ഉദ്ഘാടനത്തിന് സജ്ജമായി ചൊവ്വ ബാങ്ക് ടവർ: നാളെ പിണറായി വിജയൻ നാടിന് സമർപ്പിക്കും

ഉദ്ഘാടനത്തിന് സജ്ജമായി ചൊവ്വ ബാങ്ക് ടവർ: നാളെ പിണറായി വിജയൻ നാടിന് സമർപ്പിക്കും

 


കണ്ണൂർ: ചൊവ്വ സഹകരണ റൂറൽ ബാങ്കിനായി താഴെചൊവ്വയിൽ നിർമിച്ച ചൊവ്വ ബാങ്ക് ടവർ നാളെ (തിങ്കൾ) പകൽ 3.30ന്   പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 25 കോടി രൂപ ചെലവഴിച്ച് 30,000 ചതുരശ്ര അടിയിലാണ് ഈ കൂറ്റൻ മന്ദിരം നിർമിച്ചിരിക്കുന്നത്.

ബാങ്കിന്റെ പ്രഭാത-സായാഹ്ന ശാഖകൾ, ആധുനിക ഓഡിറ്റോറിയം, മിനി കോൺഫറൻസ് ഹാൾ, മിനി ഹാൾ, കൊമേഴ്സ്യൽ സ്പേസ്, വിശാലമായ പാർക്കിങ് സൗകര്യം തുടങ്ങിയവ ഉൾപ്പെടെ വൻ സൗകര്യങ്ങളാണ് ടവറിൽ ഒരുക്കിയിരിക്കുന്നത്. 500 പേർക്ക് ഇരിക്കാവുന്ന ആധുനിക രീതിയിലുള്ള ഓഡിറ്റോറിയവും 250 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാനാവുന്ന ഡൈനിങ് ഹാളും ഇതിന്റെ പ്രത്യേകതയാണ്.

സ്വാതന്ത്ര്യപ്രാപ്തിക്ക് മുൻപ് 1946ൽ മദിരാശി സഹകരണ നിയമപ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച ചരിത്രമുള്ള ബാങ്കാണിത്. നിലവിൽ ക്ലാസ് വൺ സൂപ്പർ ഗ്രേഡ് പദവിയുള്ള ഈ സ്ഥാപനത്തിന് കീഴിൽ 13 ബ്രാഞ്ചുകളും നീതി മെഡിക്കൽ സ്റ്റോറും പ്രവർത്തിക്കുന്നുണ്ട്.

ഉദ്ഘാടന ചടങ്ങിൽ മറ്റ് പ്രമുഖരും പങ്കെടുക്കും. താഴെചൊവ്വ ശാഖ കെ. കെ. രാഗേഷും സായാഹ്ന ശാഖ രാമചന്ദ്രൻ കടന്നപ്പള്ളിയും ഉദ്ഘാടനം ചെയ്യും. ഓഡിറ്റോറിയം എൻ. ചന്ദ്രനും കോൺഫറൻസ് ഹാൾ എം. കെ. മുരളിയും മിനി ഹാൾ അസിസ്റ്റന്റ് രജിസ്ട്രാർ കെ. വി. ജയേഷും കമേഴ്സ്യൽ ഹാൾ അസിസ്റ്റന്റ് രജിസ്ട്രാർ പി. സുഭാഷും നാടിന് സമർപ്പിക്കും.

വാർത്താസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് എൻ. ടി. സുധീന്ദ്രൻ, വൈസ് പ്രസിഡന്റ് ഇ. കെ. അശോകൻ, സെക്രട്ടറി എം. സുമേഷ്, അസിസ്റ്റന്റ് സെക്രട്ടറി കെ. ഹരീശൻ, സംഘാടക സമിതി ചെയർമാൻ സി. വിനോദ് എന്നിവർ പങ്കെടുത്തു