കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു



പാലക്കാട്: കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു. 76 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.1996 മുതല്‍ 2016 വരെ രണ്ടുപതിറ്റാണ്ട് കാലം ചിറ്റൂരില്‍ നിന്നുള്ള എംഎല്‍എയായിരുന്നു. കർഷകൻ, സഹകരണ പ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.

1979 മുതല്‍ 1996 വരെ ദീര്‍ഘകാലം ചിറ്റൂര്‍-തത്തമംഗലം നഗരസഭയുടെ ചെയര്‍മാനായി സേവനമനുഷ്ഠിട്ടുണ്ട്. 1978 മുതല്‍ തത്തമംഗലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായും, ചിറ്റൂര്‍ പ്രൈമറി കോപ്പറേറ്റീവ് അഗ്രികള്‍ച്ചര്‍ ഡെവലപ്മെന്റ് ബാങ്ക് പ്രസിഡന്റ്, ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാലക്കാട് ജില്ലാ കൗണ്‍സില്‍ അംഗം, ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗം എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.

മുതിർന്ന കോൺഗ്രസ് നേതാവിന്റെ നിര്യാണത്തിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ഇത്രയും സ്വാധീനമുണ്ടാക്കിയ നേതാക്കള്‍ വിരലില്‍ എണ്ണാവുന്നതേയുള്ളൂവെന്നും കരുത്തുറ്റ നേതാവായിരുന്നു അദ്ദേഹമെന്നും ഷാഫി പറമ്പില്‍ എംപി അനുസ്മരിച്ചു. തനിക്ക് ഏറെ അടുപ്പവും ബന്ധവുമുള്ള നേതാവ് അദ്ദേഹമെന്നും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി അമിതമായി ആഗ്രഹിക്കാത്ത നേതാവ് ആണെന്നും എ പി അനില്‍ കുമാര്‍ പറഞ്ഞു. സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട്.