
കാസര്‍കോട്: സ്വിമ്മിങ് പൂളില്‍ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നു വയസ്സുകാരന്‍ മരിച്ചു. കാസര്‍കോട് സ്വദേശി മുഹമ്മദ് ഐസാന്‍ യൂസഫ് ആണ് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഓഗസ്റ്റ് 9-ന് രാത്രിയോടെയായിരുന്നു നാടിനെ നൊമ്പരപ്പെടുത്തിയ അപകടം നടന്നത്. മൂടംബയല്‍ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന 'സിഗ്‌നേച്ചര്‍ ഫാംസ്' എന്ന റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളിലാണ് കുട്ടി അബദ്ധത്തില്‍ വീണത്. അപകടത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും, ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് പിഞ്ചുകുഞ്ഞിന്റെ മരണം സംഭവിച്ചത്. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
