
കല്ലമ്പലം: പെട്രോള്‍ പമ്പില്‍നിന്ന് കവിഞ്ഞൊഴുകിയ ഇന്ധനം സമീപത്തെ കിണറ്റിലെത്തിയതിനെ തുടര്‍ന്ന് ഇത് നീക്കം ചെയ്യാനെത്തിയ തൊഴിലാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റു. കിണറ്റിലെ ഓക്‌സിജന്‍ നില പരിശോധിക്കാനായി മെഴുകുതിരി കത്തിച്ച് താഴേക്ക് കെട്ടിയിറക്കിയപ്പോള്‍ ബാഷ്പീകരിച്ചു നിന്ന പെട്രോള്‍ വാതകം പെട്ടെന്ന് ആളിക്കത്തുകയായിരുന്നു.
കല്ലമ്പലം ജംങ്ഷനിലെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് സമീപമുള്ള പുരയിടത്തില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. സംഭവത്തില്‍ കല്ലമ്പലം ജെ.ജെ. ഓഡിറ്റോറിയത്തിന് സമീപം താമസിക്കുന്ന രാകേഷ്, ആലുംമൂട് കുതിരത്തടം പൊയ്കവിള വീട്ടില്‍ വിനീത്, കല്ലമ്പലം സ്വദേശി സുനു എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. തൊഴിലാളികളായ വിനീതിനും സുനുവിനുമൊപ്പം എത്തിയതായിരുന്നു സുഹൃത്തായ രാകേഷ്.
ഗുരുതരമായി പൊള്ളലേറ്റ രാകേഷിനെയും വിനീതിനെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐ.സി.യു) പ്രവേശിപ്പിച്ചു. സുനു ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കിണറിന് പുറത്തുനിന്ന മൂവരുടെയും മുഖത്തും വയറ്റിലുമാണ് പൊള്ളലേറ്റത്.
ഓണത്തിന് മുന്‍പ് പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെയുണ്ടായ ഗുരുതരമായ വീഴ്ചയാണ് അപകടത്തിന് വഴിവെച്ചത്. പമ്പിലെ ഡീസല്‍ നിറഞ്ഞിരുന്ന ഭൂഗര്‍ഭ ടാങ്കിലേക്ക് ടാങ്കര്‍ ഡ്രൈവര്‍ പെട്രോള്‍ അടിച്ചതിനെ തുടര്‍ന്ന് ഇന്ധനം പുറത്തേക്ക് കവിഞ്ഞൊഴുകി തൊട്ടടുത്ത പുരയിടത്തിലെ കിണറ്റിലേക്ക് എത്തുകയായിരുന്നു. കിണറ്റിലെ വെള്ളത്തില്‍ പെട്രോളിന്റെ മണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കെട്ടിട ഉടമ പരാതിപ്പെടുകയും, പമ്പ് ഉടമ കിണര്‍ വൃത്തിയാക്കാനായി തൊഴിലാളികളെ ചുമതലപ്പെടുത്തുകയുമായിരുന്നു.
കിണറ്റിലെ വെള്ളം പമ്പ് ചെയ്തു കളഞ്ഞ ശേഷം ബാക്കി പരിശോധിക്കുന്നതിനായാണ് കത്തിച്ച മെഴുകുതിരി താഴേക്ക് ഇറക്കിയത്. എന്നാല്‍ കിണറിനുള്ളില്‍ വ്യാപിച്ചിരുന്ന പെട്രോള്‍ ബാഷ്പം മെഴുകുതിരി ജ്വാല പടര്‍ന്നതോടെ വന്‍ ശബ്ദത്തോടെ ആളിക്കത്തുകയായിരുന്നു.
അതേസമയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ടാങ്കറിന്റെ ഡ്രൈവര്‍ വരുത്തിയ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്നും ഇന്ധനം മാറി ഒഴിച്ചതിലൂടെ 12 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും പമ്പ് ഉടമ വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
