കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി; 'സ്ത്രീകൾ വീട്ടിൽ ഒതുങ്ങേണ്ടവരല്ല, ഇത്തരം പ്രസ്താവനകളോട് യോജിപ്പില്ല'
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തില്‍ വിയോജിപ്പ് പരസ്യമാക്കി മുഖ്യമന്ത്രി വി ഡി സതീശന്‍. കാന്തപുരത്തിന്റ പ്രസ്താവനയോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം നിലപാടുകള്‍ പുരോഗമന കേരളത്തിന് ചേർന്നതല്ല. ശക്തിയായ എതിർപ്പാണ് ഇത്തരം പ്രസ്താവനകളോടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം പ്രസ്താവനങ്ങള്‍ ഇസ്ലാമിനെ പോലും തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ഇസ്‍ലാമിക ചരിത്രത്തിൽ പ്രവാചകന്റെ ആദ്യഭാര്യ ഖദീജ വലിയൊരു ബിസിനസുകാരിയിരുന്നു. മറ്റൊരു ഭാര്യ ആഇശ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. സർവ സൈന്യാധിപയായിരുന്നു. ഇസ്‍ലാമിക ചരിത്രത്തിൽ പറയുന്ന ബിൽകീസ് രാജ്ഞിയായിരുന്നു. ബിസിനസുകാരിയായ വനിത, സർവ സൈന്യാധിപയായ വനിത, രാജ്ഞിയായിരുന്ന വനിത ഇതൊക്കെ ഇസ്‍ലാമിലുണ്ട്.
ഖലീഫ ഉമറിന്റെ സദസ്സിൽ മഹ്ർ കുറക്കാൻ തീരുമാനിച്ചപ്പോൾ അവരെ എല്ലാവരെയും എതിർത്തത് ഒരു സ്ത്രീയായിരുന്നു എന്ന് ചരിത്രത്തിൽ ഉണ്ട്. എല്ലാവരും ആ സ്ത്രീയെ എതിർത്തപ്പോൾ ലോകത്തിലെ ഏറ്റവും നീതിമാനായ ഭരണാധികാരിയായ ഖലീഫ ഉമർ പറഞ്ഞത് ആ സ്ത്രീ പറഞ്ഞത് ശരിയാണ് എന്നാണ്. ഉമറിന്റെ സദസ്സിൽ പോലും സ്ത്രീ ഉണ്ടായിരുന്നു എന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. അതിനാൽ കാന്തപുരത്തിന്റെ പ്രസ്താവനയോട് യോജിക്കാനാവില്ല -മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സ്ത്രീവിരുദ്ധ സർക്കുലർ വിഷയത്തിൽ കാന്തപുരത്തെ തള്ളാതെയായിരുന്നു മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ പ്രതികരണം. കോൺഗ്രസ് മന്ത്രിമാർ ഉൾപ്പെടെയുള്ളവർ കാന്തപുരത്തെ തള്ളിപ്പറഞ്ഞുവെങ്കിലും വിഷയത്തിൽ ലീഗ് തന്ത്രപരമായ നിലപാട് ആണ് സ്വീകരിക്കുന്നത്. സ്ത്രീ സുരക്ഷ മുൻനിർത്തിയുള്ള പ്രസ്താവന ആകാമെന്നും വാർത്തനക കാലത്ത് സ്ത്രീകൾ വേട്ടയാടപ്പെടുന്നുവെന്നുമാണ് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞത്. സാമൂഹ്യ അവസ്ഥയെ ആകും കാന്തപുരം ഉദ്ദേശിച്ചത്. മത പണ്ഡിതന്റെ അഭിപ്രായമാണതെന്നും സമൂഹത്തിന്റെ നന്മക്ക് വേണ്ടിയുള്ള അഭിപ്രായത്തോട് ചേർന്ന് നിൽക്കുക എന്നതാണ് ലീഗ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.
