണ്ടായില്ല എന്നതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. എന്നാൽ കാർഷിക വിളകൾക്ക് വ്യാപക നാശമുണ്ടായി.
വീടുകളിൽ കയറിയ വെള്ളമെല്ലാം ഇറങ്ങിയെങ്കിലും ചെളിവെള്ളവും മാലിന്യങ്ങളും നിറഞ്ഞു കിടക്കുന്നതിനാൽ ഇവ ശുചീകരിച്ചു ശേഷം മാത്രമേ മാറ്റിത്താമസിപ്പിച്ച കുടുംബങ്ങൾക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാനാവുകയുള്ളു. വീടുകൾ വൃത്തിയാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. വെള്ളം കുത്തിയൊഴുകിയതിനെത്തുടർന്ന് തകർന്ന കക്കുവയിലെ ബ്ലോക്ക് 13ലേക്കുള്ള പാലവും റോഡും അറ്റകുറ്റപ്പണികൾ നടത്തി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പഞ്ചായത്ത് അധികൃതർ ആരംഭിച്ചു. ആറളം ഫാമിന് പുറമെ പഞ്ചായത്തിലെ ചതിരൂർ, കോഴിയോട്, ഇടവേലി, പറമ്പത്തെക്കണ്ടി തുടങ്ങിയ പ്രദേശങ്ങളിലും മഴ കനത്ത നാശം വിതച്ചു.
അയ്യൻകുന്നിലെ കാക്കത്തോട് കരകവിഞ്ഞതിനെത്തുടർന്ന് മേഖലയിലെ എട്ടോളം കുടുംബങ്ങളെ മുണ്ടയാംപറമ്പ് ദേവസ്വം എൽ പി സ്‌കൂളിലേക്ക് മാറ്റി. പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥന്റെതുൾപ്പെടെ യുള്ള വീടുകളിലാണ് വെള്ളം കയറിയത്. വെള്ളം ഇറങ്ങിയതോടെ വീടുകൾ വൃത്തിയാക്കിയ ശേഷം കുടുംബങ്ങളെ സ്വന്തം വീടുകളിലേക്ക് മാറ്റും. ആരോഗ്യ - റവന്യൂ വിഭാഗങ്ങൾ സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്. മേഖലയിൽ നിരവധി വീടുകളുടെ മതിൽക്കെട്ടുകളും മറ്റും തകർന്നിട്ടുണ്ട്.
മുൻ വർഷങ്ങളിലെ കാലവർഷത്തിൽ തകർച്ച നേരിട്ട ആറളം - അയ്യൻകുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കളപ്പുരപ്പാലം ഇത്തവണയും മലവെള്ളം കുത്തിയൊഴുകി തകർന്നു. പാലത്തെ ബന്ധിപ്പിക്കുന്ന റോഡ് തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളിയുടെ സിമിത്തേരിയുടെ മതിൽക്കെട്ട് തകർന്ന് പത്തോളം കല്ലറകൾ തകർന്നു. കരിക്കോട്ടക്കരി വളയംകോടെ നസീമ ചെറുകാട്ടുകുളത്തിന്റെ വീട്ടുമുറ്റത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീട് അപകടഭീഷണിയിലായി. കൊട്ടുകാപ്പറക്കു സമീപം നവജ്യോതി കുടിവെള്ള പദ്ധതിയുടെ കിണറിൽ ചെളിവെള്ളം നിറഞ്ഞ് ഉപയോഗശൂന്യമായി. കിണർ മുഴുവൻ വൃത്തിയാക്കിയശേഷമേ വെള്ളം ഉപയോഗിക്കാനാവുകയുള്ളൂ. ഇതിന് സമീപത്തുള്ള പൂവക്കുളം ജോസഫിന്റെ കിണർ ഇടിഞ്ഞു താണു. മേഖലയിലെല്ലാം വ്യാപക കൃഷി നാശവും സംഭവിച്ചു.
ഉളിക്കൽ പഞ്ചായത്തിലെ കോളിത്തട്ടിൽ ആരംഭിച്ച ക്യാമ്പ് തുടരുമ്പോഴും തൊട്ടിപ്പാലത്തെ ക്യാമ്പ് അവസാനിപ്പിച്ചു.
മണിക്കടവ് ടൗണിൽ വെള്ളം കയറി വലിയ നാശനഷ്ടങ്ങൾ ഉണ്ടായി. ഇവിടുത്തെ റേഷൻ കടയിൽ വെള്ളം കയറി 29ചാക്ക് അരിയും 3 ചാക്ക് ഗോതമ്പും നശിച്ചു. വട്ട്യംതോട്, മണിക്കടവ് , വയത്തൂർ തുടങ്ങിയ ഫലങ്ങളിൽ കയറിയ വെള്ളം ഇറങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതവും പുനഃസ്ഥാപിച്ചു.
ആറളം , അയ്യൻകുന്ന് പായം പഞ്ചായത്തുകളിലെ നാശനഷ്ടമുണ്ടായി സ്ഥലങ്ങൾ മന്ത്രി സണ്ണി ജോസഫ് സന്ദർശിച്ചു. അതാതു പഞ്ചായത്തുകളിലെ പ്രസിഡന്റ് മാരും ജനപ്രതിനിധികളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
