അമേരിക്കന്‍ മലയാളി ലോകത്തെ നടുക്കിയ ഇരട്ടക്കൊലപാതകം: കാലിഫോര്‍ണിയയിലെ പോസ്റ്റുമോര്‍ട്ടം നാളെ പൂര്‍ത്തിയാകും; വില്ലനായത് ജോലിയിലെ മാനസികസമ്മര്‍ദ്ദമോ? അനില കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍; ഫോറന്‍സിക് ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചു പോലീസ്; നിഗൂഢതകള്‍ മായാതെ മൂന്ന് മലയാളികളുടെ സൗഹൃദത്തിലെ ആ കടുംകൈയുടെ കഥ!

അമേരിക്കന്‍ മലയാളി ലോകത്തെ നടുക്കിയ ഇരട്ടക്കൊലപാതകം: കാലിഫോര്‍ണിയയിലെ പോസ്റ്റുമോര്‍ട്ടം നാളെ പൂര്‍ത്തിയാകും; വില്ലനായത് ജോലിയിലെ മാനസികസമ്മര്‍ദ്ദമോ? അനില കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍; ഫോറന്‍സിക് ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചു പോലീസ്; നിഗൂഢതകള്‍ മായാതെ മൂന്ന് മലയാളികളുടെ സൗഹൃദത്തിലെ ആ കടുംകൈയുടെ കഥ!


മില്‍പിറ്റാസ് (കാലിഫോര്‍ണിയ): മലയാളി മക്കളെ ഓര്‍ത്ത് നാടും വീടും വിതുമ്പുമ്പോള്‍, കാലിഫോര്‍ണിയയിലെ മില്‍പിറ്റാസില്‍ നിന്നും പുറത്തുവരുന്നത് നടുക്കുന്ന വാ വാര്‍ത്തകളാണ്. രണ്ട് മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്ന മലയാളി സുഹൃത്ത് തന്നെ പ്രതിസ്ഥാനത്താകുകയും ചെയ്ത സംഭവത്തില്‍ നാളെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകും. തൃശൂര്‍ മുടിക്കോട് തൈക്കൂട്ട് ഹരിദാസിന്റെയും സുഷമയുടെയും മകള്‍ അഞ്ജന (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ന്‍ മറ്റത്ത് (കോട്ടയം കുറിച്ചി പള്ളത്ര ജേക്കബിന്റെ ഭാര്യ) ആന്മേരി മാത്യു (35) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.

കൊലപാതകം നടത്തി എന്ന് ആരോപിക്കപ്പെടുന്ന പാലാ മൂന്നിലവ് മാറാമറ്റം വീട്ടില്‍ അനിലയെ (34) മില്‍പിറ്റാസ് പോലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അനില കുറ്റസമ്മതം നടത്തിയതായി പ്രാഥമിക വിവരങ്ങള്‍ ഉണ്ടെങ്കിലും, ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാകാതെ പോലീസ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്തുകൊണ്ടാണ് ഇത്രയും അടുത്ത സുഹൃത്തുക്കളായ യുവതികളെ കൊലപ്പെടുത്താന്‍ അനില തുനിഞ്ഞതെന്ന ചോദ്യം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.

മൃതദേഹങ്ങള്‍ എംബാം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും ചുരുങ്ങിയത് രണ്ടു ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും നിയമനടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ടെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചിട്ടുണ്ട്. സംസ്ഥാന മന്ത്രി ഒ.ജെ. ജനീഷും അഞ്ജനയുടെ തൃശൂരിലെ വീട് സന്ദര്‍ശിച്ച് വീട്ടുകാര്‍ക്ക് എല്ലാവിധ സഹായവും ഉറപ്പുനല്‍കി.

അടുത്തിടെ ജോലിയില്‍ നേരിടേണ്ടി വന്ന കടുത്ത പ്രതിസന്ധികളും പ്രശ്‌നങ്ങളും അനിലയെ കടുത്ത മാനസികസമ്മര്‍ദ്ദത്തിലാക്കിയിരുന്നു എന്നാണ് നാട്ടിലുള്ള കുടുംബസുഹൃത്തുക്കള്‍ നല്‍കുന്ന സൂചന. ബെംഗളൂരുവില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം പൂര്‍ത്തിയാക്കിയ അനില, അവിടെ ഒപ്പം ജോലി ചെയ്തിരുന്ന തൊടുപുഴ സ്വദേശിയെയാണ് വിവാഹം കഴിച്ചത്. പിന്നീട് ജോലി ആവശ്യത്തിനായാണ് ഇരുവരും യു.എസിലേക്ക് ചേക്കേറുന്നത്. ഇവര്‍ക്കൊരു മകളുമുണ്ട്. അനിലയുടെ മാതാപിതാക്കള്‍ രണ്ടു മാസം മുമ്പാണ് മില്‍പിറ്റാസിലെ വീട്ടില്‍ സന്ദര്‍ശനം നടത്തി മടങ്ങിയത്.

ചൊവ്വാഴ്ച കാലിഫോര്‍ണിയയില്‍ നടക്കുന്ന പ്രാഥമിക പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ക്കുശേഷം കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ ഭര്‍ത്താക്കന്മാര്‍ക്ക് മൃതദേഹം കാണാനുള്ള സൗകര്യം പോലീസ് ഒരുക്കുമെന്നാണ് വിവരം. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ എംബസിയും പ്രാദേശിക മലയാളി അസോസിയേഷനുകളും നാട്ടിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കാനുള്ള നടപടികളില്‍ സജീവമായി ഒപ്പമുണ്ട്. എന്നാല്‍ ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയാകാതെ കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്താന്‍ യു.എസ് പോലീസ് തയ്യാറായിട്ടില്ല.

കൊല്ലപ്പെട്ട ആന്മേരി മാത്യു മില്‍പിറ്റാസിലെ പ്രാദേശിക സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു. ഭര്‍ത്താവ് ജേക്കബും ആനും കോയമ്പത്തൂരില്‍ ഒന്നിച്ച് എന്‍ജിനീയറിങ് പഠിച്ച കാലത്താണ് പ്രണയത്തിലാകുന്നതും തുടര്‍ന്ന് വിവാഹം കഴിക്കുന്നതും. രണ്ട് ആഴ്ച മുമ്പ് മാത്രം നാട്ടിലെത്തി മടങ്ങിയ ആന്മേരിയുടെ വേര്‍പാട് ബന്ധുക്കള്‍ക്ക് ഇപ്പോഴും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. വരുന്ന സെപ്റ്റംബര്‍ ഏഴിന് ഭര്‍ത്താവ് ജേക്കബ് നാട്ടിലേക്ക് വരാനിരിക്കെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടാകുന്നത്.

കാലിഫോര്‍ണിയ പോലീസിന്റെ ഭാഗത്തുനിന്നും അനിലയുടെ ഔദ്യോഗിക മൊഴിപ്പകര്‍പ്പ് ലഭിച്ചാല്‍ മാത്രമേ കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകൂ. വിദേശത്ത് ഇത്തരം ക്രിമിനല്‍ കേസുകളില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നിയമപരമായ വലിയ താമസങ്ങള്‍ നേരിടാറുണ്ടെങ്കിലും ജനപ്രതിനിധികളുടെയും എംബസിയുടെയും ശക്തമായ ഇടപെടല്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങള്‍.

ഇത്രയും വലിയൊരു ക്രൂരതയിലേക്ക് അനിലയെ നയിക്കാന്‍ മാത്രം എന്ത് വൈരാഗ്യമാണ് ഇവര്‍ക്കിടയില്‍ ഉണ്ടായതെന്ന് ബന്ധുക്കള്‍ക്കും മനസ്സിലാകുന്നില്ല. സംഭവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ പോലും ഇവര്‍ക്കിടയില്‍ പ്രകടമായ അസ്വാരസ്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന.

സുഹൃത്തുക്കളായ രണ്ടുപേരെ ഒരുമിച്ച് കൊലപ്പെടുത്താന്‍ മാത്രം പ്രകോപനം അനിലയ്ക്ക് എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ച് മില്‍പിറ്റാസ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വീട്ടിലെ ഫോറന്‍സിക് തെളിവുകളും ഡിജിറ്റല്‍ രേഖകളും വിശകലനം ചെയ്ത ശേഷമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ.

സ്വപ്നങ്ങളുടെ ഭൂമിയായ അമേരിക്കയിലേക്ക് ചേക്കേറിയ മൂന്ന് മലയാളി കുടുംബങ്ങളുടെ ജീവിതമാണ് ഒരൊറ്റ ദിവസം കൊണ്ട് കണ്ണീരിലായത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി പ്രിയപ്പെട്ടവരുടെ മൃതദേഹം അവസാനമായി ഒരുനോക്ക് കാണാന്‍ തൃശൂരിലെയും കോട്ടയത്തെയും തിരുവനന്തപുരത്തെയും വീടുകളില്‍ ബന്ധുക്കള്‍ വിതുമ്പലോടെ കാത്തിരിക്കുകയാണ്.