'കൈക്കൂലി കൊടുത്തില്ല, ഇനി മുന്നില്‍ മറ്റ് മാര്‍ഗമില്ല'; എംവിഡിക്കെതിരെ കുറിപ്പിട്ട് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

മോട്ടോർ വാഹനവകുപ്പിനെതിരെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ട് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. മലപ്പുറം കൊണ്ടോട്ടി മുണ്ടാംപറമ്പ് സ്വദേശി ഷൗക്കത്താണ് ആത്മഹത്യ ചെയ്തത്. ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് നൽകിയില്ലെന്നാണ് ആരോപണം. കൊണ്ടോട്ടി സബ് ആർ ടി ഓഫീസിനെതിരെയാണ് പരാതി.
തന്റെ മരണത്തിന്റെ ഏക ഉത്തരവാദി കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് മാത്രമാണെന്നും കൈക്കൂലി കൊടുത്തില്ല എന്ന ഏക കാരണം കൊണ്ട് അവർ എന്റെ ജീവിത മാർഗം തന്നെ തകർത്തുവെന്നും പോസ്റ്റില്‍ പറയുന്നു. കഴിഞ്ഞ പത്തു മാസമാണ് താൻ ഏജന്റ്, എംവിഡി ഓഫീസുകൾ കയറി ഇറങ്ങിയതെന്നും ഇനി തന്റെ മുൻപിൽ മറ്റു മാർഗങ്ങളില്ലെന്നും ഷൗക്കത്ത് കുറിച്ചു. തന്റെ ഇഎംഐ മുഴുവൻ മുടങ്ങി കഴിഞ്ഞു. ക്രഡിറ്റ് സ്‌കോർ 820ൽ നിന്ന് 600ലേക്ക് താഴ്ന്നു.
ഏജന്‍റ് ഇല്ലാതെ ഫിറ്റ്നസിനായി എംവിഡി ഉദ്യോഗസ്ഥനെ സമീപിച്ച തനിക്ക് നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഫിറ്റ്നസ് അനുവദിക്കാതിരുന്നതിനെ കുറിച്ചും വിശദമായ പോസ്റ്റും വിഡിയോയും ഷൗക്കത്ത് മുന്‍പ് പങ്കുവച്ചിരുന്നു. ഇതിന്‍റെ ലിങ്കുകളും അവസാന പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
'അടുത്ത ഇര നിങ്ങളാവരുത് എന്നാണെങ്കിൽ മരണത്തിന് ശേഷമെങ്കിലും എനിക്ക് നീതി വാങ്ങി തരിക എന്നതാണ് ഒരു ഇന്ത്യൻ സിറ്റിസൺ എന്ന നിലയിൽ നിങ്ങൾ ഓരോരുത്തരും ചെയ്യേണ്ടത്. എനിക്ക് മാതാപിതാക്കളോ സഹോദരങ്ങളോ, ഭാര്യയോ കുട്ടിയോ ഒന്നുമില്ല. അതിനാൽ മരണത്തിന് ശേഷം ഇന്ത്യൻ നിയമം അനുസരിച്ചു എന്റെ കേസ് നടത്താൻ സ്റ്റേറ്റ് മാത്രമാണ് ഉള്ളത്. അതേ സ്റ്റേറ്റ് കാരണം മരണം വരിക്കേണ്ടി വന്ന എനിക്ക് ഈ സംവിധാനത്തിൽ നിന്നും നീതി കിട്ടാൻ സ്റ്റേറ്റിന്റെ ഭാഗമായ നിങ്ങൾ ഓരോരുത്തരും ശബ്ദമുയർത്തുക എന്നത് മാത്രമാണ് പോംവഴി', ഷൗക്കത്തിന്‍റെ കുറിപ്പില്‍ പറയുന്നു.
'ഒരു പക്ഷെ സർക്കാരിലെ ഉന്നതരെയോ കോടതിയെയോ സമീപിച്ചിരുന്നുവെങ്കിൽ എനിക്ക് ആവശ്യമുള്ള രേഖകൾ സംഘടിപ്പിക്കാൻ സാധിക്കുമായിരുന്നു. പക്ഷെ അതൊരിക്കലും സിസ്റ്റത്തെ തിരുത്താനുള്ള കാരണമായി മാറില്ല. ഏതെങ്കിലും രേഖയ്ക്ക് വേണ്ടി എല്ലാവരും കോടതി കയറി ഇറങ്ങുക എന്നത് അത്ര എളുപ്പമുള്ള പരിഹാരമല്ലല്ലോ. അതിനാൽ തന്നെ സിസ്‌റ്റത്തോടുള്ള പ്രതിഷേധം കൂടിയാണ് എന്റെ ആത്മാഹുതി. മികച്ച ഭരണഘടനയും, ജനാധിപത്യവും, പ്രവർത്തന ക്ഷമമായ സിസ്റ്റവും ഉള്ള നമ്മുടെ രാജ്യത്ത് കടുത്ത അഴിമതി നടക്കുന്നെങ്കിൽ അതിന്റെ പ്രധാന കാരണം ജനം കാര്യക്ഷമമായി ഇടപെടുന്നില്ല എന്നത് തന്നെയാണ്. അതിനാൽ ഞാൻ സ്വന്തം ജീവൻ ബലിയർപ്പിച്ചു അഴിമതിക്കെതിരെ പോരാടാൻ നിങ്ങളോട് ആവശ്യപ്പെടുന്നു.
എന്റെ വിഷയത്തിൽ എപ്പോഴത്തെയും പോലെ ഒരു അന്വേഷണ പ്രഹസനമാണ് നടക്കുന്നത് എങ്കിൽ ഒരു അഴിമതിക്കാരായ എംവിഡി ഉദ്യോഗസ്ഥർ തീർച്ചയായും രക്ഷപ്പെടും. കാരണം അവർ ഉന്നയിക്കുന്ന വാദം എന്റെ വണ്ടി അണ്‍ഫിറ്റ് ആണെന്നതായിരിക്കും. ഞാൻ ചെയ്ത സ്റ്റീൽ വർക്ക് നിയമ വിരുദ്ധം അല്ലെന്ന് കഴിഞ്ഞ രണ്ടു തവണയും സർട്ടിഫൈ ചെയ്തതും പ്രസ്തുത എംവിഡി തന്നെയാണ്. ഇനി അങ്ങനെ അല്ലെന്നും എന്റെ വണ്ടി അടക്കം മറ്റുള്ള വണ്ടികൾക്കും ഫിറ്റ്നസ് അനുവദിക്കുന്ന സമയത്ത് സ്റ്റീൽ വർക്ക് ഇല്ല എന്നുമുള്ള വാദങ്ങളും എംവിഡി ഉന്നയിക്കാൻ സാധ്യതയുണ്ട്. അതെല്ലാം പൊളിക്കാൻ നല്ല രീതിയിൽ അന്വേഷണം നടന്നാൽ മാത്രമേ സാധിക്കൂ. ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രിയും, ഹൈക്കോടതിയും വിഷയത്തിൽ ഇടപെടണമെന്ന് അവസാന ആഗ്രഹമെന്ന നിലയിൽ പറയുന്നു.
