കൂത്തുപറമ്പ് : കൂത്തുപറമ്പ് നിർമലഗിരി കോളേജിന് മുന്നിലുണ്ടായ അക്രമക്കേസിലെ ഒന്നാംപ്രതി കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം സി അതുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി ജില്ലാ സെഷൻസ് കോടതി തള്ളി. 16 കേസുകളിൽ പ്രതിയാണെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് കോടതി നടപടി. അതേസമയം, കേസിലെ മറ്റൊരു പ്രതിയും നിർമലഗിരി കോളേജ് വിദ്യാർഥിയുമായ കെഎസ്‌യു പ്രവർത്തകൻ ഗോഡ്‌വിൻ സ്കറിയക്ക് (19) മുൻകൂർ ജാമ്യം അനുവദിച്ചു.
സെപ്‌തംബർ നാലിന് നിർമലഗിരി കോളേജിന് മുന്നിൽ ചുവരെഴുത്തിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പതിവായി കോളേജ് മതിൽ എസ്എഫ്ഐയും കെഎസ് യുവും പകുത്തെടുത്താണ് എഴുതാറുള്ളത്. എന്നാൽ ഇത്തവണ മതിൽ പൂർണമായും കെഎസ്‌യുക്കാർ കൈയടക്കിയെന്ന് ആരോപിച്ച് എസ്എഫ്ഐ ചോദ്യം ചെയ്തതോടെ എം സി അതുലിന്റെ നേതൃത്വത്തിലുള്ള സംഘം അക്രമം നടത്തുകയായിരുന്നു.
അക്രമത്തിൽ പരിക്കേറ്റ എസ്എഫ്ഐ കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി ആകാശ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ നന്ദകൃഷ്‌ണ, യദുകൃഷ്ണ എന്നിവരെ തലശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് അടക്കമുള്ളവർക്കെതിരെ കേസെടുത്തത്. മുൻ ആരോഗ്യമന്ത്രിയെ ആക്രമിച്ച കേസിലും സഹപ്രവർത്തകയായ കെഎസ്‌യു നേതാവിനെ വിവാഹ വാഗ്ദാനം നൽകി മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിലുമടക്കം അതുൽ പ്രതിയാണ്.
കെഎസ്‌യു നൽകിയ പരാതിയിൽ എസ്എഫ്‌ഐ നേതാക്കളെ തലശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ കയറി പോലീസ് അറസ്‌റ്റ് ചെയ്തിരുന്നു. അക്രമത്തിന് നേതൃത്വം നൽകിയ എം സി അതുൽ ഇതേ ആശുപത്രിയിലുണ്ടായിരുന്നെങ്കിലും അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിരുന്നില്ല.

