മാനന്തവാടിയിൽ സ്കൂൾ ബസിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം; ബസിന്റെ ചില്ലുകൾ തകർന്നു; ഡ്രൈവറിന്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം; വനംവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

മാനന്തവാടിയിൽ സ്കൂൾ ബസിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം; ബസിന്റെ ചില്ലുകൾ തകർന്നു; ഡ്രൈവറിന്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം; വനംവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം



മാനന്തവാടി: വയനാട് മാനന്തവാടിയിൽ സ്കൂൾ ബസിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം. സെയ്‌ന്റ് ജോസഫ്‌സ് ടി.ടി.ഐ സ്കൂളിന്റെ ബസ്സിന് നേരെയാണ് വ്യാഴാഴ്ച വൈകീട്ട് നാലോടെ പിലാക്കാവ് പഞ്ചാരക്കൊല്ലിയിൽ വെച്ച് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെ കുട്ടികൾ സ്‌കൂളിൽ പഠിക്കുന്നത്. ഇരുപതോളം കുട്ടികളാണ് സംഭവസമയത്ത് ബസ്സിലുണ്ടായിരുന്നത്.

തേയിലത്തോട്ടത്തിലൂടെ ഓടിയെത്തിയ കാട്ടുപോത്ത് റോഡിലൂടെ നീങ്ങിക്കൊണ്ടിരുന്ന ബസ്സിന്റെ പിൻഭാഗത്ത് തലകൊണ്ട് ഇടിക്കുകയായിരുന്നു. ഡ്രൈവറുടെ സമയോചിത ഇടപെടൽ കാരണം മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. പോത്തിന്റെ കുത്തേറ്റതിനെ തുടർന്ന് ബസ്സിന്റെ ചില്ലുകൾ തകർന്നു. ഈ ഭാഗത്തിരുന്ന രണ്ട് വിദ്യാർത്ഥികൾക്ക് നിസ്സാര പരിക്കുകളേറ്റു. ഉടൻതന്നെ ൽകുട്ടികളെ വയനാട് ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

തുടർന്ന് വനംവകുപ്പിന്റെ ഭാഗത്തുനിന്നും തുടർച്ചയായ അനാസ്ഥയുണ്ടാകുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിലുണ്ടായിരുന്ന എസ്റ്റേറ്റ് ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ വി. ചെൽസാസിനിയുമായി നാട്ടുകാർ നേരിൽ സംസാരിച്ച് ആശങ്കകൾ അറിയിച്ചു. പ്രശ്നത്തിന്റെ ഗൗരവം പൂർണ്ണമായി മനസ്സിലാക്കുന്നുവെന്നും, കാട്ടുപോത്തിനെ എത്രയും പെട്ടെന്ന് വനത്തിലേക്ക് തിരികെ കയറ്റാൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ നാട്ടുകാരുമായുള്ള ചർച്ചയിൽ വ്യക്തമാക്കി.

അതേസമയം, പ്രദേശത്ത് അടിക്കടി വന്യമൃഗശല്യം രൂക്ഷമായിട്ടും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കുന്നതിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടുന്നത് കടുത്ത നിസ്സംഗതയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. ഒടുവിൽ രാത്രി ഏഴരയോടെ വനപാലകർ സ്ഥലത്തെത്തി കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്തിയോടിച്ചു. കൗൺസിലർ വി.ആർ. പ്രവീജ്, മുജീബ് കോടിയോടൻ, സോമൻ വട്ടർകുന്ന്, സി.എച്ച്. സുഹൈർ, എ.കെ. റൈഷാദ്, ഫൈസൽ പഞ്ചാരക്കൊല്ലി, ഒ.പി. ഷമീർ, നാസർ പുത്തൻകുളം, റഷീദ് നിലാംബരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികൾ ഏകോപിപ്പിച്ചത്.