പുഴ വൃത്തിയാക്കാൻ എത്തിയവർ അമ്പരന്നു, ശുചീകരണ പ്രവർത്തനത്തിനിടെ കണ്ടെത്തിയത് നൂറുകണക്കിന് വോട്ടർ ഐഡി കാർഡുകൾ; മധ്യപ്രദേശിൽ വിവാദം
ഭോപ്പാൽ: മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലുള്ള മണ്ഡലേശ്വറിൽ നർമ്മദ നദീതീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ 343 വോട്ടർ ഐഡി കാർഡുകൾ കണ്ടെത്തി. ഞായറാഴ്ച നദീതീരത്ത് നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾക്കിടെയാണ് കാർഡുകൾ കണ്ടെടുത്തത്. വിവരമറിഞ്ഞ് താലൂക്ക് ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥരെത്തി കാർഡുകൾ കസ്റ്റഡിയിലെടുത്തു. ഇൻഡോറിലെ 'റാവു' അസംബ്ലി മണ്ഡലത്തിലുള്ളവരുടേതാണ് കാർഡുകളെന്നാണ് വിവരം.സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ മണ്ഡലേശ്വർ പോലീസിൽ പരാതി നൽകി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തിലെ സുതാര്യതയിൽ സംശയം ഉന്നയിച്ച ഡിസിസി പ്രസിഡൻ്റ് രവി നായിക്, കുറ്റക്കാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. കൂടുതൽ വോട്ടർ ഐഡി കാർഡുകൾ വെള്ളത്തിൽ മുങ്ങിപ്പോയിട്ടുണ്ടോ എന്നറിയാൻ മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ച് നർമ്മദാനദിയിൽ തെരച്ചിൽ നടത്തണമെന്നും, കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ പോലീസ് സ്റ്റേഷൻ ഉപരോധിക്കുമെന്നും കോൺഗ്രസ് മുന്നറിയിപ്പ് നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് മണ്ഡലേശ്വർ സബ് ഡിവിഷണൽ ഓഫീസർ ശ്വേത ശുക്ല സ്ഥിരീകരിച്ചു