ചെറുപുഴ മീന്തുള്ളിയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട തിരുവനന്തപുരം സ്വദേശി ആർ രാജേഷിന്റെ മൃതദേഹം കണ്ടെത്തി. തേജസ്വിനി പുഴയ്ക്ക് നടുവിലെ തുരുത്തിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. നീന്തൽ വിദഗ്ധനും ദുരന്തനിവാരണ സേനാ അംഗവുമായിരുന്നു രാജേഷ്. ചെറുപുഴയിലെ റിവർ റാഫ്റ്റിംഗ് പരിശീലകനാണ്.
ആഗസ്റ്റ് ഒന്നിന് ഉണ്ടായ മണ്ണിടിച്ചിലിൽ കോഴിച്ചാൽ തുരുത്തിൽ ഒറ്റപ്പെട്ടുപോയ ബെന്നി എന്നയാളെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് രാജേഷ് അപകടത്തിൽപ്പെട്ടത്. കൈയിലുണ്ടായിരുന്ന ലൈഫ് ജാക്കറ്റ് ബെന്നിക്ക് നൽകി അദ്ദേഹത്തെ സുരക്ഷിതമായി കരയ്ക്കെത്തിച്ച ശേഷം, രക്ഷാപ്രവർത്തനത്തിന് സ്ഥാപിച്ചിരുന്ന റോപ്പിൽ നിന്നുള്ള പിടിവിട്ട് രാജേഷ് ഒഴുക്കിൽപ്പെടുകയായിരുന്നു.
