
കണ്ണൂർ: കണ്ണൂരിലെ ആദ്യ സ്വാപ്പ് കിഡ്നി ട്രാൻസ്പ്ലാന്റ് കിംസ് ശ്രീചന്ദ് ഹോസ്പിറ്റലിൽ വിജയകരമായി പൂർത്തിയാക്കി. തളിപ്പറമ്പ് സ്വദേശിയായ 51 വയസ്സുകാരനിലാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. കോട്ടയം സ്വദേശിനിയിൽ നിന്നാണ് വൃക്ക സ്വീകരിച്ചത്. ഇതോടെ അവയമാറ്റ ചികിത്സാ രംഗത്ത് മറ്റൊരു സുപ്രധാന നേട്ടമാണ് ആശുപത്രി കൈവരിച്ചിരിക്കുന്നത്. ഈ ശസ്ത്രക്രിയയോടുകൂടി കിംസിൽ വിജയകരമായി പൂർത്തിയാക്കിയ വൃക്കമാറ്റ ശസ്ത്രികളുടെ എണ്ണം ഏഴായി.
കുടുംബത്തിലെ ദാതാവിന് നേരിട്ട് വൃക്കദാനം ചെയ്യാൻ കഴിയാത്ത സാഹചര്യങ്ങളിൽ അനുയോജ്യരായ ദാതാക്കളും സ്വീകർത്താക്കളും തമ്മിൽ വൃക്ക കൈമാറ്റം ചെയ്തു നടത്തുന്ന സങ്കീർണമായ അവയവമാറ്റ രീതിയാണ് സ്വാപ്പ് കിഡ്നി ട്രാൻസ്പ്ലാന്റ്. ഈ എക്സ്ചേഞ്ച് ട്രാൻസ്പ്ലാന്റിന്റെ ഭാഗമായി ഉൾപ്പെട്ട രണ്ടാമത്തെ രോഗിയുടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയും ഇതേസമയം കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.
ആശുപത്രിയിൽ സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ് ആൻഡ് റനൽ ട്രാൻസ്പ്ലാന്റ് ഫിസിഷ്യനായ ഡോക്ടർ ടോം ജോസ് കാക്കനാട്ടാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. ഡോക്ടർ പ്രിയ, അസോസിയേറ്റ് കൺസൾട്ടന്റ് യൂറോളജി ആൻഡ് ട്രാൻസ്പ്ലാന്റ് സർജൻ ഡോക്ടർ അമൽ ജോർജ്. എച്ച്ഒഡി ആൻഡ് കൺസൾട്ടന്റ് അനസ്തേഷിയോളജി ഡോക്ടർ ഫയാസ് എകെ എന്നിവർ ഉൾപ്പെട്ട വിദഗ്ധ സംഘം ചികിത്സയുടെ ഭാഗമായി.
അവയവമാറ്റ ചികിത്സ ശസ്ത്രക്രിയയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും കൃത്യമായ രോഗനിർണയം വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുടെ ഏകോപനം ശസ്ത്രക്രിയക്ക് മുമ്പും ശേഷവുമുള്ള സമഗ്ര പരിചരണം എന്നിവ ഒരുപോലെ പ്രധാനമാണെന്നും ഡോക്ടർമാർ പറഞ്ഞു.
അവയവമാറ്റ ചികിത്സക്കായി ഒരു രോഗിക്കും സ്വന്തം നാടുവിട്ട് ദൂരങ്ങളിലേക്ക് പോകേണ്ടി വരാത്ത സാഹചര്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് യൂണിറ്റ് ഹെഡും കൺസൾട്ടന്റ് പ്ലാസ്റ്റിക് സർജറി ഡോക്ടർ സുബിൻ ജോസും പറഞ്ഞു. വടക്കൻ മലബാറിലെ ആദ്യത്തെയും ഏകവുമായ ലിവർ ട്രാൻസ്പ്ലാന്റ് സെന്റർ എന്ന പ്രത്യേകതയും കിം ശ്രീചന്ദ് ഹോസ്പിറ്റലിന് സ്വന്തമാണ്.
വാർത്താ സമ്മേളനത്തിൽ കാർഡിയോവാസ്കുലാർ സയൻസസ് സീനിയർ കൺസൾട്ടന്റ് മെഡിക്കൽ ഡയറക്ടറുമായ ഡോക്ടർ രവീന്ദ്രൻ പി, പ്ലാസ്റ്റിക് സർജറി ഹെഡ് ആൻഡ് കൺസൾട്ടന്റ് യൂണിറ്റ് ഡോക്ടർ സുബിൻ ജോസഫ്, ഡോക്ടർ ടോം ജോസ് കാക്കനാട്ട്, ഡോക്ടർ പ്രിയ എം, ഡോക്ടർ അമൽ ജോർജ്, ഡോക്ടർ ഫയാസ് എകെ എന്നിവരും പങ്കെടുത്തു.
