ചിറയിന്‍കീഴിലെ അടി പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കി; അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ നടപടി ഉണ്ടാകും; തര്‍ക്കങ്ങള്‍ സംയമനത്തോടെ കൈകാര്യം ചെയ്യണമെന്നും സണ്ണി ജോസഫ്; മുഖ്യമന്തിക്കെതിരായ സമസ്തയുടെ വിമര്‍ശനവും തള്ളി കെപിസിസി പ്രസിഡന്റ്

ചിറയിന്‍കീഴിലെ അടി പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കി; അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ നടപടി ഉണ്ടാകും; തര്‍ക്കങ്ങള്‍ സംയമനത്തോടെ കൈകാര്യം ചെയ്യണമെന്നും സണ്ണി ജോസഫ്; മുഖ്യമന്തിക്കെതിരായ സമസ്തയുടെ വിമര്‍ശനവും തള്ളി കെപിസിസി പ്രസിഡന്റ്



കണ്ണൂര്‍: ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ കയ്യാങ്കളിയെക്കുറിച്ചും, മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സമസ്ത മുഖപത്രമായ 'സുപ്രഭാതത്തില്‍' വന്ന രൂക്ഷവിമര്‍ശനങ്ങളെക്കുറിച്ചും കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്. ചിറയിന്‍കീഴിലെ അടി പാര്‍ട്ടിക്കും സംഘടനയ്ക്കും വലിയ നാണക്കേടുണ്ടാക്കിയ സംഭവമാണെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. വിഷയം തികച്ചും ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നത്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ ലഭിക്കുമെന്നും, റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ സംഘടനാ നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസങ്ങളോ തര്‍ക്കങ്ങളോ ഉണ്ടാകുമ്പോള്‍ പ്രവര്‍ത്തകര്‍ കൂടുതല്‍ സംയമനത്തോടെയും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കൂടാതെ, നിലവില്‍ വൈദ്യുതി വകുപ്പില്‍ മാത്രമാണ് ചില പ്രശ്‌നങ്ങള്‍ ബാക്കിനില്‍ക്കുന്നതെന്നും, മറ്റ് വകുപ്പുകളെല്ലാം മികച്ച പ്രകടനമാണ് നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വൈദ്യുതി വകുപ്പിലെ വിഷയങ്ങള്‍ തലവേദനയല്ലെന്നും അവ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സമസ്ത മുഖപത്രമായ 'സുപ്രഭാതത്തില്‍' വന്ന എഡിറ്റോറിയല്‍ വിമര്‍ശനങ്ങളെ സണ്ണി ജോസഫ് പൂര്‍ണ്ണമായി തള്ളിപ്പറഞ്ഞു. സ്ത്രീ സ്വാതന്ത്ര്യ വിഷയത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് തന്നെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടേതും. സ്ത്രീകള്‍ക്ക് എന്നും അര്‍ഹമായ പ്രാധാന്യവും പരിഗണനയും നല്‍കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും അദ്ദേഹം വ്യക്തമാക്കി.

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ വിമര്‍ശനത്തോടുള്ള കടുത്ത വിയോജിപ്പാണ് 'മര്യാദയ്ക്ക് സംസാരിക്കണം' എന്ന തലക്കെട്ടില്‍ സമസ്ത മുഖപത്രം പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലുള്ളത്. മുസ്ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ മാറ്റിയെടുക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളുടെ ഭാഗമാണ് കാന്തപുരത്തിനെതിരെയുള്ള സതീശന്റെ പ്രസ്താവനയെന്നും, സതീശന്റെ നിലപാട് 'കുരുടന്‍ ആനയെ തൊട്ടതുപോലെ'യാണെന്നും പത്രം കുറ്റപ്പെടുത്തുന്നു. മുന്‍പ് ശബരിമല യുവതീപ്രവേശനത്തെ എതിര്‍ത്ത സതീശന്‍ ഇപ്പോള്‍ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഇരട്ടത്താപ്പാണെന്നും, വഖഫ് ഭൂമി, പി.എം. ശ്രീ പദ്ധതി തുടങ്ങിയ വിഷയങ്ങളിലെ നിലപാടുകള്‍ അതിന്റെ തെളിവാണെന്നും എഡിറ്റോറിയലില്‍ പറയുന്നു. കൂടാതെ രമേശ് ചെന്നിത്തലയുടെ സാഹിത്യ സംഭാവനകളെ പുകഴ്ത്തുകയും സതീശന്‍ മുന്‍കാല നിലപാടുകള്‍ തിരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ടാണ് കെ.പി.സി.സി. പ്രസിഡന്റ് മുഖ്യമന്ത്രിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.