ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍



ന്യൂദല്‍ഹി: പാകിസ്ഥാന് വേണ്ടി രാജ്യത്തിന്റെ സുപ്രധാന പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ വ്യോമസേനാ വിങ് കമാന്‍ഡറെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതര വിവരച്ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും വ്യോമസേനയുടെ ഇന്റലിജന്‍സ് വിഭാഗവും പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇയാള്‍ സഹപ്രവര്‍ത്തകന്റെ ഫോണില്‍ ചാര സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്താണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് കണ്ടെത്തിയതോടെ ദല്‍ഹി പോലീസിന് കേസ് കൈമാറുകയായിരുന്നു. പ്രതിരോധവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങളും രേഖകളും പങ്കുവെച്ചതിന് ഔദ്യോഗിക രഹസ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് കേസെടുത്തത്. ഉദ്യോഗസ്ഥന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഒരുക്കിയ ഹണിട്രാപ്പില്‍ വിങ് കമാന്‍ഡര്‍ കുടുങ്ങുകയായിരുന്നു എന്നാണ് സൂചന. വ്യാജ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ വഴിയോ വിദേശ ഏജന്റുമാര്‍ വഴിയോ ഹണിട്രാപ്പും പണമിടപാടുകളും നടത്തിയാണ് വിവരം ചോര്‍ത്തലിന് വഴിയൊരുക്കിയതെന്നാണ് കണ്ടെത്തല്‍. ഉദ്യോഗസ്ഥന്റെ ഡിജിറ്റല്‍ ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നത് ശക്തമാക്കിയിരുന്നു. തുടര്‍ന്ന് രാജ്സ്ഥാനിലെ അല്‍വാറില്‍ നിന്ന് ഫാക്ടറി ജീവനക്കാരനായ മംഗത് സിങ്ങിനെ അറസ്റ്റ് ചെയതു. സൈനിക ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിച്ച് രഹസ്യ വിവരങ്ങളും പാകിസ്ഥാനിലേക്ക് ചോര്‍ത്തി നല്‍കുകയായിരുന്നു ഇയാള്‍. പണത്തിനായി സോഷ്യല്‍ മീഡിയയില്‍ ‘ഇഷാ ശര്‍മ്മ’ എന്ന വ്യാജ പേരിലുള്ള ഒരു പാകിസ്ഥാനി വനിതാ ഹാന്‍ഡ്‌ലര്‍ വഴിയായിരുന്നു ഇത്. ഇതിന് ശേഷം ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നത് കൂടുതല്‍ ശക്തമാക്കിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി വിങ് കമാന്‍ഡര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി പാകിസ്ഥാന്‍ ഹാന്‍ഡ്ലര്‍മാരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് കണ്ടെത്തിയത്.

വിദേശ ഏജന്‍സികളിലേക്ക് എന്തൊക്കെ വിവരങ്ങളാണ് വിങ് കമാന്‍ഡര്‍ കൈമാറിയതെന്നും ഇതിന് പിന്നില്‍ വന്‍ ശൃംഖല പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്നും ദല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.