മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കേന്ദ്രത്തിനെതിരെ പ്രതിഷേധം കൂടുതൽ കടുപ്പിച്ച് ഇന്ത്യ സഖ്യം

പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു: ഗ്യാനേഷ് കുമാറിൻ്റെ രാജിയാവശ്യപ്പെട്ട് നിർണ്ണായക നീക്കങ്ങളുമായി ഇന്ത്യ സഖ്യം,  രാഷ്ട്രപതിയെ കാണും; CJP പ്രക്ഷോഭം നാളെ, ഡൽഹിയിൽ കനത്ത സുരക്ഷ 

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കേന്ദ്രത്തിനെതിരെ പ്രതിഷേധം കൂടുതൽ കടുപ്പിച്ച് ഇന്ത്യ സഖ്യം. പ്രതിപക്ഷ നേതാക്കൾ ഇന്ന് രാഷ്ട്രപതി ദ്രൗപദി മുർമ്മുവിനെ കണ്ട് തങ്ങളുടെ പ്രതിഷേധവും തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങളും അറിയിക്കാനുള്ള നീക്കത്തിലാണ്. തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ സുതാര്യത ഉറപ്പാക്കണമെന്നും അട്ടിമറി നീക്കങ്ങൾ അവസാനിപ്പിക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം.(INDIA bloc escalates protest demanding CEC Gyanesh Kumar resignation)

പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമതാ ബാനർജി ഡൽഹിയിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഉദ്ധവ് താക്കറെ, തേജസ്വി യാദവ് തുടങ്ങിയ പ്രമുഖ നേതാക്കളും പ്രക്ഷോഭത്തിന്റെ ഭാഗമാകുമെന്നാണ് വിവരം. രാഷ്ട്രപതിയെ കാണാൻ സമയാനുമതി തേടിയിട്ടുണ്ടെങ്കിലും അന്തിമ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നടന്ന പ്രതിഷേധങ്ങൾ സംഘർഷത്തിൽ കലാശിച്ചിരുന്നെങ്കിലും, ഇന്നലെ രാജ്ഘട്ടിൽ നടന്ന പരിപാടികൾ സമാധാനപരമായാണ് അവസാനിച്ചത്. ആദ്യഘട്ടത്തിൽ വിട്ടുനിന്ന സമാജ്‌വാദി പാർട്ടി നേതാക്കളും ഇന്നലത്തെ പ്രതിഷേധത്തിൽ പങ്കാളികളായി. കൊണാട്ട് പ്ലേസിൽ നിന്ന് ബസുകളിൽ രാജ്ഘട്ടിലേക്ക് തി തിരിച്ച എംപിമാരെ ആദ്യം പൊലീസ് തടഞ്ഞെങ്കിലും, സമാധാനപരമായ പ്രാർത്ഥന മാത്രമായിരിക്കും എന്ന ഉറപ്പിൽ പിന്നീട് പ്രവേശനം അനുവദിക്കുകയായിരുന്നു.

അതിനിടെ, നാളെ ജന്തർ മന്തറിൽ സിജെപി (CJP) പ്രഖ്യാപിച്ചിരിക്കുന്ന പ്രതിഷേധ മാർച്ചിന്റെ പശ്ചാത്തലത്തിൽ ഡൽഹി പോലീസ് തലസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. വഴിതടയുന്നയിടങ്ങളിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നാണ് സിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതൽ ആളുകൾ തെരുവിലിറങ്ങാൻ സാധ്യതയുള്ളതിനാൽ, കസ്റ്റഡിയിലെടുക്കുന്ന പ്രതിഷേധക്കാരെ മാറ്റുന്നതിനായി വിവിധ സ്റ്റേഡിയങ്ങൾ വിട്ടുനൽകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്