കൂട്ടുപുഴ എം.ഡി.എം.എ കേസ്: കൂട്ടുപ്രതികളായ യുവതിയും ആൺസുഹൃത്തും അറസ്റ്റിൽ
ഇരിട്ടി: കൂട്ടുപുഴയിൽ 192ഗ്രാംഎം.ഡി.എം.എയുമായി കഴിഞ്ഞ ദിവസം രണ്ടുപേർ അറസ്റ്റിലായ കേസിൽ കൂട്ടുപ്രതികളേയും ഇരിട്ടി പൊലിസ് അറസ്റ്റു ചെയ്തു. പിടികിട്ടാപ്പുള്ളിയായി പൊലിസ് തിരഞ്ഞുകൊണ്ടിരുന്ന വടകര സ്വദേശിനി കരക്കാട്ടിന്റെ വീട്ടിൽ കെ. സാബിറ (36), ആൺസുഹൃത്ത് കോട്ടയം കടനാട് ചെമ്മായത്ത് മുളയ്ക്കൽ വീട്ടിൽ സാവിയോ മാത്യു (26) എന്നിവരെയാണ് ഇരിട്ടി പൊലിസ് പിടികൂടിയത്.കഴിഞ്ഞദിവസം കൂട്ടുപുഴയിൽ 192 ഗ്രാം എംഡിഎംഎയുമായി ഉളിക്കൽ സ്വദേശി മുബഷീറിനെയും പെരിങ്കിരി സ്വദേശി റഹീമിനെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. മുബഷീഷിറിന് എം.ഡി.എം.എ എത്തിച്ചു നൽകിയത് സാബിറയാണെന്ന് പൊലിസ് കണ്ടെത്തി. ഇതിന്റെ പണം എത്തിയത് സാവിയോ മാത്യുവിന്റെ അക്കൗണ്ടിലാണെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അിസ്ഥാനത്തിലാണ് സാബിറയിലേക്കും സാവിയോ മാത്യുവിലേക്കും അന്വേഷണം എത്തിയത്.
പോക്‌സോ കേസുമായി ബന്ധപ്പെട്ട് സാബിറ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകളിൽ മാറ്റം വരുത്തി 'റോഷിനി സാവിയോ' എന്ന പേരിൽ ഇവർ ആൾമാറാട്ടം നടത്തി കറങ്ങി നടക്കുകയായിരുന്നു.കർണാടകയിലും മിസോറാമിലും ലഹരി സംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്നും പൊലിസ് പറഞ്ഞു.കേരളത്തിൽനിന്ന് മിസോറാമിലേക്ക് കടക്കുന്നതിനിടെ തൃശ്ശൂർ ജില്ലയിലെ അതിർത്തിയിൽവെച്ചാണ് ഇരുവരെയും ഇരിട്ടി പൊലിസ് പിടികൂടിയത്.കണ്ണൂർ നാർക്കോട്ടിക് ഡിവൈ.എസ്.പി എ. കുട്ടികൃഷ്ണന്റെ നിർദ്ദേശപ്രകാരം ഇരിട്ടി സർക്കിൾ ഇൻസ്‌പെക്ടർ കെ. വി. ഉമേഷ്, പ്രൊബേഷൻ വനിതാ എസ്.ഐ. ഭവിന, കണ്ണൂർ ജില്ലാ പൊലിസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ ഷൗക്കത്തലി, അനൂപ്, നിസാമുദ്ദീൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു
