കോഴിക്കോട്: മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം കോഴിക്കോട് കാരന്തൂര്‍ മര്‍കസ് സന്ദര്‍ശിച്ചു. ചരിത്രപ്രസിദ്ധമായ സന്ദര്‍ശനത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ 'എക്‌സലന്‍സ് അവാര്‍ഡ്' ചടങ്ങില്‍ വെച്ച് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ മലേഷ്യന്‍ പ്രധാനമന്ത്രിക്ക് സമ്മാനിക്കും. അവാര്‍ഡ് ദാന ചടങ്ങില്‍ കാന്തപുരവും മലേഷ്യന്‍ പ്രധാനമന്ത്രിയും മാത്രമാണ് സംസാരിക്കുന്നത്. വിവിഐപി സന്ദര്‍ശനത്തോടനുബന്ധിച്ച് കോഴിക്കോടും കാരന്തൂരിലും കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയിരുന്നത്.
മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനൊപ്പം കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക രംഗത്ത് ഏറെ ശ്രദ്ധേയമായ മറ്റൊരു കൂടിക്കാഴ്ചയ്ക്കും മര്‍കസ് സാക്ഷ്യം വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും പരിപാടിയില്‍ പങ്കെടുക്കാന്‍ മര്‍കസിലെത്തി. ആദ്യമായാണ് ഒരു പാണക്കാട് തങ്ങളും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ഔദ്യോഗിക പരിപാടിക്കായി കാരന്തൂര്‍ മര്‍കസിലെത്തുന്നത്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഇരു നേതാക്കളും എത്തിയത്.
മര്‍കസ് ഡയറക്ടറും വൈസ് പ്രസിഡന്റുമായ ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ നേതൃത്വത്തില്‍ വിശിഷ്ടാതിഥികളെ സ്വീകരിച്ചു. തുടര്‍ന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും എ.പി. വിഭാഗം സമസ്ത നേതാക്കളുമായി മര്‍ക്കസില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. കാന്തപുരം എ.പി. അബുബക്കര്‍ മുസ്ലിയാര്‍ക്കൊപ്പം പ്രാര്‍ത്ഥനയിലും ചായസല്‍ക്കാരത്തിലും തങ്ങളും കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തു. എസ്.വൈ.എസ്. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഹക്കീം അസ്ഹരി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഖലീല്‍ ബുഹാരി തങ്ങള്‍ എന്നിവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
പൊതുപരിപാടിയില്‍ ലീഗ് നേതാക്കള്‍ പങ്കെടുത്തില്ലെങ്കിലും, മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമുമായി നേതാക്കള്‍ പ്രത്യേക കൂടിക്കാഴ്ച നടത്തി. പാണക്കാട് കുടുംബവുമായുള്ള പഴയ ബന്ധങ്ങളും ഓര്‍മ്മകളും അന്‍വര്‍ ഇബ്രാഹിം പുതുക്കി.
കൂടിക്കാഴ്ചയെക്കുറിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ:
'ഇന്ന് കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസില്‍ വെച്ച് മലേഷ്യന്‍ പ്രധാനമന്ത്രി ബഹുമാനപ്പെട്ട അന്‍വര്‍ ഇബ്രാഹിമുമായി വളരെ ഊഷ്മളമായ ഒരു കൂടിക്കാഴ്ച നടത്താന്‍ സാധിച്ചു. പ്രിയപ്പെട്ട പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കൊപ്പമാണ് മര്‍ക്കസില്‍ എത്തിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തീരുമാനിച്ചപ്പോള്‍ തന്നെ ബഹുമാനപ്പെട്ട കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഞങ്ങളെ നേരിട്ട് വിളിച്ച് ഇന്നത്തെ സാന്നിധ്യം ഉറപ്പുവരുത്തിയിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീ. അന്‍വര്‍ ഇബ്രാഹിം പാണക്കാട് സന്ദര്‍ശിച്ചതും, അവിടെ ഏറെ നേരം ചെലവഴിച്ചതുമൊക്കെ ഇന്നത്തെ കൂടിക്കാഴ്ചയില്‍ വളരെ ആവേശത്തോടെയാണ് അദ്ദേഹം ഓര്‍ത്തെടുത്തത്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മലേഷ്യയില്‍ പഠിച്ചിരുന്ന കാലത്ത്, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോടൊപ്പം അവിടെ സന്ദര്‍ശിച്ച കാര്യവും ഇന്നത്തെ സംസാരത്തില്‍ കടന്നുവന്നു. അന്ന് അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയും മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ചും പാണക്കാട് കുടുംബത്തെക്കുറിച്ചുമുള്ള ഓര്‍മ്മകള്‍ വളരെ വാചാലനായാണ് അദ്ദേഹം പങ്കുവെച്ചത്.
വരും മാസങ്ങളില്‍ മലേഷ്യയിലേക്ക് പോകുന്ന ബഹുമാനപ്പെട്ട സാദിഖലി തങ്ങളോട്, അന്ന് തീര്‍ച്ചയായും നേരിട്ട് കാണണമെന്ന് അദ്ദേഹം സ്നേഹപൂര്‍വ്വം പറയുകയുണ്ടായി. ബഹുമാനപ്പെട്ട കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും മലേഷ്യന്‍ പ്രധാനമന്ത്രിയും തമ്മിലുള്ള ദീര്‍ഘകാലത്തെ സൗഹൃദവും വ്യക്തിപരമായ അടുപ്പവും ഈ കൂടിക്കാഴ്ചയില്‍ മുഴുവന്‍ പ്രകടമായി. ഇന്ത്യയും മലേഷ്യയും തമ്മിലുള്ള സൗഹൃദവും സ്നേഹബന്ധവും കൂടുതല്‍ ദൃഢമാക്കാന്‍ ഇത്തരം കൂടിക്കാഴ്ചകള്‍ നിമിത്തമാകട്ടെ.'
കേരളത്തിലെ മുസ്ലിം സമുദായ സംഘടനാ ചരിത്രത്തിലും നയതന്ത്ര ബന്ധങ്ങളിലും പുതിയൊരു അധ്യായം കുറിക്കുന്നതായിരുന്നു കാരന്തൂര്‍ മര്‍കസിലെ ഈ അപൂര്‍വ്വ കൂടിക്കാഴ്ച.
