
കൊല്ലം: കടയ്ക്കലിൽ വീടിനുള്ളിൽ വെച്ച് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കടയ്ക്കൽ ചരിപ്പറമ്പ് വിളയിൽ അമൃതത്തിൽ അനീഷിന്റെ ഭാര്യ ശാലിനിയാണ് (37) മരിച്ചത്. ഒരാഴ്ച മുൻപാണ് ശാലിനിക്ക് വീടിനകത്ത് വെച്ച് പാമ്പുകടിയേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
വീടിനകത്ത് വെച്ചിരുന്ന ഗ്യാസ് സിലിണ്ടറിന് സമീപത്തു വെച്ചാണ് ശാലിനിക്ക് പാമ്പുകടിയേറ്റത്. തുടർന്ന് ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടിയിരുന്നു. ചികിത്സയ്ക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയ ശാലിനിക്ക് കഴിഞ്ഞ ദിവസം വീണ്ടും അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും അഞ്ചലിലെ ആശുപത്രിയിലെത്തി മരുന്ന് വാങ്ങിയിരുന്നു.
എന്നാൽ ഇന്നലെ ശാരീരിക അസ്വസ്ഥതകൾ കൂടുകയും ആരോഗ്യനില വഷളാവുകയും ചെയ്തു. ഇതോടെ ബന്ധുക്കൾ ഉടൻ തന്നെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശാലിനിയുടെ ഭർത്താവ് അനീഷ് വിദേശത്താണ്.
