അട്ടപ്പാടി കൊലപാതകം പ്രതി ബംഗാൾ സ്വദേശി, കൊല്ലപ്പെട്ടത് ഭാര്യയും മകളും
പാലക്കാട്:അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി തോട്ടം തൊഴിലാളിയായ പശ്‌ചിമ ബംഗാൾ സ്വദേശിയെന്ന് പൊലീസ്. ഇയാളുടെ ഭാര്യയെയും മകളെയും ആണ് കൊലപ്പെടുത്തി മൂന്ന് ചാക്കുകളിലാക്കി ഭവാനി പുഴയിൽ ഒഴുക്കി വിട്ടതെന്നും ഭാര്യക്ക് മറ്റ് പുരുഷന്മാരുമായി ബന്ധം ഉണ്ടെന്ന സംശയത്തിലാണ് കൊലപാതകമെന്നുമാണ് പൊലീസിന് ലഭിച്ച സൂചന. പ്രതി ബംഗാളിലേക്ക് കടന്നു. 20 ദിവസം മുൻപാണ് പ്രതിയും കുടുംബവും അട്ടപ്പാടിയിൽ എത്തിയത്.അട്ടപ്പാടിയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ ഒരു ചാക്കിൽ നിന്ന് നിർണായക വിവരം പൊലീസിന് ലഭിച്ചിരുന്നു. കോയമ്പത്തൂരിൽ നിന്ന് അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് സാധനങ്ങളുമായി എത്തിച്ച ചാക്ക് എന്നാണ് സൂചന. ചാക്കിലെ എഴുത്തുകളിൽ നിന്നാണ് ഇത് വ്യക്തമായത്. പുതൂർ പൊലീസ് ഇക്കാര്യങ്ങൾ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം തുടങ്ങി.ഭവാനിപ്പുഴയിൽ കണ്ടെത്തിയ ചാക്കുകൾക്കകത്ത് അമ്മയുടെയും പെൺകുഞ്ഞിൻ്റെയും മൃതദേഹമെന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു. രണ്ട് ചാക്കിലായിട്ടാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. അമ്മയുടെയും കുഞ്ഞിൻ്റെയും ഉൾപ്പെടെ രണ്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്നും മൃതദേഹങ്ങൾക്ക് നാലു ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നും പൊലീസ് പറയുന്നു. പശുവിനെ മേയ്ക്കാൻ പോയവരാണ് ചാക്ക് കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു