‘മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടി വരും’; ഖർഗെയുടെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തം, രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി


‘മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടി വരും’; ഖർഗെയുടെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തം, രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി


പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നടത്തിയ പരാമർശത്തിൽ പ്രതിഷേധം ശക്തമാക്കാൻ ബി ജെ പി. ഖർഗെയുടെ പ്രസ്താവനക്കെതിരെ പട്ന പൊലീസിൽ ബി ജെ പി നേതാക്കൾ പരാതി നൽകി. വിഷയം പ്രാദേശിക പ്രതിഷേധത്തിൽ ഒതുക്കാതെ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനാണ് പാർട്ടിയുടെ നീക്കം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയ മുതിർന്ന നേതാക്കളും ഖർഗെയെ വിമർശിച്ച് രംഗത്തെത്തി.

ഖർഗെയുടെ പരാമർശത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നാണ് ബി ജെ പിയുടെ ആവശ്യം. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രസ്താവനയെ അംഗീകരിക്കുന്നുണ്ടോയെന്നും ഖർഗെയുടെ രാജി ആവശ്യപ്പെടുമോയെന്നും ബി ജെ പി നേതാക്കൾ ചോദിച്ചു. രാഷ്ട്രീയ വിമർശനങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് വഴിമാറുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചു. കോൺഗ്രസ് നേതാക്കൾ മുൻപും മോദിയുടെ കുടുംബത്തെയും മാതാവിനെയും അപമാനിച്ചിട്ടുണ്ടെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.

ഖർഗെയുടെ പരാമർശം രാഷ്ട്രീയമായി കോൺഗ്രസിനെതിരേ ഉപയോഗിക്കാനാണ് ബി ജെ പി നേതൃത്വം ലക്ഷ്യമിടുന്നത്. ഇത്തരം പ്രസ്താവനകൾക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ മറുപടി നൽകുമെന്ന് അമിത് ഷാ, പിയൂഷ് ഗോയൽ തുടങ്ങിയ നേതാക്കൾ മുന്നറിയിപ്പ് നൽകി. അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തുന്ന നീക്കങ്ങളെയും രാഷ്ട്രീയമായി നേരിടാനുള്ള തയ്യാറെടുപ്പിലാണ് ബി ജെ പി. ഇന്ത്യ സഖ്യത്തിന്റെ റാലികൾക്കും പ്രതിഷേധങ്ങൾക്കും മറുപടിയായി രാഷ്ട്രീയ പ്രചാരണവും പ്രതിഷേധ പരിപാടികളും ശക്തമാക്കാനാണ് പാർട്ടി ആലോചിക്കുന്നത്.