
കൊച്ചി: മായ വിട്ടുണരൂ, മാനവനായി വളരൂ എന്ന സന്ദേശവാക്യവുമായി ഈ വര്‍ഷത്തെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് ബാലഗോകുലം കേരളം വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ജന്മാഷ്ടമി ദിനമായ ഇന്ന് സംസ്ഥാനത്തുടനീളം 10,000 ശോഭായാത്രകള്‍ സംഘടിപ്പിക്കും. വിവിധ ശോഭായാത്രകളിലായി രണ്ട് ലക്ഷത്തോളം കൃഷ്ണവേഷധാരികള്‍ ഉള്‍പ്പെടെ അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കുമെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാറും പൊതുകാര്യദര്‍ശി ബി.എസ്. ബിജുവും അറിയിച്ചു.
ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. ആലുവയില്‍ ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണനും തിരുവനന്തപുരം മഹാനഗരത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാറും പരിപാടികളില്‍ പങ്കെടുക്കും.
ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം സംസ്ഥാനത്താകെ സംഘടിപ്പിക്കുന്ന ശോഭായാത്ര അടക്കമുള്ള പരിപാടികളില്‍ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യം. കോഴിക്കോട് മഹാനഗരത്തില്‍ നടന്‍ സന്തോഷ് പണ്ഡിറ്റ്, ദേവഗിരി കോളജ് റിട്ട. പ്രിന്‍സിപ്പല്‍ ജോസ് ജോണ്‍ മല്ലികശ്ശേരി, സ്റ്റാര്‍ സിംഗര്‍ ഫെയിം അര്‍ച്ചന പ്രേമന്‍, ബാലഗോകുലം സംസ്ഥാന പൊതുകാര്യദര്‍ശി ബി.എസ്. ബിജു, ഉത്തരകേരളം ജനറല്‍ സെക്രട്ടറി പി. പ്രശോഭ് എന്നിവര്‍ പങ്കെടുക്കും.
കോട്ടയം സെന്‍ട്രല്‍ ജങ്ഷനില്‍ ശോഭായാത്രയുടെ സംഗമം നടി ശ്രുതി ബാല ഉദ്ഘാടനം ചെയ്യും. ദക്ഷിണ കേരളം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ പങ്കെടുക്കും. സമിതിയംഗം പി. ശ്രീകുമാര്‍ സന്ദേശം നല്‍കും.
കൊച്ചി മഹാനഗരത്തില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ എം. സത്യന്‍ മാസ്റ്റര്‍, പാലക്കാട് നഗരത്തില്‍ ബാലഗോകുലം ഉത്തരകേരളം സംസ്ഥാന അധ്യക്ഷന്‍ യു. പ്രഭാകരന്‍, മഞ്ചേരിയില്‍ മിസിസ് കേരളാ ഗ്ലോബല്‍ അവാര്‍ഡ് വിന്നര്‍ ഡോ. സരിത രവീന്ദ്രനാഥ്, കണ്ണൂരില്‍ സംസ്ഥാന സംഘടനാ കാര്യദര്‍ശി എസ്.ആര്‍. കണ്ണന്‍, പത്തനംതിട്ടയില്‍ സംസ്ഥാന ഖജാന്‍ജി പി. അനില്‍കുമാര്‍, ആലുവയില്‍ സംസ്ഥാന സഹഖജാന്‍ജി എം.ആര്‍. പ്രമോദ്, ബാലസംസ്‌കാര കേന്ദ്രം ചെയര്‍മാന്‍ പി.കെ. വിജയരാഘവന്‍ എന്നിവരും കോഴിക്കോട് ഗ്രാമത്തില്‍ സംസ്ഥാന ഭഗിനി പ്രമുഖ് പി. സ്മിതാ വത്സലന്‍, തൃശൂരില്‍ സമിതിയംഗം കെ.പി. ബാബുരാജന്‍ മാസ്റ്റര്‍, കൊടകരയില്‍ സമിതിയംഗം സി. അജിത്ത്, ആറ്റിങ്ങലില്‍ ദക്ഷിണ കേരളം പൊതുകാര്യദര്‍ശി ആര്‍.പി. രാമനാഥന്‍, കാസര്‍കോട് മധൂരില്‍ ഉത്തര കേരളം കാര്യദര്‍ശി പ്രജിത്ത് എന്‍.വി, മഞ്ചേരി നഗരത്തില്‍ ഉത്തര കേരളം കാര്യദര്‍ശി ടി. പ്രവീണ്‍ എന്നിവരും പങ്കെടുക്കും. ശ്രീകൃഷ്ണന്റെ ബാലലീലകളെയും മൂല്യങ്ങളെയും കുട്ടികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുന്നതിനൊപ്പം, കുടുംബബന്ധങ്ങളും സാമൂഹിക ഐക്യവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
