സ്കൂൾ ഗെയിംസിനിടെ ഉണ്ടായ അപകടം: ഒടുവില്‍ അപകടസ്ഥലം സന്ദർശിച്ച് കായികമന്ത്രി, വീഴ്ച വരുത്തിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഒ ജെ ജനീഷ്
തൃശ്ശൂർ: സംസ്ഥാന സ്കൂൾ ഗെയിംസിനിടെ റൂഫിംഗ് തകർന്നുണ്ടായ അപകടസ്ഥലം സന്ദര്‍ശിച്ച് കായിക മന്ത്രി ഒ ജെ ജനീഷ്. അപകടം നടന്ന് അഞ്ചാം ദിവസമാണ് മന്ത്രി സ്ഥലത്തെത്തുന്നത്. വീഴ്ചയുടെ ഉത്തരവാദിത്വം പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കെന്ന് മന്ത്രി ആവർത്തിച്ചു. അധ്യാപക സംഘടനകളും കായിക അധ്യാപകരും ചേർന്നാണ് സംഘാടനം നടത്തിയത്. ജനപ്രതിനിധികളെ അറിയിച്ചില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. വീഴ്ച വരുത്തിയവർക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.</p><p>ഗെയിംസിനിടെ ഉണ്ടായ അപകടത്തിൽ കായിക വകുപ്പിന് ഉത്തരവാദിത്വമില്ലെന്ന മന്ത്രി ഒ ജെ ജനീഷിന്റെ നിലപാട് നേരത്തെ തന്നെ ഏറെ ചർച്ചയായിരുന്നു. ജില്ലയുടെ ചുമതലയുള്ള മന്ത്രി സംഘാടനത്തിലെ വീഴ്ചയിൽ മറുപടി പറയാത്തതിലും വിമർശനം ഉയർന്നു. രണ്ട് ദിവസമായി ജില്ലയിൽ ഉണ്ടായിരുന്നിട്ടും അക്വാട്ടിക് കോംപ്ലക്സിൽ കായിക മന്ത്രി അപകട സ്ഥലത്ത് എത്തിയതുമില്ല. ഒടുവില്‍ അഞ്ചാം ദിവസമാണ് മന്ത്രി സ്ഥലം സന്ദര്‍ശിക്കുന്നത്. കോൺക്രീറ്റ് പാളികൾ അടർന്നുവീണ അപകടാവസ്ഥയിലുള്ള കോംപ്ലക്സിലെ പരിശീലന മുറികളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് മന്ത്രി മടങ്ങിയത്.</p><h2>വിചിത്ര ന്യായീകരണവുമായി തൃശ്ശൂർ ഡിഡിഇ</h2><p>ഇതിനിടെ, അപകടത്തിന് കാരണം കാറ്റും മഴയും എന്ന വിചിത്ര ന്യായീകരണവുമായി തൃശ്ശൂർ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അപകടത്തെ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. തണലിന് വേണ്ടിയാണ് ഗ്യാലറിക്കുമേലെ മേൽക്കൂര പണിതതെന്നും കാറ്റും മഴയും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വിശദീകരിക്കുന്നു. സംഘാടകസമിതി യോഗം ചേരാതെ ഗെയിംസ് നടത്തിയത് അടക്കം സംഘാടനത്തിലെ വീഴ്ചയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഇനിയും അന്വേഷണത്തിന് തയ്യാറായിട്ടില്ല. ഒപ്പം കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കം അതിർത്തി രേഖപ്പെടുത്തിയിട്ടും അപകടത്തിൽ പൊലീസ് കേസെടുത്തിട്ടില്ല.