ഇൻഡിഗോക്ക് പിന്നാലെ വിമാനയാത്രാ നിരക്കുകൾ വർദ്ധിപ്പിച്ച് മറ്റ് കമ്പനികളും, ആകാശ എയറും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസിലും നാളെ മുതൽ പ്രാബല്യത്തിൽ
ദില്ലി: ഇൻഡിഗോക്ക് പിന്നാലെ പ്രമുഖ വിമാനക്കമ്പനികളെല്ലാം ഇന്ധന സർചാർജ് വർദ്ധിപ്പിച്ചു. ഇൻഡിഗോക്ക് പിന്നാലെ ആദ്യം ആകാശ എയറാണ് ഇന്ന് നിരക്ക് വർദ്ധനവ് ആദ്യം പ്രഖ്യാപിച്ചത്. വിമാന ഇന്ധന നിരക്കിൽ വർദ്ദനവ് ഉണ്ടായതാണ് കാരണമെന്ന് കമ്പനി അറിയിച്ചു. പിന്നാലെ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ധന ചാർജ് വർദ്ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. നിരക്ക് വർദ്ധനവ് നാളെ മുതൽ പ്രാബല്യത്തിലാകുമെന്നും കമ്പനികൾ അറിയിച്ചു.ഇൻഡിഗോ ആദ്യം തന്നെ നിരക്ക് കൂട്ടി രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ ഇക്കഴിഞ്ഞ 5 -ാം തിയതിയാണ് ആഭ്യന്തര രാജ്യാന്തര വിമാന യാത്ര നിരക്ക് കൂട്ടിയത്. ആഭ്യന്തര യാത്രകൾക്ക് 100 മുതൽ 350 രൂപ വരെയാണ് വർധന. ഇൻഡിഗോ പിറ്റേന്ന് തന്നെ പുതിയ നിരക്കുകൾ പ്രാബല്യത്തിലാക്കുകയും ചെയ്തു. വിമാന ഇന്ധന വില കുതിച്ചുയർന്നതാണ് നിരക്ക് വർധിപ്പിക്കാൻ കാരണമെന്നാണ് ഇൻഡിഗോ വ്യക്തമാക്കിയക്. ആഭ്യന്തര സര്‍വീസുകളില്‍ യാത്രാദൂരത്തിന് അനുസരിച്ചാണ് നിരക്ക് കൂട്ടിയത്. 500 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് 375 രൂപയും 501 മുതല്‍ 1000 കിലോമീറ്റര്‍ വരെ 600 രൂപയുമാണ് പുതുക്കിയ ചാര്‍ജ്. 2000 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്ക് 1300 രൂപയും ഇന്ധന ചാര്‍ജായി നല്‍കണം. നേരത്തെ ഇത് യഥാക്രമം 275 ഉം 400 ഉം 950 ഉം ആയിരുന്നു. സമാനമായി രാജ്യാന്തര യാത്രകൾക്ക് റൂട്ടിനും ദൂരത്തിനും അനുസരിച്ച് 1000 രൂപ മുതല്‍ 10000 രൂപ വരെയായി സ്ലാബുകളിൽ വർധനവുണ്ടായിട്ടുണ്ട്. ഇന്ത്യയിൽ ലിറ്ററിന് 137 രൂപയാണ് വിമാന ഇന്ധന വില. ഒക്ടോബറിൽ ഇന്ധന വില 16 രൂപ കൂട്ടിയിരുന്നു. പത്തുവർഷത്തിനിടെയുളള ഏറ്റവും ഉയർന്ന നിരക്കാണ് വിമാന ഇന്ധനത്തിനായി കമ്പനികൾ ചെലവഴിക്കുന്നതെന്ന് ഇൻഡിഗോ ചൂണ്ടിക്കാട്ടി
