ഇന്ന് ഗ്രന്ഥശാലാ ദിനം; സംസ്ഥാനത്തെ ലൈബ്രറികള്‍ ഇനി ഡിജിറ്റലാകും; 'പബ്ലിക്' പ്ലാറ്റ്ഫോം പ്രവര്‍ത്തനം ആരംഭിക്കുന്നു

ഇന്ന് ഗ്രന്ഥശാലാ ദിനം; സംസ്ഥാനത്തെ ലൈബ്രറികള്‍ ഇനി ഡിജിറ്റലാകും; 'പബ്ലിക്' പ്ലാറ്റ്ഫോം പ്രവര്‍ത്തനം ആരംഭിക്കുന്നു



സംസ്ഥാന ലൈബ്രറി കൗണ്‍സിലിന് കീഴിലുള്ള ലൈബ്രറികളുടെ പ്രവര്‍ത്തനങ്ങള്‍ കംപ്യൂട്ടര്‍വത്കരിച്ച് ഓണ്‍ലൈനാക്കുന്ന 'പബ്ലിക്' (PUBLIC - Public Upliftment Through Books, Libraries, Information and Culture) ഡിജിറ്റല്‍ പ്ലാറ്റ്ഫോം യാഥാര്‍ഥ്യമാകുന്നു. ഗ്രന്ഥശാലാദിനമായ തിങ്കളാഴ്ച 3,286 ലൈബ്രറികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പബ്ലിക് പ്ലാറ്റ്ഫോം തുറന്നുകൊടുക്കുന്നത്. പുസ്തകങ്ങളുടെയും അംഗങ്ങളുടെയും വിവരങ്ങള്‍ വിജയകരമായി ഡേറ്റാ എന്‍ട്രി ചെയ്ത ലൈബ്രറികള്‍ക്ക് യൂസര്‍ ഐ.ഡി.യും പാസ്വേര്‍ഡും കൈമാറും. ഇതോടെ ഇവിടങ്ങളിലെ പുസ്തകവിതരണവും അനുബന്ധ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറും.

2024-ലാണ് ലൈബ്രറി കൗണ്‍സില്‍ ഈ പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. കൗണ്‍സിലിന് കീഴിലുള്ള എണ്ണായിരത്തിലധികം വരുന്ന ലൈബ്രറികളിലെ സെക്രട്ടറിമാര്‍ക്കും ലൈബ്രേറിയന്മാര്‍ക്കും ഇതിനായി പ്രത്യേക പരിശീലനം നല്‍കിയിരുന്നു. സ്വന്തം പുസ്തകശേഖരത്തിന്റെ കുറഞ്ഞത് 50 ശതമാനമെങ്കിലും ഡേറ്റാ എന്‍ട്രി പൂര്‍ത്തിയാക്കിയ ലൈബ്രറികള്‍ക്കാണ് ഇപ്പോള്‍ പ്രവേശനം അനുവദിക്കുന്നത്. നിലവില്‍ കൗണ്‍സിലിന് കീഴിലെ 3,900 ലൈബ്രറികളില്‍ കംപ്യൂട്ടര്‍ സൗകര്യമുണ്ട്. ബാക്കിയുള്ള ലൈബ്രറികള്‍ക്ക് വരുംഘട്ടങ്ങളില്‍ ഘട്ടംഘട്ടമായി ഡിജിറ്റല്‍ സംവിധാനത്തിലേക്ക് പ്രവേശനം നല്‍കും.

കംപ്യൂട്ടറിലും മൊബൈല്‍ ഫോണിലും ഒരുപോലെ സുഗമമായി ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലാണ് 'പബ്ലിക്' രൂപകല്പന ചെയ്തിരിക്കുന്നത്. പുസ്തകങ്ങളുടെ കാറ്റലോഗിങ്, വിതരണം, തിരികെ വാങ്ങല്‍, പുതിയ അംഗത്വ വിതരണം എന്നിവയാണ് ആദ്യഘട്ടത്തില്‍ ലഭ്യമാകുക. ഭാവിയില്‍ ലൈബ്രറികളുടെ സാമ്പത്തിക അക്കൗണ്ടുകളും വിവിധ പരിപാടികളും ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇതുവഴി ഏകോപിപ്പിക്കും. മാത്രമല്ല, സംസ്ഥാനത്തെ മുഴുവന്‍ ലൈബ്രറികളിലെയും പുസ്തകശേഖരം ഒറ്റ കാറ്റലോഗിലേക്ക് വരുന്നത് വായനക്കാര്‍ക്ക് വലിയ ഉപകാരപ്പെടും. തങ്ങള്‍ക്ക് ആവശ്യമുള്ള പുസ്തകം നിലവിലുള്ള ലൈബ്രറിയിലില്ലെങ്കില്‍ ഏത് ലൈബ്രറിയിലാണ് ലഭ്യമാകുക എന്ന് എളുപ്പത്തില്‍ കണ്ടെത്താന്‍ ഇതിലൂടെ സാധിക്കും. ലൈബ്രേറിയന്മാരുടെ അധ്വാനവും സമയവും കുറയ്ക്കുന്നതിനും ലൈബ്രറി കൗണ്‍സിലിന് പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നതിനും ഈ പ്ലാറ്റ്ഫോം സഹായകമാകും.