‘ഇവരുടെ ചികിത്സ തുടർന്നാൽ എന്നെ കൊല്ലും;’പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരണപ്പെട്ടു, ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

‘ഇവരുടെ ചികിത്സ തുടർന്നാൽ എന്നെ കൊല്ലും;’പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരണപ്പെട്ടു, ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം 


ഭോപ്പാൽ: മധ്യപ്രദേശിലെ റീവയിൽ പ്രസവത്തിന് പിന്നാലെ 25കാരിയും നവജാത ശിശുവും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രംഗത്ത്. സംഭവത്തിന് മണിക്കൂറുകൾക്ക് മുമ്പ് ആശുപത്രിയിൽ നിന്ന് തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി കരയുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം കൂടുതൽ ചർച്ചയായത്. സംഭവത്തിൽ രണ്ട് നഴ്സിംഗ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. (Rewa woman death)

റീവയിലെ ഹത്വ സ്വദേശിനിയായ കൽപന മിശ്രയാണ് മരിച്ചത്. ആദ്യ കുഞ്ഞിനെ പ്രസവിക്കാനായി ഓഗസ്റ്റ് 25ന് സഞ്ജയ് ഗാന്ധി-ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കൽപനയ്ക്ക് ഓഗസ്റ്റ് 26ന് രാത്രി ഏകദേശം 8.30ഓടെ സിസേറിയൻ ശസ്ത്രക്രിയയിലൂടെ കുഞ്ഞ് ജനിച്ചു. എന്നാൽ പ്രസവത്തിന് പിന്നാലെ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില ഗുരുതരമാവുകയും ഇരുവരും മരിക്കുകയുമായിരുന്നു.
മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് പകർത്തിയ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആശുപത്രിയിലെ വനിതാ വാർഡിൽ കൽപന കരയുകയും നിലവിളിക്കുകയും ബന്ധുക്കളുടെ അടുത്തേക്ക് പോകാൻ ശ്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ‘ഇത്തരത്തിലുള്ള ചികിത്സ തുടരുകയാണെങ്കിൽ ഇവർ എന്നെ കൊല്ലും’, ‘ഞാൻ രക്ഷപ്പെടില്ല, എന്നെ രക്ഷിക്കണം, എന്റെ ജീവൻ അപകടത്തിലാണ്’ തുടങ്ങിയ വാക്കുകൾ യുവതി പറയുന്നതും വീഡിയോയിൽ കേൾക്കാം. നഴ്സിംഗ് ജീവനക്കാർ യുവതിയെ തടയാനും ശാന്തയാക്കാനും ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

കൽപനയ്ക്ക് ആവശ്യമായ ചികിത്സയും നിരീക്ഷണവും ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. ഡോക്ടർമാരോട് പലതവണ യുവതിയെ പരിശോധിക്കണമെന്നും ആരോഗ്യനില നിരീക്ഷിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും മതിയായ ശ്രദ്ധ ലഭിച്ചില്ലെന്ന് പിതാവ് രാംശരൺ മിശ്ര ആരോപിച്ചു. അനസ്തേഷ്യ നൽകിയതിന് ശേഷം കൽപന ബോധം വീണ്ടെടുത്തില്ലെന്നും അമിത അളവിലുള്ള അനസ്തേഷ്യ മരണം സംഭവിക്കാൻ കാരണമായിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും ബന്ധുക്കൾ ആരോപിച്ചു.
സംഭവത്തിന് പിന്നാലെ കുടുംബാംഗങ്ങൾ ആശുപത്രിയുടെ പ്രധാന കവാടത്തിൽ പ്രതിഷേധിച്ചു. ചികിത്സാ പിഴവിന് ഉത്തരവാദികളായവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഏകദേശം നാല് മണിക്കൂറോളം ആശുപത്രിയിൽ സംഘർഷാവസ്ഥ നിലനിന്നു. പോസ്റ്റ്മോർട്ടം നടത്താൻ ആദ്യം കുടുംബം തയ്യാറായിരുന്നില്ല. തുടർന്ന് ഡീൻ ഡോ. സുനിൽ അഗർവാളും ആശുപത്രി സൂപ്രണ്ട് ഡോ. രാഹുൽ മിശ്രയും കുടുംബവുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് പോസ്റ്റ്മോർട്ടത്തിന് ധാരണയായത്.

സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിംഗ് ഉദ്യോഗസ്ഥരായ സാധന വർമ്മ, സീമ മുജാൽഡെ എന്നിവരെ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ ഉന്നതതല അന്വേഷണ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. അന്വേഷണത്തിൽ ആരെങ്കിലും ഉത്തരവാദികളാണെന്ന് കണ്ടെത്തിയാൽ തുടർനടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം, ഡോക്ടർമാരുടെ ഭാഗത്ത് ചികിത്സാ പിഴവുണ്ടായെന്ന ആരോപണം ആശുപത്രി സൂപ്രണ്ട് നിഷേധിച്ചു. കൽപനയ്ക്ക് മെഡിക്കൽ പ്രോട്ടോക്കോൾ അനുസരിച്ചാണ് ചികിത്സ നൽകിയതെന്നും ഡോക്ടർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ യുവതിക്ക് അനസ്തേഷ്യയ്ക്ക് ശേഷം ബോധം വീണ്ടെടുക്കാൻ കഴിയാതിരുന്നതടക്കമുള്ള കുടുംബത്തിന്റെ ആരോപണങ്ങൾ അന്വേഷണത്തിന്റെ പരിധിയിലാണെന്നും അധികൃതർ അറിയിച്ചു.

മധ്യപ്രദേശിലെ പൊതുജനാരോഗ്യ സംവിധാനത്തിലെ ജീവനക്കാരുടെ കുറവും സംഭവത്തിന്റെ പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ്. 2025-26ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് അനുവദിച്ച 5,443 സ്പെഷ്യലിസ്റ്റ് ഡോക്ടർ തസ്തികകളിൽ 1,495 എണ്ണം മാത്രമാണ് നിലവിൽ നികത്തിയിട്ടുള്ളത്. 3,948 തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. മെഡിക്കൽ ഓഫീസർമാരുടെ 6,513 അനുവദിച്ച തസ്തികകളിൽ 2,689 എണ്ണവും ഒഴിഞ്ഞുകിടക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. കൽപനയുടെയും കുഞ്ഞിന്റെയും മരണത്തിന് പിന്നിലെ യഥാർഥ കാരണം അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതോടെയാകും വ്യക്തമാകുക.