ഗ്യാനേഷ് കുമാറിനെതിരെ തെരുവിൽ; രാഹുൽ അടക്കം എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കി ദില്ലി പോലീസ്
വോട്ടുകളിൽ കൃത്രിമം നടത്തിയെന്ന ആരോപണമുയർത്തി പ്രതിപക്ഷം നടത്തുന്ന പ്രതിഷേധ സമരം ദില്ലിയെ സംഘർഷ ഭരിതമാക്കി. സമരം അഞ്ചാം ദിവസം പിന്നിടുമ്പോൾ പ്രതിഷേധിച്ച എംപിമാരെ കസ്റ്റഡിയിലെടുത്ത് നീക്കി. ചിത്രങ്ങൾ: ഇന്ത്യ സഖ്യത്തിന്‍റെ നേതൃത്വത്തിലായിരുന്നു സമരം. പ്രതിപക്ഷ എംപിമാരുടെ നേതൃത്വത്തിൽ തുടങ്ങിയ സമരത്തെ നേരിടാൻ വൻ പോലീസ് അർദ്ധ സൈനിക വിഭാഗം രാവിലെ തന്നെ രാജ്യതലസ്ഥാനത്ത് സജ്ജമായിരുന്നു. രാത്രി എട്ടരയോടെ ദില്ലി പോലീസ് രാഹുൽ ഗാന്ധി അടക്കമുള്ള എംപിമാരെ കസ്റ്റഡിയിൽ എടുത്താണ് സമര സ്ഥലത്ത് നിന്നും നീക്കിയത്.ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്ന് രാവിലെ പാർലമെന്‍റിൽ നിന്ന് തുടങ്ങിയ പ്രതിഷേധ മാർച്ചിനെ ആകാശവാണി ഭവന് സമീപത്ത് വച്ച് പൊലീസ് തടഞ്ഞു. ഏറെ നേരം സ്ഥലത്ത് എംപിമാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് രാഹുലിന്‍റെ നേതൃത്വത്തിൽ പ്രിയങ്ക അടക്കമുള്ള നേതാക്കൾ ബാരിക്കേഡിന് മുകളിൽ കയറി. രാഹുലും പ്രിയങ്കയും ദേശീയ പതാക വീശി പ്രതിഷേധക്കാരെ ആവേശം കൊള്ളിച്ചു.പൊലീസ് എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചപ്പോൾ രാഹുൽ അടക്കമുള്ള സംഘം ആകാശവാണി കവാടത്തിൽ നിലയുറപ്പിക്കുകയായിരുന്നു. ഗ്യാനേഷ് കുമാർ രാജി വെക്കുന്നത് വരെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് ഇന്ത്യ സഖ്യത്തിന്‍റെ പ്രഖ്യാപനം.ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഗാന്ധി ജയന്തി ദിനത്തിൽ തുടങ്ങിയ പ്രക്ഷോഭം അഞ്ചാം നാളിലേക്ക് കടക്കുമ്പോൾ കൂടുതൽ ശക്തമാകുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്നലെ വരെ വിവിധ വിദ്യാർഥി - യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമെങ്കിൽ ഇന്ന് മുതൽ കോൺഗ്രസും ഇന്ത്യ സഖ്യവും സമരനേതൃത്വം ഏറ്റെടുക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്.ഇതിനിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് ഇതുവരെ 6 കേസുകൾ രജിസ്റ്റർ ചെയ്യുകയും 18 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തെന്ന് റിപ്പോർട്ടുകൾ പറയുന്നു. സിഐഎസ്എഫ് ഉദ്യോഗസ്ഥന് പരിക്കേറ്റ സംഭവത്തിലടക്കം പോലീസ് കേസെടുത്തു.വനിതാ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തെന്നും ലൈംഗികമായി ഉപദ്രവിച്ചെന്നും ആരോപണം നേരിടുന്ന എസിപി വിവേക് ഭഗത്തിനെതിരെയുള്ള ദൃശ്യങ്ങൾ വ്യാജമാണെന്ന നിലപാടിൽ ദില്ലി പോലീസ് ഉറച്ചുനിൽക്കുകയണ്. എസിപിയെ മോശക്കാരനാക്കി ചിത്രീകരിക്കുന്ന രീതിയിൽ എഐ ഉപയോഗിച്ച് വ്യാജ പോസ്റ്റർ നിർമ്മിച്ച് പ്രചരിപ്പിച്ചെന്ന് ആരോപിച്ച് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു.</p><img><p>പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയെന്നും പോലീസിനെതിരായ വ്യാജ പ്രചാരണത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടെന്നും ദില്ലി പോലീസ് അവകാശപ്പെട്ടു.എസിപി വിവേക് ഭഗത്തിനെതിരെയുള്ള പരാതി വ്യാജമെന്ന് പറയുമ്പോഴും ആരോപണം നേരിടുന്ന എസിപി വിവേക് ഭഗത്തിനെ അഡീഷണൽ ഡിസിപിയാക്കിയുള്ള പ്രൊമോഷൻ ഉത്തരവ്, ദില്ലി പോലീസ് മരവിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.സമരത്തിനിടെ മാധ്യമപ്രവർത്തകർക്കായി പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. മാധ്യമ പ്രവർത്തകർ ഐഡി കാർഡ് കാണുന്ന തരത്തിൽ ധരിക്കണമെന്ന് പോലീസ്. എന്നാൽ, പോലീസ് ഉദ്യോഗസ്ഥർ ആദ്യം നെയിം പ്ലേറ്റ് ധരിച്ച് ഡ്യൂട്ടി ചെയ്യട്ടെയെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ പോലീസിനെതിരെ ശക്തമായ വിമർശനവും ഉയർന്നു.ഇതിനിടെ കേരളത്തിൽ, പതിബെൽ കമ്പനിയുടെ പ്രോജക്ട് ഡയറക്ടർ ലീ സീ ബിൻ ജീവനൊടുക്കുന്നതിലേക്ക് നയിച്ച അഴിമതി കേസിൽ പുനരന്വേഷണ സാധ്യതകൾ തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഫയൽ വിജിലൻസ് ഡയറക്ടർക്ക് കൈമാറി. 20 വർഷം മുമ്പുള്ള ഈ കേസിൽ ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേജ് കുമാർ, അന്ന് അഴിമതി കാണിച്ചെന്ന് പരാതി ഉയർന്നിരുന്നു
