കാസര്‍കോട് : സ്വന്തം വീട്ടിലിരുന്ന് സമാധാനത്തോടെ ഒന്ന് ശ്വാസമെടുക്കാനോ തുമ്മാനോ ചുമക്കാനോ പോലും അടുത്ത വീട്ടിലെ കമാന്‍ഡറുടെ പ്രത്യേക അനുമതി വാങ്ങേണ്ടി വരുന്ന വിചിത്രമായ അവസ്ഥയിലാണ് നാട്. കാസര്‍കോട് ഉപ്പള മണിമുണ്ടയിലാണ് കേട്ടാല്‍ അന്തംവിട്ടുപോകുന്ന ഈ 'ചുമ കേസ്' അരങ്ങേറിയത്. പാവം 58-കാരനായ പത്ര ഏജന്റ് ഹസൈനാര്‍ക്ക് പനിയും കടുത്ത ചുമയും വന്നതാണ് അദ്ദേഹം ചെയ്ത ഒരേയൊരു അപരാധം. തൊണ്ടയൊന്ന് അനങ്ങിയപ്പോള്‍ അയല്‍വാസിയായ ജംഷീറിന് തോന്നിയത് ആ ചുമ മുഴുവന്‍ തന്നെ മനഃപൂര്‍വം കളിയാക്കാനും കൊഞ്ഞനം കുത്താനും വേണ്ടി ഉണ്ടാക്കിയതാണെന്നാണ്.
സംശയം മൂത്ത് കലിയിളകിയ ഈ അക്രമി നേരെ ഹസൈനാറിന്റെ വീടിന്റെ അടുക്കളയിലേക്ക് ഇരച്ചുകയറുകയായിരുന്നു. എന്തെങ്കിലും സംസാരിച്ചു തീര്‍ക്കാനല്ല, അടുക്കളയില്‍ തിളച്ചുമറിയാന്‍ വെച്ച ചായപ്പാത്രം എടുത്ത് ഒറ്റ അടി, തലയ്ക്കടിയേറ്റ് ചോരയൊഴുകുന്ന ഭര്‍ത്താവിനെ രക്ഷിക്കാന്‍ ഹസൈനാറിന്റെ ഭാര്യ ഇടയില്‍ കയറിയപ്പോള്‍ അവരെയും വെറുതെ വിട്ടില്ല. കയ്യില്‍ കിട്ടിയ പാത്രവും സ്പൂണുമൊക്കെ മാരകായുധങ്ങളാക്കി മാറ്റി. ഈ 'അടുക്കള ഗുണ്ട'യുടെ ഭാവം കണ്ട് അന്തംവിട്ട നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴാകട്ടെ, തോല്‍വി സമ്മതിക്കാന്‍ മടിച്ച് കത്തിയുമെടുത്ത് വീശി വീരവാദം മുഴക്കിക്കൊണ്ടാണ് കക്ഷി സ്ഥലംവിട്ടത്. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ് മൂന്ന് തുന്നിക്കെട്ടുമായി ആശുപത്രിയില്‍ കിടക്കുന്ന പാവം വയോധികന്‍ ഇപ്പോള്‍ ആലോചിക്കുന്നുണ്ടാകും, അടുത്ത തവണ ചുമ വരുമ്പോള്‍ വായ പൊത്തണമോ അതോ ജീവനും കൊണ്ട് ഓടണമോ എന്ന്.
മഞ്ചേശ്വരം പോലീസ് കേസെടുത്തു. 'അക്രമത്തിന് ഉപയോഗിച്ച മാരകായുധമായ' ചായപ്പാത്രം കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത വീട്ടില്‍ നിന്നൊരാള്‍ ചുമച്ചാല്‍ അത് തന്നെ കളിയാക്കാനാണെന്ന് വ്യാഖ്യാനിച്ച്, കയ്യില്‍ കിട്ടിയ പാത്രവുമെടുത്ത് തലമണ്ട അടിച്ചുപൊട്ടിക്കാന്‍ തുനിയുന്ന ഇത്തരം വക്രബുദ്ധികള്‍ സമൂഹത്തിന് എത്രമാത്രം വലിയ ബാധ്യതയാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. വിവരമില്ലായ്മയും എടുത്തുചാട്ടവും അക്രമവാസനയും കൂടിക്കുഴഞ്ഞ ഈ സ്വഭാവത്തിന് കാപ്പിയും ചായയുമല്ല, ജയിലിലെ പച്ചവെള്ളവും അഴിയെണ്ണലുമാണ് പറ്റിയ മരുന്ന്. വീരനായകന്‍ ഇപ്പോള്‍ ഒളിവിലാണെങ്കിലും, സ്വന്തം വീടിന്റെ നാലുചുമരുകള്‍ക്കുള്ളിലെ വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് അക്രമവുമായി പാഞ്ഞുകയറുന്ന ഇത്തരം ക്രിമിനലുകള്‍ക്ക് പണി കിട്ടാതെ രക്ഷപ്പെടാന്‍ കഴിയില്ലെന്ന് നിയമം തെളിയിച്ചേ മതിയാകൂ.
