ആലക്കോട് തുണിക്കടയിൽ തട്ടിപ്പ്; 'ഭാര്യയെ കാണിച്ചിട്ട് വരാം' എന്ന് പറഞ്ഞ് ഷർട്ടുകളുമായി വിരുതൻ മുങ്ങി
ആലക്കോട്: പരിചയം നടിച്ചെത്തി വസ്ത്രവ്യാപാരിയെ കബളിപ്പിച്ച് 1600 ഓളം രൂപ വിലമതിക്കുന്ന രണ്ട് ഷർട്ടുകൾ തട്ടിയെടുത്തു കടന്നുകളഞ്ഞു. കഴിഞ്ഞ ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ ആലക്കോട് ടൗണിൽ പ്രവർത്തിക്കുന്ന ഓർമ്മ ഫാബ്രിക്സിലാണ് സംഭവം.
'എന്നെ അറിയില്ലേ' എന്ന് ചോദിച്ചുകൊണ്ടാണ് ഇയാൾ കടയിലേക്ക് കയറിവന്നത്. തുടർന്ന് ആലക്കോട് സ്വദേശിയായ ഒരാളുടെ ബന്ധുവാണെന്ന് സ്വയം പരിചയപ്പെടുത്തി കടയുടമയുടെ വിശ്വാസം നേടിയെടുത്തു. സമ്മാനമായി നൽകാൻ കോട്ടൺ ഷർട്ട് വേണമെന്നായിരുന്നു ഇയാളുടെ ആവശ്യം. വ്യാപാരി വിവിധ മോഡലുകളിലുള്ള ഷർട്ടുകൾ എടുത്തു കാണിച്ചതിനെ തുടർന്ന് രണ്ട് ഷർട്ടുകൾ ഇയാൾ തെരഞ്ഞെടുത്തു.
തുടർന്ന്, തന്റെ ഭാര്യ സ്കൂളിന് സമീപമുള്ള കാറിലുണ്ടെന്നും അവർക്ക് ഷർട്ട് കാണിച്ചിട്ട് ഉടൻ മടങ്ങിയെത്തി പണം നൽകാമെന്നും പറഞ്ഞു. പെരുമാറ്റത്തിൽ സംശയം തോന്നാതിരുന്ന കടയുടമ ബേബി ഷർട്ടുകൾ കവറിലാക്കി നൽകി. എന്നാൽ ഷർട്ടുമായി പോയ ഇയാൾ ഏറെ നേരമായിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് ഇയാൾ പറഞ്ഞ ബന്ധുവുമായി ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ആൾമാറാട്ടം നടത്തി പറ്റിച്ചതാണെന്ന് മനസ്സിലായത്..

